കുടുംബ ബിസിനസുകള്‍ക്ക് ഈസ്‌റ്റേണില്‍ നിന്ന് പഠിക്കാന്‍ 10 കാര്യങ്ങള്‍

കുടുംബ ബിസിനസുകള്‍ക്ക് ഈസ്‌റ്റേണില്‍ നിന്ന് പഠിക്കാന്‍ 10 കാര്യങ്ങള്‍
Published on

രാജ്യാന്തരതലത്തില്‍ നിന്നുള്ള പ്രമുഖ ബ്രാന്‍ഡുമായി ഈ പ്രതിസന്ധികാലത്തും മികവുറ്റ ഇടപാട് നടത്തിയ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് കേരളത്തിലെ കുടുംബ ബിസിനസുകള്‍ക്ക് പകര്‍ന്നേകുന്ന പത്ത് കാര്യങ്ങളെന്തൊക്കെയെന്ന് വിശദീകരിക്കുന്നു സിഇഒ കോച്ചും ഫാമിലി ബിസിനസ് അഡൈ്വസറുമായ എം എസ് എ കുമാര്‍

കേരളത്തിലെ ഒരു വിദൂരഗ്രാമമായ അടിമാലിയില്‍ തുടക്കമിട്ട് ഇപ്പോള്‍ നോര്‍വീജിയന്‍ ഫുഡ് കമ്പനിയായ ഓര്‍ക്ക്‌ലയുമായി ഓഹരി വില്‍പ്പന കരാറില്‍ എത്തിനില്‍ക്കുന്ന ഈസ്റ്റേണ്‍ മഹത്തായൊരു കുടുംബ ബിസിനസ് വിജയകഥയാണ് പങ്കുവെയ്ക്കുന്നത്. അടിമാലിയിലെ ഒരു ചെറിയ റീറ്റെയ്ല്‍ സ്റ്റോറില്‍ നിന്നാണ് ഈ തലത്തിലേക്ക് ഈസ്റ്റേണ്‍ വളര്‍ന്നിരിക്കുന്നത്!

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മീരാന്‍ കുടുംബത്തെ എനിക്ക് അടുത്തറിയാം. ഒരു കുടുംബ ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈസ്‌റ്റേണില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

2000 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇപ്പോഴത്തെ ഓഹരി വില്‍പ്പന നടന്നിരിക്കുന്നത്. ഒരു റീറ്റെയ്ല്‍ ബ്രാന്‍ഡിന് വേണ്ട വളര്‍ച്ചാ സാധ്യതകള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈസ്റ്റേണിന്റെ വിറ്റുവരവ് ഉള്‍പ്പടെയുള്ള കണക്കുകള്‍.

അടിമാലിയില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പിന് തുടക്കമിട്ടത് എം ഇ മീരാനാണ്. അദ്ദേഹത്തിന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനും കുടുംബ ബിസിനസിനെ രൂപാന്തരീകരണം സാധ്യമാക്കിയത് കൃത്യമായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ്.

അവര്‍ ചെയ്ത കാര്യങ്ങളെന്തൊക്കെയാണ്? അവരുടെ ശൈലിയെന്താണ്? നോക്കാം.

1. മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് സ്വന്തം കമ്പനിയെ ഏത് തലത്തില്‍ എത്തിക്കണമെന്നതിനെ കുറിച്ച് സുവ്യക്തമായ വിഷനും സ്വപ്‌നങ്ങളും മീരാന്‍ സഹോദരന്മാര്‍ക്കുണ്ട്. ബിസിനസിന്റെ സുസ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കാന്‍ അത് സഹായിച്ചു.

2. എനിക്ക് തോന്നുന്നത്, കേരളത്തില്‍ തന്നെ ആദ്യമായി പ്രൈവറ്റ് ഇക്വിറ്റി ആകര്‍ഷിച്ച കമ്പനിയാണ് ഈസ്റ്റേണ്‍. പ്രൈവറ്റി ഇക്വിറ്റിയൊക്കെ വരുമ്പോള്‍ ബിസിനസില്‍ ഒട്ടനവധി നല്ല മാറ്റങ്ങള്‍ സംഭവിക്കും. കമ്പനിയിലെ സിസ്റ്റവും പ്രോസസും മികച്ച നിലവാരത്തിലാകും. കോര്‍പ്പറേറ്റ് ഗവേണന്‍സ് ശക്തിപ്പെടും. കമ്പനിയുടെ ഘടന കരുത്തുറ്റതാകും. ഇത്തരമൊരു നിര്‍ണായക ചുവടുവെപ്പിലൂടെ ഈസ്റ്റേണിലുണ്ടായ നല്ല കാര്യങ്ങളും അതൊക്കെയാണ്.

3. കമ്പനിയുടെ നടത്തിപ്പ് അങ്ങേയറ്റം പ്രൊഫഷണല്‍ രീതിയിലാക്കി. രാജ്യാന്തരതലത്തിലെ പ്രമുഖ എഫ് എം സി ജി കമ്പനികളില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാനും അവരുടെ പ്രതിഭ ഉപയോഗപ്പെടുത്താനും ഈസ്റ്റേണിന് സാധിച്ചു.

4. സുഗന്ധവ്യഞ്ജന - സംസ്‌കരണ രംഗത്തെ ആഗോള വമ്പനായ അമേരിക്കന്‍ കമ്പനി മക്് കോര്‍മിക്കിനെ തന്ത്രപരമായ നിക്ഷേപ പങ്കാളിയാക്കാന്‍ സാധിച്ചു. ഈ നീക്കം കോര്‍പ്പറേറ്റ് ഗവേണന്‍സ്, പെര്‍ഫോര്‍മെന്‍സ് മാനേജ്‌മെന്റ്, എച്ച് ആര്‍, ഫിനാന്‍സ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിച്ചു.

5. മാനേജ്‌മെന്റ് പിന്തുടര്‍ച്ചാക്രമത്തിലും ഫാമിലി വെല്‍ത്ത് പിന്തുടര്‍ച്ചാക്രമത്തിലും കൃത്യമായ ചട്ടക്കൂട് കൊണ്ടുവന്നു.

6. കുടുംബത്തിനുള്ളില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് അവിടെ തന്നെ പരിഹരിച്ചു. സാധാരണ കാണാറുള്ള ഈഗോയ്ക്കു മുകളിലായി ബിസിനസിനെ എങ്ങനെ നയിക്കണമെന്ന ബോധ്യം എന്നും നിലനിന്നു. അത് ബിസിനസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കി.

7. കുടുംബ ബിസിനസുകളില്‍ അതിന്റെ സാരഥ്യത്തില്‍ ഒരു കുടുംബാംഗം കാണും. അദ്ദേഹമാകാം ഒരുപക്ഷേ ആ ബിസിനസിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അച്ചുതണ്ട്. എന്നാല്‍ ഈസ്റ്റേണില്‍ ഈ കുടുംബ വാഴ്ചയേക്കാള്‍ ഉപരി മെരിറ്റോക്രസിക്ക് പ്രാമുഖ്യം നല്‍കി. ബിസിനസിന്റെ രൂപാന്തരീകണത്തില്‍ നിര്‍ണായക സംഭാവന ചെയ്യാനും പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനും പ്രവര്‍ത്തിക്കാനും പറ്റിയ അന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെട്ടു.

8. എം. ഇ മീരാന്‍ മക്കളെ ബിസിനസിലേക്ക് നൂലില്‍ കെട്ടിയിറക്കുകയായിരുന്നില്ല. പുതുതലമുറയ്ക്ക് ചെറുപ്പത്തില്‍ തന്നെ ബിസിനസില്‍ മുഴുകാന്‍ അവസരം കൊടുത്തു. നവാസ്, തന്റെ സ്‌കൂള്‍, കോളെജ് പഠനവേളയില്‍ വേനലവധി കാലത്ത് ഈസ്റ്റേണിന്റെ ഡെലിവറി വാനില്‍ കയറി കടക്കാര്‍ സാധനങ്ങള്‍ കൊടുക്കാന്‍ പോകുമായിരുന്നു.

9. സുസജ്ജമായ ടീം കെട്ടിപ്പടുക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തി. ഈസ്റ്റേണിലെ ഓരോ ടീമംഗത്തെയും കഴിവുറ്റവരാക്കാന്‍ LEAD (Leadership Effectiveness and Adaptability Disciplines) പ്രോഗ്രാമുകള്‍ നടത്തി.

10. അതി വിപുലമായ ഫാമിലി ബിസിനസ് ഭരണഘടനയേക്കാള്‍ ഒരു കുടുംബവും ഒരു ബിസിനസും നല്ല രീതിയില്‍ മുന്നോട്ടുപോകാനുള്ള അടിസ്ഥാനതത്വങ്ങള്‍ക്കാണ് ഈസ്‌റ്റേണ്‍ മുന്‍തൂക്കം നല്‍കിയത്. നമ്മള്‍ ഇന്ത്യക്കാര്‍ ഒരു ബിസിനസിനെ മികവുറ്റ രീതിയില്‍ നയിക്കാന്‍ പാടവമുള്ളവരാണ്. പക്ഷേ കുടുംബം മാനേജ് ചെയ്യുന്ന കാര്യത്തില്‍ അങ്ങനെയാകണമെന്നില്ല!!!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com