ലക്ഷദ്വീപിലേക്ക് കപ്പലില്‍ പോകാം വെറും 650 രൂപയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം
Image: Canva
Image: Canva
Published on

വിനോദസഞ്ചാരികളുടെ പ്രിയഇടമായി മാറിയിരിക്കുകയാണ് ലക്ഷദ്വീപ്. ടൂറിസത്തിനായി കൂടുതല്‍ പദ്ധതികളും യാത്രസൗകര്യങ്ങളും പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ വരവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഇന്‍ഡിഗോ കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് വിമാനസര്‍വീസും ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ലക്ഷദ്വീപിലേക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍യാത്ര നടത്താനുള്ള അവസരവും വന്നുചേര്‍ന്നിരിക്കുന്നു. മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ പാസഞ്ചര്‍ കപ്പല്‍ സര്‍വീസാണ് യാത്രക്കാര്‍ക്ക് പുതിയ പ്രതീക്ഷയാകുന്നത്. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് കപ്പലിന്റെ സര്‍വീസ്.

യാത്രസമയം കുറയും

കടലിന്റെ ഭംഗിയും സാഹസികതയും ആസ്വദിച്ചുള്ള യാത്രയാണ് ഈ റൂട്ടിനെ വ്യത്യസ്തമാക്കുന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന കപ്പല്‍ 13 മണിക്കൂര്‍ എടുത്തായിരുന്നു ദ്വീപില്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ കപ്പലില്‍ യാത്രസമയം കുറഞ്ഞിട്ടുണ്ട്. ടിക്കറ്റ് നിരക്ക് 650 രൂപ മാത്രമാണ്. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വു പകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയ കപ്പലില്‍ 160 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തുന്നതിലും വേഗത്തില്‍ ഈ കപ്പലില്‍ മംഗളൂരുവില്‍ എത്താം. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം.

ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍ അടക്കം 11 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടാകും. ലക്ഷദ്വീപുകാര്‍ അല്ലാത്തവര്‍ക്ക് ടിക്കറ്റെടുക്കാന്‍ മറ്റ് അനുമതികള്‍ കൂടി നിലവില്‍ ലഭിക്കേണ്ടതുണ്ട്. ഈ കടമ്പ കൂടി കടന്നാല്‍ ചുരുങ്ങിയ ചെലവില്‍ ലക്ഷദ്വീപിലേക്ക് പോയിവരാന്‍ പറ്റുന്ന റൂട്ടായി ഇത് മാറും.

കപ്പല്‍യാത്രയ്ക്ക് കടമ്പകളേറെ

ലക്ഷദ്വീപിലേക്ക് കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില കടമ്പകള്‍ കൂടി കടക്കണം. ആദ്യം വേണ്ടത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. ഇതുണ്ടെങ്കില്‍ മാത്രമേ ലക്ഷദ്വീപിലേക്ക് കപ്പലിലും പോകാന്‍ സാധിക്കൂ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സന്ദര്‍ശക പെര്‍മിറ്റ് കൂടി ഉണ്ടെങ്കിലേ കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. കപ്പല്‍യാത്രയ്ക്ക് വലിയ തിരക്കായതിനാല്‍ രണ്ടുമാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും.

കൂടുതല്‍ വിമാനസര്‍വീസുകളും

മാലദ്വീപിന് ബദലായി ഇന്ത്യ ഉയര്‍ത്തി കൊണ്ടുവരുന്ന ടൂറിസം ഹബ്ബാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നിരവധി കോര്‍പറേറ്റ് കമ്പനികള്‍ ലക്ഷദ്വീപില്‍ വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ മാസം ആദ്യം ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സര്‍വീസും ആരംഭിച്ചിരുന്നു. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ഒരു വിമാനക്കമ്പനി ലക്ഷദ്വീപിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കൊച്ചി വഴിയാണ് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള ഈ സര്‍വീസ്. 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. നിലവില്‍ ബെംഗളൂരു-അഗത്തി റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്. സമയക്രമം ഇങ്ങനെ: കരിപ്പൂരില്‍നിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയില്‍. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയില്‍. അതേദിവസം അഗത്തിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സര്‍വീസ് സമയം: ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയില്‍. 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com