

ഒരിക്കല്‍ അരിസ്റ്റോട്ടിലിനോട് ഒരു അമ്മ ചോദിച്ചു: എന്റെ അഞ്ചു വയസുള്ള കുഞ്ഞിനെ എന്നു മുതല്‍ നല്ല ശീലങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം? അരിസ്റ്റോട്ടില്‍ പറഞ്ഞു: ''വേഗം, വേഗം ഓടിപ്പോകൂ വീട്ടിലേക്ക്. കുട്ടിക്ക് പരിശീലനം നല്‍കാന്‍ ഇപ്പോള്‍ തന്നെ അഞ്ചുവര്‍ഷം വൈകി.'' വളരെ ചെറുത്തില്‍ തന്നെ ഓരോ കുഞ്ഞിലും ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. നാളത്തെ ലോകം സൃഷ്ടിക്കുന്നത് അമ്മമാരാണ്. കാരണം അവരുടെ കൈയിലാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. നിങ്ങള്‍ കുഞ്ഞ് ശരിയായ വിധത്തില്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പരിതപിക്കുന്നുണ്ടോ? എന്നാല്‍ സ്വന്തം ഭക്ഷണശീലമൊന്ന് വിശകലനം ചെയ്തു നോക്കൂ.
നിങ്ങള്‍ പച്ചക്കറികളും പഴങ്ങളും ഇഷ്ടാനുസരണം കഴിക്കുന്നുണ്ടാകില്ല. അതുകൊണ്ട് കുഞ്ഞും കഴിക്കുന്നില്ല. തെറ്റായ ഭക്ഷണശൈലിയാണ് നിങ്ങളുടേതെങ്കില്‍ നിങ്ങളുടെ കുഞ്ഞും പിന്തുടരുക അതേ ശൈലി തന്നെയാകും. ഇതാണ് അമ്മയുടെ പ്രഭാവം!
അമ്മമാര്‍ക്ക് ശിശു വിദഗ്ധര്‍ നല്‍കുന്ന ചില മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്.
കുട്ടികളുടെ ഭക്ഷണശീലത്തെ കുറിച്ച് ഇന്ന് ഏവര്‍ക്കും ആശങ്കകളുണ്ട്. ഇതാ കുഞ്ഞിന്റെ മാനസിക, ബൗദ്ധിക വളര്‍ച്ചയ്ക്കുതകുന്ന, ശിശുരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചില ഭക്ഷണശീലങ്ങള്‍.
ബ്രെയ്ന്‍ പവര്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണം: കുട്ടികള്‍ അധികം ഭക്ഷണം കഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ആവലാതിപ്പെടുന്നത് കാണുന്നുണ്ട്. ഇതില്‍ കാര്യമില്ല. ഒരു ദിവസം കുട്ടി 470 - 700 മില്ലിലിറ്റര്‍ പാല്‍ കുടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രതിദിനം വേണ്ട കലോറിയും പകുതിയിലധികം പ്രോട്ടീനും ലഭിച്ചുകഴിഞ്ഞു. കുറച്ച് ചോറും പച്ചക്കറിയും കൂടിയായാല്‍ ആവശ്യത്തിനുള്ള കാര്‍ബോഹൈഡ്രേറ്റും ലഭിക്കും. തലേന്ന് രാത്രി വെള്ളത്തിലിട്ടുവെച്ച ആല്‍മണ്ട് മികച്ച മെമ്മറി ടോണിക്കാണ്. വാല്‍നട്ടും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ഉതകുന്നു.
ജങ്ക് ഫുഡ് ഒഴിവാക്കുക: പൊട്ടറ്റോ ചിപ്സ്, ബിസ്‌കറ്റുകള്‍ എന്നിവയിലെല്ലാം മാരകരോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റോക്ക് ഹോം സര്‍വകലാശാലയിലെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഇത്തരം ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
ശീതളപാനീയത്തെയും മാറ്റി നിര്‍ത്തുക: കോളകള്‍, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവയില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്നറുകള്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അക്കാരണത്താല്‍ കുട്ടികള്‍ക്ക് ശീതളപാനീയങ്ങള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കണം.
വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കുക: എന്നും എന്തിന് ഒരേ ഭക്ഷണം നല്‍കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നുവേണ്ട പ്രകൃതിദത്തമായ ഭക്ഷ്യവിഭവങ്ങള്‍ അനുദിനം മാറ്റി മാറ്റി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
2010 ജൂണില്‍ ധനം മാഗസിനായി തയ്യാറാക്കിയ ലേഖനത്തില്‍ നിന്ന്.
Read DhanamOnline in English
Subscribe to Dhanam Magazine