സര്‍വീസ് രംഗത്താണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം ഈ 3 കാര്യങ്ങള്‍

സര്‍വീസ് മേഖലയില്‍ ബിസിനസ് നടത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സര്‍വീസ് രംഗത്താണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം ഈ 3 കാര്യങ്ങള്‍
Published on

ഏതെങ്കിലും പ്രത്യേക മേഖലയില്‍ അറിവ് ഉണ്ടെങ്കില്‍ വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരു ബിസിനസ്സ് മേഖലയാണ് സേവന മേഖല. ഉല്‍പ്പാദനത്തെ അപേക്ഷിച്ച് ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ കഴിയും എന്ന പ്രത്യേകത സേവന മേഖലയിലുണ്ട്. എന്നാല്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ല എങ്കില്‍ വലിയ നഷ്ടത്തിലേക്കും വീഴാം. സേവന മേഖലയില്‍ ബിസിനസ്സ് ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ യുക്തിക്കനുസരിച്ച് ബിസിനസ്സില്‍ പ്രയോഗിക്കാവുന്നതാണ്. ഞങ്ങളുടെ ബിസിനസ്സ് അനുഭവത്തില്‍ നിന്നും മനസിലാക്കിയ കാര്യങ്ങളാണ് താഴെ സൂചിപ്പിക്കുന്നത്.

1. ഒരു ഉല്‍പ്പന്നത്തിന് വിലയിടുന്നപോലെ എളുപ്പത്തില്‍ ഒരു സേവനത്തിന് വില നിശ്ചയിക്കാന്‍ കഴിയില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ അതിന്റെ നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ മൂല്യം കണക്കാക്കികൊണ്ട് ചെയ്യാം. എന്നാല്‍ സേവനത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അസംസ്‌കൃത വസ്തു എന്നത് 'അറിവും' 'കഴിവുമാണ്'. അതിന് വിലയിടുക എന്നത് നിസാരമായ കാര്യമല്ല. മാത്രമല്ല ഉപഭോക്താക്കളുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരു ഉല്‍പ്പന്നത്തിന്റെ മൂല്യത്തെ മനസിലാക്കുന്നതുപോലെ സേവനത്തിന്റെ മൂല്യത്തെ മനസിലാക്കാന്‍ കഴിയണമെന്നില്ല. കാരണം ഉല്‍പ്പന്നങ്ങളെ പോലെ സേവനത്തെ അവര്‍ക്ക് കാണാന്‍ കഴിയുന്നതല്ല. അതിനാല്‍തന്നെ സേവനത്തിന്റെ വിലയെ അവര്‍ക്ക് പലപ്പോഴും ന്യായീകരിക്കാനും കഴിയണമെന്നില്ല. അതിനാല്‍ ഒരു ഉപഭോക്താവിന് നല്‍കുന്ന സേവനത്തിന്റെ കാലാവധി കൂടുതലാണെങ്കില്‍ advance തുക വാങ്ങിയതിന് ശേഷം മാത്രം പ്രവര്‍ത്തിച്ചുതുടങ്ങുക. ഒപ്പം, സേവനം മുഴുവിപ്പിക്കുന്നതിന് മുമ്പ്തന്നെ ബാക്കി തുക കൂടി വാങ്ങുക. അല്ലാത്ത പക്ഷം സേവനം അവസാനിച്ചതിന് ശേഷം തുക നല്‍കാന്‍ ഒരു വിമുഖത കാണിക്കാന്‍ സാധ്യതയുണ്ട്. കാരണം സേവനത്തിന്റെ ഫലം ചെറുതായിരിക്കാം, എന്നാല്‍ അതിന്റെ പുറകിലെ അധ്വാനം വളരെ വലുതായിരിക്കും. ഇതു മനസിലാക്കാന്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് കഴിയണമെന്നില്ല. അതിനാല്‍ അവര്‍ അവസാന നിമിഷം വിലപേശാനും, തുക നല്‍കാതെ പദ്ധതി അവസാനിപ്പിച്ച് പോവാനും സാധ്യതയുണ്ട്. ഈ ഒരു റിസ്‌ക് ഒഴിവാക്കാന്‍ advance വാങ്ങിയതിന് ശേഷം സേവനം നല്‍കിത്തുടങ്ങുക.

2. നിങ്ങളുടെ ബിസിനസ്സ് കുറച്ച് ആളുകളെ മാത്രം ലക്ഷ്യമിട്ട് അവരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കി സേവനം നല്‍കുന്ന രീതിയാണെങ്കില്‍ അവിടെ വലിയ discount നല്‍കുന്നത് നല്ലൊരു പ്രവണതയാവില്ല. കാരണം നിങ്ങള്‍ നല്‍കുന്നത് ഇത്രയും കാലം നിങ്ങള്‍ ആര്‍ജിച്ചെടുത്തിട്ടുള്ള നൈപുണ്യമാണ്. അതിന് നിങ്ങള്‍തന്നെ വില കല്‍പ്പിക്കേണ്ടതുണ്ട്. ഒരിക്കല്‍ നടുക്കടലില്‍ വച്ച് ഒരുപാട് യാത്രക്കാരുള്ള കപ്പലില്‍ എന്തോ തകരാറ് സംഭവിച്ചു കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന എല്ലാ ടെക്‌നിഷ്യന്മാരും ശ്രമിച്ചെങ്കിലും പ്രശ്‌നം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. യാത്രക്കാരിലൊരാള്‍ മുന്നോട്ട് വന്ന് പ്രശ്‌നം കണ്ടുപിടിക്കാന്‍ തുടങ്ങി നിമിഷങ്ങള്‍ക്കകം പ്രശ്‌നം കണ്ടുപിടിച്ച് പ്രശ്‌നകാരനായ സ്‌ക്രൂ മുറുക്കി. കപ്പിത്താന്‍ ആ വിദഗ്ധനോട് പ്രശനം പരിഹരിച്ചതിനുള്ള ഫീസ് എത്രയാണെന്ന് ചോദിച്ചു. അദ്ദേഹം ഒരു വലിയ തുകതന്നെ പറഞ്ഞു. 'ഒരു സ്‌ക്രൂ മുറുക്കിയതിന് ഇത്രയും വലിയ തുകയോ?' കപ്പിത്താന്‍ ചോദിച്ചു. വിദഗ്ധന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഈ ഒരു സ്‌ക്രൂ മുറുക്കിയത്തിനല്ല ഈ തുക ആവശ്യപ്പെട്ടത്. നിമിഷനേരം കൊണ്ട് കപ്പലിന്റെ പ്രശനം എന്താണെന്നും ഏത് സ്‌ക്രൂവാണ് മുറുക്കേണ്ടത് എന്നും കണ്ടുപിടിക്കാനുള്ള നൈപുണ്യം നേടിയത് കഴിഞ്ഞ കുറെ വര്‍ഷങ്ങളുടെ എന്റെ പ്രയത്‌നമാണ്. ആ പ്രയത്‌നത്തിനുള്ള തുകയാണ് ചോദിച്ചത്.' ഒരു പക്ഷെ നിമിഷങ്ങള്‍കൊണ്ടാവും നിങ്ങള്‍ ഒരു സേവനം ചെയ്തു നല്‍കുന്നത്. പക്ഷെ ഈടാക്കുന്ന തുക നിങ്ങള്‍ ആ ചെറിയ സമയത്തില്‍ ചെയ്തുതീര്‍ക്കാന്‍ ആര്‍ജിച്ച കഴിവിനായിരിക്കണം. അതിനാല്‍ തന്നെ വിലയില്‍ വലിയ രീതിയില്‍ വിട്ടുവീഴ്ച ചെയ്യരുത്. അതു നിങ്ങളുടെ മൂല്യത്തെ ഇടിക്കും. വലിയ കിഴിവില്‍ ഒരു ഉല്‍പ്പന്നം ലഭിക്കുകയാണെങ്കില്‍ നമ്മള്‍ വിചാരിക്കുക, ആ ഉല്‍പ്പന്നത്തിന് എന്തോ പ്രശ്‌നമുണ്ട്, അല്ലെങ്കില്‍ ആ വില്‍പ്പനകാരന് കച്ചവടം നടക്കുന്നില്ല എന്നായിരിക്കുമല്ലോ.

3. ഒരു ഉല്‍പ്പന്നം മികച്ചതാവുന്നത് അതില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ മികച്ചതാവുമ്പോഴാണ്. സേവനമേഖലയില്‍ അസംസ്‌കൃത വസ്തു എന്നത് സ്ഥാപനത്തിലെ തൊഴിലാളികളാണ്. വളരെ സൂക്ഷ്മതയോടെ കഴിവുള്ള തൊഴിലാളികളെനോക്കി തിരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കേണ്ടത് സേവന ബിസിനസ്സില്‍ അടിസ്ഥാനപരമായി ചെയ്യേണ്ട ഒന്നാണ്. അത്തരത്തില്‍ പരിശീലനം നല്‍കി തെറ്റുകള്‍ മനസിലാക്കി തിരുത്തി പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാന്‍ സമയം എടുക്കുന്നതാണ്. അതിനാല്‍ സമയം നല്‍കുക. സേവന ബിസിനസ്സില്‍ ഉടനെ ലാഭം പ്രതീക്ഷിക്കരുത്. നിങ്ങള്‍ ഏത് മേഖലയെയാണോ കേന്ദ്രീകരിക്കുന്നത് ആ മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മുന്നോട്ട് പോവുക. പെട്ടന്ന് വളരാന്‍ ശ്രമിച്ചാല്‍ പെട്ടെന്നുതന്നെ താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ട്. അനുഭവത്തില്‍ നിന്നും അറിവില്‍ നിന്നുമാണ് വളരേണ്ടത്. അല്ലാത്തപക്ഷം പ്രതിസന്ധി വന്നാല്‍ നേരിടാന്‍ കഴിയാതെവരും. അതിനാല്‍ വളര്‍ച്ചയുടെയും തളച്ചയുടെയും ഓരോ ഘട്ടവും അനുഭവിച്ചും ആസ്വദിച്ചും മുന്നോട്ട് പോവുക.

ഈ മൂന്ന് കാര്യങ്ങള്‍ നിങ്ങളുടെ ബിസിനസ്സിനെ കൃത്യമായി പഠിച്ച് അതിന് യോജിച്ചതാണെങ്കില്‍മാത്രം പകര്‍ത്തുക.

(BRANDisam LLP യില്‍ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍: www.sijurajan.com +91 8281868299 )

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com