സേവനമേഖലയില്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

സാമ്പത്തിക സര്‍വ്വേ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം തളര്‍ച്ച ഉണ്ടാക്കിയിട്ടുള്ള മേഖലയാണ് സേവന മേഖല; 8.4% ഇടിവ്. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 8.3% വര്‍ച്ചയാണ്. അതിനാല്‍ വളരെയധികം സാധ്യതയുള്ള ഒരു മേഖലയായി സേവനമേഖലയെ വരും വര്‍ഷങ്ങളില്‍ വീക്ഷിക്കാനാകും. ഈ സാഹചര്യത്തില്‍ മത്സരവും അതിനനുസരിച്ച് വര്‍ധിക്കും. ഈ മത്സരത്തില്‍ തളരാതെ മുന്നോട്ട് പോവാന്‍ ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുക എന്നതാണ് ഈ മേഖലയിലെ ഓരോരുത്തരും ചെയ്യേണ്ടത്. സേവനമേഖലയില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും നിലവില്‍ ബിസിനസ്സ് ചെയ്യുന്നവരും നിര്‍ബന്ധമായും ചെയ്യണ്ട 4 കാര്യങ്ങള്‍ നോക്കാം.

1. മികച്ച തൊഴിലാളികള്‍: ഏറ്റവും നല്ല ഉല്‍പ്പന്നം ഉണ്ടാകുന്നത് ഏറ്റവും സമര്‍ത്ഥരായ തൊഴിലാളികള്‍ കൂടി ഉണ്ടാകുമ്പോഴാണ്. സേവനമേഖലയെ സംബന്ധിച്ചിടത്തോളം മികച്ച തൊഴിലാളികളുടെ പ്രാധാന്യം വളരെ വലുതാണ്. കാരണം ഉപഭോക്താക്കള്‍ ഇവിടെ അനുഭവിക്കുന്നത് ദൃശ്യമായ ഒരു ഉല്‍പ്പന്നമല്ല; പകരം അദൃശ്യമായ ഒന്നാണ്. ഉപഭോക്താക്കളുമായി നേരിട്ടുള്ള സംഭാഷണം അധികവും ഈ മേഖലയില്‍ നടക്കുന്നതിനാല്‍ വളരെ പ്രൊഫഷണലായ രീതിയിലുള്ള പെരുമാറ്റം ഉണ്ടെങ്കിലേ ചെറുതാണെങ്കിലും നല്‍കുന്ന സേവനത്തിന് മൂല്യം വര്‍ധിക്കുകയുള്ളൂ. ഒരു സ്ഥാപനത്തിലെ ഒരു തൊഴിലാളി ഏതെങ്കിലും ഒരു ഉപഭോക്താവിനോട് മോശമായി പെരുമാറിയാല്‍ ആ ഉപഭോക്താവിന് മൊത്തം സ്ഥാപനത്തെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാകും. കാരണം സ്ഥാപനത്തെ ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത് അവിടത്തെ തൊഴിലാളികളിലൂടെയാണ്. ഇവിടെ ഉല്‍പ്പന്നം എന്നത് തൊഴിലാളികളുടെ പ്രൊഫഷണലിസമാണെന്ന് മനസിലാക്കുക. അതിനാല്‍ ഏറ്റവും നല്ല തൊഴിലാളികളെ തിരഞ്ഞെടുക്കുക മാത്രമല്ല അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനവും നല്‍കുക. വസ്ത്രധാരണം മുതല്‍ വ്യത്യസ്തസ്വഭാവമുള്ള ഉപഭോക്താക്കളോട് എങ്ങനെയെല്ലാം പെരുമാറണം എന്നുവരെ പരശീലിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും പരിശീലത്തെ പാഴ്‌ചെലവായാണ് കാണുന്നത്.

2. മീറ്റിങ് നടത്തുന്ന സ്ഥലം: സേവനമേഖലയില്‍ മൂല്യം ഉണ്ടാകുന്നത് ഉല്‍പ്പന്നത്തിലല്ല പകരം അനുഭവത്തിലാണ്. അതിനാല്‍ ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥലം എപ്പോഴും ഏറ്റവും മികച്ചതാക്കുക. അത് ഓണ്‍ലൈന്‍ ആണെങ്കിലും ഓഫ്‌ലൈന്‍ ആണെങ്കിലും. ഇന്ന് ഒട്ടുമിക്ക ബിസിനസ്സും നടക്കുന്നത് ഓണ്‍ലൈനായാണ്. ഉപഭോക്താക്കളുമായി ഓണ്‍ലൈനിലൂടെ മീറ്റിങ്ങുകള്‍ നടത്തുമ്പോള്‍ എല്ലാത്തരത്തിലുള്ള പ്രൊഫഷണലിസവും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍, നല്ല ബാക്ക്ഗ്രൗണ്ട്, കൃത്യമായ ക്യാമറ പൊസിഷന്‍, ഫോര്‍മല്‍ വസ്ത്രം, ബഹളമില്ലാത്ത അന്തരീക്ഷം തുടങ്ങിയവയെല്ലാം ഒത്തുചേരുമ്പോള്‍ അവിടെ നമ്മുടെ സ്ഥാപനത്തിന്റെ മൂല്യം വര്‍ധിക്കും, അത് ഉപഭോക്താവിന് ഒരു മതിപ്പ് ഉണ്ടാകുകയും ചെയ്യും. ഓഫിസില്‍ നേരിട്ടുള്ള മീറ്റിങ് ആണെങ്കിലും വളരെ വൃത്തിയുള്ള മികച്ച ചുറ്റുപാട് ഒരുക്കുക.

3. മൂല്യം ഉണ്ടാക്കുക: ഒരു ഉല്‍പ്പന്നത്തിന്റെ ധനപരമായ മൂല്യം ഉപഭോക്താക്കള്‍ക്ക് കണക്കാക്കാന്‍ അധിക പ്രയാസം ഉണ്ടാകില്ല. കാരണം അത് കാണുവാനും എടുത്ത് അനുഭവിക്കുവാനും സാധിക്കും. പക്ഷെ സേവനത്തെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അതിന്റെ ധനപരമായ മൂല്യം ഉപഭോക്താക്കള്‍ക്ക് കണക്കുകൂട്ടാന്‍ പ്രയാസമായിരിക്കും. ഒരു സര്‍ട്ടിഫിക്കറ്റോ, ബില്ലോ മറ്റുമായിരിക്കും അവക്ക് ആകെ നല്‍കാന്‍ കഴിയുക. അത് ഏറ്റവും മികച്ച രീതിയില്‍ കവര്‍ ചെയ്ത് നല്‍കുക. ഒരു email ആണെകിലും ഏറ്റവും പ്രൊഫഷണലായി അതിനെ ഡ്രാഫ്റ്റ് ചെയ്ത് അയച്ചാല്‍ അത് വായിക്കുന്നവര്‍ക്ക് അതില്‍ ഒരു മൂല്യം കാണുവാനാകും. വെറുതെ ഒരു കടലാസ് നല്‍കുന്നതും, അത് ആ കടലാസിന്റെ മൂല്യം വിളിച്ചോതുന്ന രീതിയില്‍ ബോക്‌സ് ചെയ്തു നല്‍കുന്നതും താരതമ്യപ്പെടുത്തിനോക്കു.

4. മാര്‍ക്കറ്റിങ്ങിന്റെ ലക്ഷ്യം: ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നല്ലരീതിയില്‍ സാന്നിദ്ധ്യം ഉണ്ടാക്കിയെടുക്കുക. പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത് ഓണ്‍ലൈനിലെ സാന്നിദ്ധ്യം വളരെ പ്രാധാന്യമുള്ളതാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് എത്ര ചെയ്തിട്ടും വില്‍പന നടക്കുന്നില്ല എന്ന് കരുതി ആ ഉദ്യമം അവസാനിപ്പിക്കരുത്. ഇവിടെ മാര്‍ക്കറ്റിങ്ങിന്റെ ലക്ഷ്യം വില്‍പ്പനയല്ല, സാന്നിദ്ധ്യം ഉണ്ടാകുക എന്നതാണ്. നിരന്തരമായി ബ്ലോഗുകളും മറ്റും എഴുതി പ്രസിദ്ധീകരിച്ച് നല്ല രീതിയില്‍ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും വില്‍പന നടന്നോളും. ഹ്രസ്വകാലത്തെ വില്‍പ്പന പ്രതീക്ഷിച്ച് ഒരിക്കലും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ചെയ്യരുത്.

ഏതെങ്കിലും മേഖലയില്‍ കഴിവുണ്ടെങ്കില്‍ ചെലവ് ചുരുക്കി ആരംഭിക്കാന്‍ കഴിയുന്ന ബിസിനസ്സുകളാണ് സേവന മേഖലയിലുള്ളത്. അത് ഏറ്റവും നല്ല രീതിയില്‍ പ്രൊഫഷണലായി നല്‍കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ആളുകളുടെ മനസില്‍ നമ്മുടെ സ്ഥാപനത്തിന് മൂല്യം സൃഷ്ടിക്കാന്‍ കഴിയും.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com ഫോണ്‍: +91 8281868299 )



Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it