അലാറം നേരത്തെ വച്ചതുകൊണ്ട് മാത്രം ജീവിതം മാറില്ല; ശരീരത്തിന്റെ താളം മനസിലാക്കി തുടങ്ങാം

രാത്രി വൈകി ഉറങ്ങി അതിരാവിലെ ഉണരുന്നത് ആരോഗ്യത്തെയും കാര്യക്ഷമതയെയും ബാധിക്കുമെന്ന് വിദഗ്ധർ; വിജയകരമായ ദിനചര്യയ്ക്ക് വേണ്ടത് 7 മുതൽ 9 മണിക്കൂർ വരെ സുഖനിദ്ര
അലാറം നേരത്തെ വച്ചതുകൊണ്ട് മാത്രം ജീവിതം മാറില്ല; ശരീരത്തിന്റെ താളം മനസിലാക്കി തുടങ്ങാം
Published on: 

തിരക്കുകൾ തുടങ്ങുന്നതിന് മുൻപുള്ള, പ്രഭാതത്തിലെ ശാന്തത പലർക്കും വലിയൊരു ആശ്വാസമാണ്. വ്യായാമത്തിനും ധ്യാനത്തിനും ദിവസത്തെ കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനും ഈ സമയം ഏറെ സഹായിക്കും. എന്നാൽ, അതിരാവിലെ എഴുന്നേൽക്കുന്നത് കൊണ്ട് മാത്രം ഒരാൾ കൂടുതൽ കാര്യക്ഷമനോ ആരോഗ്യവാനോ ആകണമെന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ക്ലോക്കിലെ സമയത്തേക്കാൾ പ്രധാനം ഉറക്കത്തിന്റെ ഗുണനിലവാരവും സ്ഥിരതയുമാണ്.

ഉറക്കക്കുറവ് കാര്യക്ഷമതയെ ബാധിക്കും

മുതിർന്നവർക്ക് രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്. രാത്രി എട്ടോ ഒമ്പതോ മണിക്ക് ഉറങ്ങുന്ന ഒരാൾക്ക് പുലർച്ചെ നാല് മണിക്ക് ഉണർന്നാലും ആവശ്യമായ വിശ്രമം ലഭിക്കും. എന്നാൽ അർദ്ധരാത്രി വരെ ഉറങ്ങാതെ കിടന്ന് അതിരാവിലെ എഴുന്നേൽക്കുന്നത് കടുത്ത ഉറക്കക്കുറവിലേക്കാണ് നയിക്കുക. ഇത് പകൽ സമയത്തെ ഏകാഗ്രതയെയും മാനസികാവസ്ഥയെയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയകളെയും ദോഷകരമായി ബാധിക്കും.

ശരീരത്തിന്റെ താളം തിരിച്ചറിയുക

ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്ന ശരീരത്തിന്റെ ജൈവഘടികാരം (Circadian Rhythm) ഓരോരുത്തരിലും വ്യത്യസ്തമാണ്. സ്വന്തം ശരീരത്തിന്റെ സ്വാഭാവിക താളത്തിനും ദൈനംദിന ഉത്തരവാദിത്തങ്ങൾക്കും വിരുദ്ധമായി അമിതമായി നേരത്തെ ഉണരാൻ നിർബന്ധിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. ദിനചര്യകളിൽ മാറ്റം വരുത്തുമ്പോൾ ഒറ്റയടിക്ക് കടുപ്പിക്കാതെ, പതിയെ ശീലമാക്കുന്നതാണ് ഉചിതം.

അർത്ഥവത്തായ പ്രഭാതം പ്രധാനം

എത്ര മണിക്ക് ഉണരുന്നു എന്നതിനേക്കാൾ, ഉണർന്നതിന് ശേഷമുള്ള സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം:

  • പ്രകൃതിദത്ത വെളിച്ചം: രാവിലെ ഉണർന്നാലുടൻ സൂര്യപ്രകാശം ഏൽക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കും.

  • മാനസികോല്ലാസം: കുറച്ചു നേരത്തെ ശ്വസന വ്യായാമങ്ങളോ ധ്യാനമോ ദിവസത്തെ സമ്മർദ്ദം കുറയ്ക്കാൻ ഉപകരിക്കും.

  • ഭക്ഷണവും വിശ്രമവും: കൃത്യസമയത്തുള്ള സമീകൃതാഹാരവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തും. ശരീരത്തിന് വീണ്ടെടുക്കലിനുള്ള സമയം നൽകുന്ന രീതിയിലായിരിക്കണം വ്യായാമം ക്രമീകരിക്കേണ്ടത്.

മറ്റുള്ളവരുടെ തിരക്കുകളും ശീലങ്ങളും അതേപടി പകർത്തുന്നതിന് പകരം, സ്വന്തം ജോലിയും ജീവിതസാഹചര്യങ്ങളും മനസിലാക്കി തുടരാൻ കഴിയുന്ന ഒരു ദിനചര്യ രൂപപ്പെടുത്തുന്നതാണ് യഥാർത്ഥ വിജയത്തിന്റെ അടിസ്ഥാനം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```