ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി ഒറ്റ വീസ; ഷെന്‍ഗെന്‍ മാതൃകയിലെ സൗകര്യം ഈ വര്‍ഷം മുതല്‍

വീസയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
Gulf man waiving flag
Image : Canva
Published on

ഒരൊറ്റ വീസ ഉപയോഗിച്ച് യു.എ.ഇയും സൗദി അറേബ്യയുമടക്കം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമാകും. പ്രവാസി മലയാളികളുടെ 'രണ്ടാംവീടെന്ന്' വിശേഷിപ്പിക്കപ്പെടുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ (GCC) ഈ നീക്കം, വലിയ നേട്ടമാകും ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്ക് പൊതുവേയും സമ്മാനിക്കുക.

ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ യു.എ.ഇ ധനകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗക്ക് അല്‍-മാറി, ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം അതോറിറ്റിയുടെ (SCTDA) ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍-മിദ്വ എന്നിവരാണ് ഈ വര്‍ഷം അവസാനത്തോടെ ഷെന്‍ഗെന്‍ മാതൃകയിലെ ഏകീകൃത വീസ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.

6 രാഷ്ട്രങ്ങള്‍, 30ലേറെ ദിവസം

ഏകീകൃത ജി.സി.സി വീസ ഉപയോഗിച്ച് സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. 30ലേറെ ദിവസം ഈ രാജ്യങ്ങളില്‍ തങ്ങാനും വീസ ഉപയോഗിക്കാം.

കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ജി.സി.സി രാഷ്ട്രങ്ങള്‍ ഏകീകൃത വീസയെക്കുറിച്ച് കൂടിയാലോചന നടത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആറ് രാജ്യങ്ങളുടെയും ടൂറിസം മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇതിന് പ്രാഥമിക അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

എന്തുകൊണ്ട് ഒറ്റ വീസ?

ക്രൂഡോയില്‍ അടക്കമുള്ള പരമ്പരാഗത വരുമാന സ്രോതസ്സുകളില്‍ നിന്നുമാറി ടൂറിസം ഉള്‍പ്പെടെ പുതിയ മേഖലകളിലേക്ക് കൂടി ജി.സി.സി രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയടക്കം ഇപ്പോള്‍ വിനോദ സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.

നേരത്തേ യു.എ.ഇ., സൗദി അറേബ്യ എന്നിവയുമായി ചേര്‍ന്ന് സംയുക്ത ടൂറിസം പദ്ധതി അവതരിപ്പിച്ച ബഹ്‌റൈനിലേക്ക് വന്‍തോതില്‍ സഞ്ചാരികള്‍ ഒഴുകിയെത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ്, ഏകീകൃത വീസ അവതരിപ്പിക്കാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഥവാ ജി.സി.സി രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത്.

ഏകീകൃത വീസ സംവിധാനം മേഖലയിലെ ടൂറിസത്തിന് വന്‍ കുതിപ്പാകുമെന്നും ആറ് രാജ്യങ്ങളുടെയും ജി.ഡി.പിയില്‍ അടുത്ത 8-10 വര്‍ഷത്തിനുള്ളില്‍ ഇത് വലിയ കുതിച്ചുചാട്ടത്തിന് സഹായിക്കുമെന്നും ഖാലിദ് ജാസിം അല്‍-മിദ്വ പറഞ്ഞു.

ടൂറിസമാണ് മുഖ്യ ലക്ഷ്യം

2022ലെ കണക്കുപ്രകാരം ജി.സി.സിയില്‍ ആകെ 10,649 ഹോട്ടലുകളും 6.74 ലക്ഷം ഹോട്ടല്‍ മുറികളുമുണ്ട്. സൗദിയും യു.എ.ഇയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍.

2030ഓടെ 12.87 കോടി വിനോദസഞ്ചാരികളെ ജി.സി.സിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഷെന്‍ഗെന്‍ മാതൃകയിലെ ഏകീകൃത വീസ. 2030നകം ജി.സി.സിയിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 7 ശതമാനം വീതം വര്‍ധനയും ലക്ഷ്യമിടുന്നു.

2030ഓടെ ജി.സി.സിയിലെത്തുന്ന സഞ്ചാരികള്‍ ചെലവിടുന്ന തുക 8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 18,800 കോടി ഡോളറാകുമെന്ന് കരുതുന്നു. അതായത് ഏകദേശം 15.7 ലക്ഷം കോടി രൂപ.

ആകര്‍ഷക പാക്കേജുകള്‍ വരും

ഏകീകൃത വീസ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക ടൂറിസം പാക്കേജുകളും ജി.സി.സി രാഷ്ട്രങ്ങള്‍ അവതരിപ്പിച്ചേക്കും. നിലവില്‍, സഞ്ചാരികള്‍ക്ക് മൂന്ന് രാത്രികള്‍ ബഹ്‌റൈനില്‍ തങ്ങാനും തുടര്‍ന്ന് ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള പാക്കേജ് അവതരിപ്പിക്കാന്‍ ധാരണയുണ്ടെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 'ടു കണ്‍ട്രീസ്, വണ്‍ ഡെസ്റ്റിനേഷന്‍' പാക്കേജാണിത്. ഇത് വൈകാതെ ജി.സി.സിയിലേക്ക് മുഴുവനായും വ്യാപിപ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com