സാധാരണ ജീവിതത്തെ മികച്ചതാക്കി മാറ്റാന്‍ ശീലമാക്കാം ഈ 3 കാര്യങ്ങള്‍

ബിസിനസിലും ജോലിയിലും ജീവിതത്തിലുമെല്ലാം തിരക്കു പിടിച്ച് ടെന്‍ഷന്‍ അടിച്ചുള്ള ഓട്ടമാണ് പലര്‍ക്കും. എന്നാല്‍ മടുപ്പിക്കുന്ന ദിവസങ്ങളെ ദീപ്തമാക്കാനും ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കാനും എന്ത് ചെയ്യാന്‍ കഴിയുമെന്നത് പലപ്പോഴും സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു. കാരണം ജീവിതത്തിലെ സന്തോഷം, സമാധാനം എന്നിവയുടെയൊക്കെ നിര്‍വചനങ്ങള്‍ വ്യക്തികള്‍ക്കനുസരിച്ച് വിഭിന്നമാണ്.

എന്നാല്‍ സാധാരണ ജീവിതത്തെ അസാധാരണമാക്കാനും മടുപ്പില്ലാതെ ഓരോ ദിവസവും ഏറ്റവും നല്ല രീതിയുള്ള ഉല്‍പ്പാദനക്ഷമത കൈവരിക്കാനും ലളിതമായ ചില ശീലങ്ങള്‍ കൂട്ടുപിടിക്കൂ

1. രാവിലെ 10 മിനിട്ട്

രാവിലെ എഴുന്നേറ്റാല്‍ മറ്റ് ജോലികളിലേക്കും ഇ- മെയ്ല്‍, ഫോണ്‍ കോള്‍, പാട്ടുകള്‍, പ്രാര്‍ത്ഥന, വ്യായാമം അങ്ങനെ മറ്റെന്തിലേക്കും പോകും മുമ്പ് 10 മിനിട്ട് നിങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിക്കൂ. നിങ്ങളും നിങ്ങളുടെ മനസ്സും മാത്രം. ഇന്നലെകളെ ആ അവസരത്തില്‍ കൂട്ടുപിടിക്കേണ്ട ഭാവിയെക്കുറിച്ചുള്ള ആശങ്കകളും വേണ്ട.

കയ്യില്‍ ഒരു ഗ്ലാസ് വെള്ളം മാത്രം. 10 മിനിട്ട് കൊണ്ട് ഇത് കുടിക്കുക. മെല്ലെ കുടിക്കുമ്പോള്‍ പുതിയ ഒരു ദിവസം നിങ്ങള്‍ക്ക് ലഭിച്ചതിന് നന്ദി മാത്രം മതി. മറ്റ് കാര്യങ്ങള്‍ ചിന്തിക്കേണ്ട. നിങ്ങളുടെ ബുദ്ധിക്കും മനസ്സിനും ശരീരത്തിനും ഒരു റീ സ്റ്റാര്‍ട്ട് ആണ് ഈ 10 മിനിട്ട്.

2. ഹാപ്പിനസ് ജേണല്‍

സന്തോഷം നല്‍കുന്നത് വലിയ വിജയങ്ങള്‍ മാത്രമാകരുത്. മനോഹരമായ ഒരു പൂവിനെ കാണുന്നതോ. ഇഷ്ടപ്പെട്ട ഒരു കോഫി കുടിച്ചതോ പോലും നിങ്ങള്‍ കുറിച്ച് വയ്ക്കുക. ഇത് ഓരോ ദിവസത്തെയും ഉറങ്ങും മുമ്പുള്ള ശീലമാക്കൂ.

3. ഒരു പുസ്തകത്തിലെ രണ്ട് താള്‍

എല്ലാ തിരക്കുകളും കഴിഞ്ഞ് പുസ്തകം വായിക്കാന്‍ കഴിയാതെ പോകുന്നതിന്റെ നിരാശ വേണ്ട. ഒരു ദിവസത്തില്‍ ഒരു പുസ്തകത്തിലെ രണ്ട് താള്‍ മാത്രമെങ്കിലും വായിക്കുക. വായന നിങ്ങളെ മറ്റൊരു തലത്തിലെത്തിക്കും. മനസ്സിനെ ഉത്തേജിപ്പിക്കാന്‍ വളരെ സാവധാനം നല്‍കുന്ന മരുന്നാണ് ഇത്തരത്തില്‍ മുടങ്ങാതെയെങ്കിലും സ്ഥിരമായി ചെയ്യുന്ന വായന.

Related Articles

Next Story

Videos

Share it