ഈ നാലുകാര്യങ്ങളുണ്ടോ? എങ്കില്‍ നിങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ ക്ലിക്കാവും!
ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ഏതെല്ലാം ഉല്‍പ്പന്നങ്ങളാണ് തുടക്കത്തില്‍ വിപണിയില്‍ എത്തിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ ഒരു തീരുമാനം എടുക്കേണ്ടത് പല കാര്യങ്ങളെയും ആശ്രയിച്ചാണെങ്കിലും സംരംഭത്തിന്റെ തുടക്കത്തില്‍ ക്യാഷ് ഫ്‌ളോ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കേണ്ടതായിവരും. അത്തരം ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമെന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന ടൂളാണ് adoption scale . ഓരോ ഉല്‍പ്പന്നത്തിന്റെയും 4 സവിശേഷ ഗുണങ്ങള്‍ ഇവിടെ വിലയിരുത്തണം. അതില്‍ 4 ഗുണങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന ഉല്‍പ്പന്നമായിരിക്കും ഏറ്റവുമധികം വില്‍പ്പന നടക്കുന്നത്.
1. Low Price: ഇന്ത്യയിലുള്ള ഭൂരിപക്ഷം ആളുകളും ഉല്‍പ്പന്നങ്ങളുടെ വിലയെ ആശ്രയിച്ചാണ് അവ വാങ്ങണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതിനാല്‍ത്തന്നെ കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ എന്നും കൂടുതല്‍ വിറ്റുപോകും. നിങ്ങളുടെ ഉല്‍പ്പന്നം മറ്റ് സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പന്നത്തെകാളും കുറഞ്ഞ വിലയുള്ളതാണോ? എങ്കില്‍ അവ കൂടുതലായി വിറ്റുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിലകുറവ് മാത്രംകൊണ്ട് അത് വിറ്റുപോവണമെന്നുമില്ല.
2. Easy to purchase: അധികം കാത്തിരിക്കാതെ, അധികം പരിശ്രമം ഇല്ലാതെ എളുപ്പത്തില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളാണ് എന്നും കൂടുതല്‍ വിറ്റുപോകുന്നത്. അതിനാല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ കരസ്ഥമാക്കാന്‍ കഴിയുന്നതരത്തില്‍ സംവിധാനം ഏതെല്ലാം ഉത്പന്നങ്ങള്‍ക്കാണ് ചെയ്തിരിക്കുന്നതെന്ന് നോക്കുക. ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ഉല്‍പ്പന്നം വാങ്ങുവാനുള്ള സൗകര്യം ഉണ്ടെങ്കില്‍ ആ ഉല്‍പ്പന്നം കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാന്‍ സന്നദ്ധരാകും. കൂടാതെ വേഗത്തിലുള്ള ഡെലിവറിയും ഉല്‍പ്പന്നം കൂടുതല്‍ വിറ്റുപോകുന്നതിനുള്ള കാരണമാണ്.
3. Superior benefits: മറ്റ് സ്ഥാപനങ്ങള്‍ ഇറക്കുന്ന ഉല്‍പ്പന്നങ്ങളെക്കാളും കൂടുതല്‍ ഗുണങ്ങളുള്ള ഉല്‍പ്പന്നമാണ് നിങ്ങളുടെ സ്ഥാപനം ഇറക്കുന്നത് എങ്കില്‍ സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കും. കൂടുതല്‍ ഫീച്ചറുകളുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് എന്നും ഡിമാന്‍ഡ് കൂടുതലാണ്. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം ഉപയോഗങ്ങളുണ്ടെങ്കില്‍ അതും വില്‍പ്പന വര്‍ദ്ധനവിന് കാരണമാകും. ഇത്തരം ഗുണങ്ങള്‍ ഏതു ഉല്‍പ്പന്നത്തിനാണ് കൂടുതല്‍ എന്ന് മനസിലാക്കുക.
4. Easy to use: ഉല്‍പ്പന്നങ്ങളുടെ ഉപയോഗരീതി താരതമ്യേന ലളിതമാണെങ്കില്‍ അത് വില്‍പ്പന വര്‍ധിക്കാനുള്ള കാരണമാകും. ഉദാഹരണത്തിന് instant ആയി ഉപയോഗിക്കാന്‍ കഴിയുന്നവ, കൂടുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭിക്കുന്നവ, ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ഉത്പന്നങ്ങളാണെങ്കില്‍ അത് ലളിതമായി ചെയ്യാന്‍ കഴിയുന്നവക്കെല്ലാം എന്നും വില്‍പ്പന കൂടുതലായിരിക്കും. നിങ്ങളുടെ ഏത് ഉല്‍പ്പന്നമാണ് ആളുകള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമെന്ന് മനസിലാക്കുക.
നിങ്ങളുടെ ഓരോ ഉല്‍പ്പന്നത്തിലും ഈ നാലുകാര്യവും ഉണ്ടോ എന്ന് നോക്കി അതിനെ റാങ്ക് ചെയ്യുക. ആ റാങ്കിങ്ങില്‍ നാലും ഉയര്‍ന്നുനില്‍ക്കുന്ന ഉല്‍പ്പന്നമായിരിക്കും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. ഒരു കാര്യം ഓര്‍ക്കുക, കൂടുതല്‍ വില്‍പ്പന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൂടുതല്‍ ലാഭം എന്നല്ല. പക്ഷെ ബിസിനസ്സിന്റെ തുടക്കസമയത്ത് കൂടുതല്‍ ആളുകളിലേക്ക് ബ്രാന്‍ഡ് എത്തണം എന്നുണ്ടെങ്കില്‍ ഈ അഡോപ്ഷന്‍ സ്‌കെയില്‍ പ്രകാരം ഉല്‍പ്പന്നം തിരഞ്ഞെടുക്കണം.