ബെംഗളൂരു ആണ് എനിക്കിഷ്ടം: സിറോധ മേധാവി

ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിനോടാണ് ഇഷ്ടം കൂടുതലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സിറോധയുടെ സഹസ്ഥാപകനായ നിഖില്‍ കാമത്ത്.

സമ്പത്തിന്റെ പ്രദര്‍ശനമില്ല

ബെംഗളൂരു നഗരത്തില്‍ സമ്പത്തിന്റെ പ്രദര്‍ശനങ്ങളൊന്നുമില്ല. ഈ നഗരത്തിലെ പാതകളിലൂടെ സാധാരണ ചെരുപ്പിട്ട് നടക്കുന്ന സമ്പന്നന്‍മാരെ കാണാന്‍ കഴിയുമെന്ന് മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ കാമത്ത് പറഞ്ഞു. മുംബൈയില്‍ ഒരിക്കലും ഇത്തരമൊരു കാഴ്ച കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയുമുണ്ട് നിഖില്‍ കാമത്തിന് ബെംഗളൂരു നഗരത്തിനോട് ഇഷ്ടം കൂടാന്‍ ഒരുപാട് കാരണങ്ങള്‍. ബെംഗളൂരുവിലെ ആളുകള്‍ക്ക് മത്സരബുദ്ധി കുറവാണെന്ന് അദ്ദേഹം പറയുന്നു. ഇത് മോശം പ്രവണതയാണെന്ന് പറയുന്നവര്‍ ഉണ്ട്. എന്നാല്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ മികച്ച കാര്യമെന്ന് അദ്ദേഹം പറയുന്നു. ബെംഗളൂരു നഗരരത്തിലുള്ളവരുടെ വളര്‍ച്ച മറ്റുള്ളവരെ പിന്‍ബലത്തിലല്ലെന്നതും ഒരു കാരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ശരിയായ സമയത്ത്

സഹോദരന്‍ നിതിന്‍ കാമത്തിനൊപ്പം 2009ലാണ് നിഖില്‍ കാമത്ത് ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സിറോധ ആരംഭിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 2094 കോടി രൂപ ലാഭം നേടിയ ബിസിനസാണ് ഇന്ന് സിറോധ. ജനങ്ങള്‍ക്ക് ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവുള്ള സമയത്തായിരുന്നു സിറോധയുടെ വരവെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ഇപ്പോഴാണ് തങ്ങള്‍ ഈ കമ്പനി ആരംഭിച്ചിരുന്നെങ്കില്‍ ദയനീയമായി പരാജയപ്പെടുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടവരാണ് നിഖില്‍ നിതിന്‍ കാമത്തും. അവരുടെ സംഭാവനകള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ 308 ശതമാനം വര്‍ധിച്ച് 100 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പോലും അടുത്തിടെ അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

Related Articles
Next Story
Videos
Share it