ബിരിയാണി സ്വാദിഷ്ടമാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബിരിയാണി. തലശ്ശേരി ദം ബിരിയാണിയടക്കമുള്ള വിവിധ ബിരിയാണികള്‍ ഇന്ന് സുലഭമാണ്. പാചകത്തിനിടെയുണ്ടാകുന്ന ചെറിയൊരു അശ്രദ്ധ പോലും ബിരിയാണിയുടെ സ്വാദില്‍ പ്രതിഫലിച്ചേക്കാം. ഉദാഹരണത്തിന്, മസാലകളുടെ അളവ് കുറയുകയോ കൂടുകയോ ചെയ്താല്‍ ബിരിയാണിയുടെ രുചിയെ തന്നെ മാറ്റിയേക്കും. അതിനാല്‍ തന്നെ ബിരിയാണി പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സുഗന്ധവ്യഞ്ജനങ്ങള്‍ ഗുണമേന്മയോടെ

ഒരുപാട് സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്ന വിഭവമാണ് ബിരിയാണി. അതുകൊണ്ട് തന്നെ മുഴുവന്‍ സുഗന്ധവ്യഞ്ജനങ്ങളും മസാലകളും ഗുണനിലവാരമുള്ളവയായിരിക്കണം. മസാലകള്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കുന്നതായിരിക്കും നല്ലത്. ചെറിയ അളവിലാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും ബിരിയാണിയുടെ രുചിയെ ഇത് കാര്യമായി സ്വാധീനിക്കും. അതിനാല്‍ ശരിയായ അളവില്‍ തന്നെ ഇവ ഉപയോഗിക്കേണ്ടതുമാണ്.

നല്ലത് ചെമ്പ് പാത്രങ്ങള്‍

ബിരിയാണി പാചകം ചെയ്യുന്നതിന് ഏറ്റവും നല്ല പാത്രങ്ങള്‍ ചെമ്പോ പിച്ചളയോ ആണ്. ഇവയുടെ അടിഭാഗം കനത്തതായിരിക്കും. മറ്റേതെങ്കിലും ലോഹസാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ അടിഭാഗത്ത് കത്തുന്നത് ഒഴിവാക്കാന്‍ പാത്രത്തിന്റെ കനം നല്ലതാണെന്ന് ഉറപ്പാക്കേണ്ടതാണ്. മറ്റൊരു കാര്യം, പാത്രം ആവശ്യത്തിന് വലുതായിരിക്കണം. എല്ലാ ചേരുവകളും ചേര്‍ത്തുകഴിഞ്ഞാല്‍ കുറഞ്ഞത് 30 ശതമാനം ഇടം അവശേഷിക്കണം.

കൂട്ടുകള്‍ മറക്കല്ലേ
നിങ്ങള്‍ ബിരിയാണി പാചകം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാധനങ്ങളും മസാലകളും തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. അവ ഏത് സമയത്ത് ചേര്‍ക്കണമെന്നതിനെ കുറിച്ചും എത്ര ചേര്‍ക്കണമെന്നതിനെ കുറിച്ചും അറിഞ്ഞിരിക്കണം. എല്ലാ സാധനങ്ങളും തയ്യാറാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം പാചകം ആരംഭിക്കേണ്ടത്.

Related Articles
Next Story
Videos
Share it