
കടല്‍ കടന്നാലും ഭാഗ്യ പരീക്ഷണത്തോടുള്ള മലയാളിയുടെ സ്‌നേഹം കുറയുന്നില്ല. പ്രതിദിനം ഒരു കോടിയിലേറെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടക്കുന്ന കേരളത്തില്‍ നിന്ന് ജോലി തേടി ഗള്‍ഫിലെത്തിയ മലയാളികളില്‍ ഏറെ പേരും ഇന്ന് ബിഗ് ടിക്കറ്റുകളില്‍ ഭാഗ്യം തേടുന്നവരാണ്. 500 ദിര്‍ഹം (12,000 രൂപ) മുടക്കിയാല്‍ 75 കോടി രൂപ വരെ സമ്മാനമായി ലഭിക്കുന്ന യുഎഇയിലെ ഓണ്‍ലൈന്‍ ബിഗ് ടിക്കറ്റിനോട് മലയാളിക്കും അടങ്ങാത്ത ആവേശമാണ്. ഭാഗ്യത്തിനെങ്ങാനും ബിഗ് ടിക്കറ്റ് അടിച്ചാല്‍ പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോരാമെന്ന കണക്കു കൂട്ടലിലാണ് അവര്‍.
1992 ല്‍ അബുദബിയില്‍ ആരംഭിച്ച ബിഗ് ടിക്കറ്റ് ലോട്ടറി മലയാളികള്‍ ഉള്‍പ്പടെയുള്ളളവര്‍ക്കിടയില്‍ പ്രചാരം നേടിയത് പെട്ടെന്നാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ആയതോടെ ലോകത്തിലെവിടെ നിന്നും ഇത് വാങ്ങാമെന്നുമായി. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നവര്‍ ഏറെ. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് മുന്‍നിരയില്‍.
പ്രവാസികള്‍ക്കിടയില്‍ ഒറ്റക്കും സംഘം ചേര്‍ന്നും ബിഗ് ടിക്കറ്റെടുക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. പത്തു പേര്‍ വരെ ചേര്‍ന്ന് 500 ദിര്‍ഹത്തിന്റെ ടിക്കറ്റെടുക്കുന്നത് പ്രവാസികള്‍ക്കിടയിലെ ശീലമായി മാറി. ടിക്കറ്റ് വില്‍പ്പന കൂട്ടാന്‍ രണ്ടെണ്ണത്തിന് ഒരെണ്ണം ഫ്രീ ഉള്‍പ്പടെയുള്ള ഓഫറുകളുമുണ്ട്. കാഷ് പ്രൈസുകള്‍ക്ക് പുറമെ ബിഎംഡബ്ല്യു, റേഞ്ച് റോവേഴ്‌സ്, ജാഗ്വര്‍ തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സമ്മാനമായി നല്‍കുന്നു. കേരളത്തിലുള്ളവരും യുഎഇയിലുള്ള സുഹൃത്തുക്കള്‍ മുഖേന ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തി വരുന്നുണ്ട്.
അബുദബി ബിഗ് ടിക്കറ്റിന്റെ ഏറ്റവുമൊടുവിലത്തെ നറുക്കെടുപ്പില്‍ 57 കോടി രൂപ സമ്മാനമായി ലഭിച്ചത് സൗദിയിലെ പ്രവാസി മലയാളി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീന്‍ അലിയാര്‍കുഞ്ഞ് സുഹൃത്തുക്കളായ 16 പേരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. എല്ലാ മാസവും 70 റിയാല്‍ വീതം ബിഗ് ടിക്കറ്റിനായി മാറ്റിവെക്കുന്നവരാണ് ഈ സംഘം. ഒന്നില്‍ കൂടുതല്‍ ടിക്കറ്റുകള്‍ എടുക്കുന്നതാണ് പതിവ്. ഭാഗ്യം പരീക്ഷിക്കുന്ന മലയാളികളില്‍ അപൂര്‍വ്വം ചിലരെ തേടി ഇടക്കെല്ലാം കോടികളുടെ സമ്മാനങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ടിക്കറ്റിന്റെ പണം പോലും നഷ്ടമാകുന്നവരാണ് ഭൂരിഭാഗവും.
Read DhanamOnline in English
Subscribe to Dhanam Magazine