

കോളെജില്‍ പഠിക്കുന്ന കാലത്താണ് എനിക്ക് ആത്മീയതയിലും ധ്യാന (Meditation)ത്തിലും താല്‍പ്പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ അത് പുറത്ത് പ്രകടിപ്പിക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. മറ്റുള്ളവരുടെ മുന്നില്‍ പരസ്യമായി എനിക്ക് ആത്മീയതയില്‍ താല്‍പ്പര്യമുണ്ടെന്ന് പറയാന്‍ മടിയായിരുന്നു. ലജ്ജയോടൊപ്പം മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് കരുതും എന്ന തോന്നലും എനിക്കുണ്ടായി.
ഒരിക്കല്‍ ഒരു സുഹൃത്ത് എന്നെ വിളിച്ച് എന്താണ് പരിപാടി എന്ന് ചോദിച്ചപ്പോള്‍ സത്യം പറയാന്‍ എനിക്ക് മടിയായിരുന്നു. പ്രശസ്തനായ ഒരു ആത്മീയാചാര്യന്റെ (ശ്രീ ശ്രീ രവിശങ്കര്‍) പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു ഞാന്‍. ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ എന്തോ മോശം കാര്യം ചെയ്തതു പോലെയായിരുന്നു എന്റെ തോന്നല്‍.
കോളെജില്‍ പഠിക്കുന്ന കാലത്ത് ധ്യാനത്തിലും ആത്മീയതയിലുമുള്ള എന്റെ താല്‍പ്പര്യം കണ്ട് ചില സുഹൃത്തുക്കള്‍ എന്നെ കളിയാക്കുമായിരുന്നു (തമാശയ്ക്ക് ആണെങ്കിലും). പക്ഷേ അത് എന്നെ അലട്ടുകയും അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. ഇന്ന്, ജീവിതത്തിലെ ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് ഇല്ലാതിരുന്ന കാഴ്ചപ്പാടോടെയും വ്യക്തതയോടെയും എനിക്ക് അതിനെ കാണാനാകുന്നുണ്ട്.
ഞാന്‍ എന്താണോ, അതായിത്തന്നെ മറ്റുള്ളവര്‍ എന്നെ അംഗീകരിച്ചിരിക്കണമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എല്ലാത്തിനേക്കാളും ഉപരി സ്വയം അംഗീകരിക്കുകയെന്നതാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സ്വയം അംഗീകരിക്കുന്നതിന് മുമ്പ് മറ്റുള്ളവര്‍ എന്നെ അംഗീകരിക്കണം എന്ന തെറ്റായ ചിന്തയായിരുന്നു എനിക്ക്.
എനിക്ക് എന്നെത്തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നിയതിന് പ്രധാന കാരണം, ഞാന്‍ എന്റെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പലവിധത്തിലും വ്യത്യസ്തനായിരിക്കുന്നു (പ്രത്യേകിച്ചും ആത്മീയതയിലുള്ള എന്റെ താല്‍പ്പര്യത്തിന്റെ കാര്യത്തില്‍) എന്ന സ്വയം വിലയിരുത്തലാണ്. എനിക്ക് അക്കാലത്ത് വ്യക്തിപരമായി അറിയുന്ന ആരും തന്നെ ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരുന്നില്ല.
രസകരമെന്നു പറയട്ടെ, എന്റെ ആത്മീയവശം സ്വയം അംഗീകരിക്കാന്‍ ഞാന്‍ തയാറായതോടെ എനിക്ക് ചുറ്റുമുള്ളവരും അത് സ്വീകരിക്കാന്‍ തുടങ്ങി. അത് യാദൃശ്ചികമല്ലെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആത്മീയതയെയും വ്യക്തിവളര്‍ച്ചയെയും കുറിച്ച് ലേഖനമെഴുതുന്നതില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യം, ആളുകള്‍ നിങ്ങള്‍ കരുതുന്നതു പോലെ കഠിനമായി നിങ്ങളെ വിലയിരുത്തുന്നില്ല എന്നതാണ്.
ഇതോടെ സ്വയം വിലയിരുത്തല്‍ ഉപേക്ഷിച്ച് എന്നെത്തന്നെ അംഗീകരിക്കാന്‍ പഠിച്ചുവെന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വെജിറ്റേറിയനായി മാറിയപ്പോള്‍ വീണ്ടും ഞാന്‍ പഴയപടി തന്നെയായി. മാംസം കഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ വീണ്ടും സ്വയം വിലയിരുത്തലിന് വിധേയനായി. ഞാന്‍ വെജിറ്റേറിയനാണെന്ന് മറ്റുള്ളവരോട് പറയുന്ന അവസരങ്ങളിലെല്ലാം ഒരു ക്ഷമാപണം പോലെയാണ് അത് അവതരിപ്പിച്ചിരുന്നത്. എന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് അവരോട് വിശദീകരിക്കേണ്ടതുണ്ടെന്ന തോന്നലോടെയായിരുന്നു അത്. സ്വയം അംഗീകരിക്കല്‍ എന്നത് നമ്മള്‍ നിരന്തരം പരിശീലിക്കേണ്ട ഒന്നാണെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് നമ്മള്‍ മറ്റൊരാളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ആദ്യമൊന്നും നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അതത്ര പരിചിതമോ സുഖകരമോ ആയിരിക്കില്ല.
നമ്മുടെ മനസ് ഓട്ടോപൈലറ്റ് മോഡിലാണെങ്കില്‍ സ്വയം വിലയിരുത്തല്‍ കെണിയില്‍ വീഴാന്‍ എളുപ്പമാണ്. സ്വയം വിലയിരുത്തല്‍ ഒഴിവാക്കാനായി സ്വയം ഓര്‍മപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. നാം മറ്റുള്ളവരെ പോലെ ആകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മറ്റാരെയും വേദനിപ്പിക്കാത്തിടത്തോളം കാലം, എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് ക്ഷമാപണം നടത്തേണ്ട കാര്യമില്ല.
എല്ലാറ്റിനുമുപരി നിങ്ങള്‍ സ്വയം വിലയിരുത്തുന്നതിനേക്കാള്‍ കൂടുതലായി മറ്റാരും നിങ്ങളെ കഠിനമായി വിലയിരുത്തുന്നില്ല എന്ന കാര്യം ഓര്‍ക്കുക.
(മറ്റുള്ളവര്‍ പൊതുവേ സ്വയം വിലയിരുത്തലിന്റെ തിരക്കിലാണ്).
* ധനം മാഗസിന്‍ 2025 ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine