90 മിനിറ്റ് ടെസ്റ്റ്; നേതൃനിരയെ കണ്ടെത്താൻ ആനന്ദ് മഹിന്ദ്രയുടെ സീക്രട്ട് സ്ട്രാറ്റജി

ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയും പ്രതിസന്ധികളെ നേരിടാനുള്ള രീതിയുമാണ് ഇവിടെ അളക്കപ്പെടുന്നത്
90 മിനിറ്റ് ടെസ്റ്റ്; നേതൃനിരയെ കണ്ടെത്താൻ ആനന്ദ് മഹിന്ദ്രയുടെ സീക്രട്ട് സ്ട്രാറ്റജി
Published on

ഭാവിയിലെ ബിസിനസ് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരായ നേതാക്കളെ കണ്ടെത്താന്‍ മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര പിന്തുരുന്ന സ്ട്രാറ്റജിയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് ലോകത്തെ ചര്‍ച്ച. വെറും 90 മിനിറ്റ് നീളുന്ന ഒരു പ്രത്യേക പരിശോധനയിലൂടെയാണ് ഗ്രൂപ്പിന്റെ വലിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുയോജ്യരായ വ്യക്തികളെ അദ്ദേഹം തിരഞ്ഞെടുക്കുന്നത്.

എന്താണ് ഈ 90 മിനിറ്റ് ടെസ്റ്റ്?

90 മിനിറ്റ് നീളുന്ന ഒരു അണ്‍സ്ട്രക്‌ചേര്‍ഡ് സംഭാഷണം. അവിടെ സ്‌കോര്‍കാര്‍ഡുകളോ മുന്‍കൂട്ടി നിശ്ചയിച്ച ചോദ്യങ്ങളോ ഇല്ല. പകരം അദ്ദേഹം നിരീക്ഷിക്കുന്നത് ഒരൊറ്റ കാര്യമാണ്-ജിജ്ഞാസ. കൃത്യമായ തിരക്കഥകളില്ലാത്ത സാഹചര്യത്തില്‍, ആരും ശ്രദ്ധിക്കാനില്ലാത്തപ്പോള്‍ ഒരു നേതാവ് എങ്ങനെ പെരുമാറുന്നു എന്നതാണ് അദ്ദേഹം നോക്കുന്നത്.

ഒരു വ്യക്തിയുടെ തീരുമാനമെടുക്കാനുള്ള ശേഷിയും (Decision Making), പ്രതിസന്ധികളെ നേരിടാനുള്ള രീതിയുമാണ് ഇവിടെ അളക്കപ്പെടുന്നത്. സങ്കീര്‍ണമായ ഒരു ബിസിനസ് സാഹചര്യം ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ അവതരിപ്പിക്കുകയും, 90 മിനിറ്റിനുള്ളില്‍ കൃത്യമായ ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.

മക്കിന്‍സിയുമായി (McKinsey) നടത്തിയ അഭിമുഖത്തിലാണ് കമ്പനിയുടെ നേതൃത്വത്തെയും ഗ്രൂപ്പ് ട്രാന്‍സ്‌ഫൊര്‍മേഷനെയും കുറിച്ചൊക്കെ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്.

നാലു തൂണുകളില്‍ അധിഷ്ഠിതമായി

മഹിന്ദ്ര ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ESEE (Envision, Structure, Enable, Energise) എന്ന നാല് തൂണുകളിലധിഷ്ഠിതമാണ്.

Envision (കാഴ്ചപ്പാട്): ഭാവി വിഭാവനം ചെയ്യുക.

Structure (ഘടന): ലക്ഷ്യങ്ങള്‍ക്കായി സ്ഥാപനത്തെ സജ്ജമാക്കുക.

Enable (പ്രാപ്തരാക്കുക): കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിവുള്ള നേതാക്കളെ കണ്ടെത്തുക.

Energise (ഊര്‍ജ്ജസ്വലമാക്കുക): ജീവനക്കാരെ ലക്ഷ്യബോധമുള്ളവരാക്കുക.

പ്രതിഭകളെ തിരിച്ചറിയുന്ന രീതി

വ്യക്തികള്‍ക്ക് വളരാന്‍ അവസരം നല്‍കുമ്പോഴാണ് അവര്‍ സ്ഥാപനത്തില്‍ തുടരുന്നത് എന്ന് ആനന്ദ് മഹിന്ദ്ര വിശ്വസിക്കുന്നു. ഇതിന് ഉദാഹരണമായി വിജയ് നക്രയുടെ വളര്‍ച്ചയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2002-ല്‍ സ്‌കോര്‍പിയോ എസ്‌യുവി (Scorpio SUV) പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നക്രയെ പിന്നീട് ദക്ഷിണാഫ്രിക്കയിലെ ബിസിനസ് നയിക്കാന്‍ ഏല്‍പ്പിച്ചു. ഇന്ന് ആ വിപണിയിലെ അതിവേഗം വളരുന്ന ഓട്ടോ കമ്പനിയായി മഹിന്ദ്ര മാറിയത് ഈ തീരുമാനത്തിന്റെ ഫലമാണ്. നിലവിലെ സിഇഒ അനീഷ് ഷാ ഈ രീതിയെ കൂടുതല്‍ ശാസ്ത്രീയമായി പരിഷ്‌കരിച്ചതായും അദ്ദേഹം പറയുന്നു.

സിനിമയില്‍ നിന്ന് ബിസിനസിലേക്ക്

തന്റെ സിനിമാ പഠനകാലമാണ് സ്വഭാവങ്ങള്‍ നിരീക്ഷിക്കാനും കഥാതന്തുക്കള്‍ രൂപപ്പെടുത്താനും തന്നെ സഹായിച്ചതെന്ന് മഹിന്ദ്ര പറയുന്നു. നേതൃത്വം എന്നത് മറ്റുള്ളവരുടെ താല്പര്യങ്ങള്‍ മനസിലാക്കി അവരെ ഒരു ലക്ഷ്യത്തിനായി പ്രചോദിപ്പിക്കലാണ്. 2002-ല്‍ സ്‌കോര്‍പിയോ പുറത്തിറക്കിയതും, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങളില്‍ നിക്ഷേപം നടത്തിയതും ഇത്തരം 'അസന്തുലിത റിസ്‌ക്' (Asymmetric risk) എടുക്കാനുള്ള കഴിവിന്റെ ഉദാഹരണങ്ങളായി ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നു.

മഹിന്ദ്രയുടെ 'Rise' എന്ന തത്വം കേവലം കമ്പനിയുടെ വളര്‍ച്ചയല്ല, മറിച്ച് മറ്റുള്ളവരെ വളരാന്‍ സഹായിക്കലാണ്. ഒരു കര്‍ഷകന് തന്റെ ട്രാക്ടറിലൂടെ വിളവ് വര്‍ധിപ്പിക്കാന്‍ കഴിയുന്നതോ, ഒരു സ്ത്രീക്ക് ബാങ്ക് ലോണ്‍ ലഭിക്കുന്നതോ ആണ് യഥാര്‍ത്ഥ വിജയമെന്ന് അദ്ദേഹം കരുതുന്നു.

വെറും സ്‌പെഷ്യലിസ്റ്റുകളെക്കാള്‍ ഉപരിയായി പല മേഖലകളില്‍ അറിവുള്ളവരെ (Polymaths) സൃഷ്ടിക്കാനാണ് മഹിന്ദ്ര ഗ്രൂപ്പ് ശ്രമിക്കുന്നത്. വ്യക്തിപരമായ പാരമ്പര്യത്തേക്കാള്‍ (Legacy), തന്റെ കാലശേഷവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ കെട്ടിപ്പടുക്കുന്നതിലാണ് ആനന്ദ് മഹിന്ദ്ര വിശ്വസിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com