ഗൂഗിൾ പറയുന്നു, ലോകത്തെ ഏറ്റവും സമർത്ഥനായ ബോസിന്റെ 10 ലക്ഷണങ്ങൾ 

ഏറ്റവും മിടുക്കരായ ജീവനക്കാരെ ലഭിക്കാൻ എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറുള്ള സ്ഥാപനമായിരിക്കും നിങ്ങളുടേത്. പക്ഷെ ഇവരുടെ ബോസ് കഴിവുള്ള വ്യക്തിയല്ലെങ്കിലോ? നിങ്ങൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ച ജീവനക്കാരെല്ലാം വേറെ ജോലി തേടിപ്പോകും.

എന്നാൽ മികച്ച മാനേജരും ടീം ലീഡറുമാണ് നിങ്ങൾക്കുള്ളതെങ്കിൽ, ജീവനക്കാരുടെ കഴിവുകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാം എന്നു മാത്രമല്ല, അവർ സ്ഥാപനത്തിൽ തുടരുകയും ചെയ്യും.

പ്രൊജക്റ്റ് ഓക്സിജൻ എന്ന പേരിൽ ഗൂഗിൾ കഴിഞ്ഞ 10 വർഷമായി നടത്തിയ ഗവേഷണത്തിൽ ഒരു സമർത്ഥനായ മാനേജരുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് പഠിച്ചു. സ്വന്തം ടീം ലീഡർമാരെ ഇക്കാര്യങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഗവേഷണത്തിലൂടെ ഗൂഗിൾ ലക്ഷ്യമിട്ടത്.

സാങ്കേതിക വൈദഗ്ധ്യത്തെക്കാളേറെ മാനേജർമാർക്കു വേണ്ടത് ഇമോഷണൽ ഇന്റലിജൻസ് സ്കിൽ ആണ്. പഠനത്തിൽ തെളിഞ്ഞ കാര്യങ്ങൾ ഇവയാണ്.

  1. നല്ല പരിശീലകനായിരിക്കും: പ്രശ്‍നങ്ങൾ ഉയർന്നുവരുമ്പോൾ ഉടൻ പരിഹാരം കണ്ടെത്തുന്നതിനുപകരം പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് ടീമിന് പറഞ്ഞു കൊടുക്കുന്നവരാണ് യഥാർത്ഥ ടീം ലീഡേഴ്‌സ്.
  2. ടീമംഗങ്ങളെ ശാക്തീകരിക്കും: ഒരിക്കലും 'മൈക്രോ മാനേജിങ്' ഇഷ്ടമാണെന്ന് ഒരു ജീവനക്കാരനും പറയില്ല. ഒരു നല്ല ബോസ് തന്റെ സഹപ്രവർത്തകരെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിപ്പിക്കുകയും അവർക്ക് സ്വന്തം ആശയങ്ങൾ പരീക്ഷിക്കാനുള്ള സ്വാതന്ത്യ്രം നൽകുകയും ചെയ്യും. ഓരോ കാര്യത്തിലും ഇടപെട്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്നതിന് പകരം അവരെ ശാക്തീകരിക്കും.
  3. ജീവനക്കാരുടെ ക്ഷേമത്തിലും വിജയത്തിലും താല്പര്യം കാണിക്കും. പരസ്പര വിശ്വാസത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കും.
  4. പ്രോഡക്റ്റീവും റിസൾട്ട്-ഓറിയന്റഡുമായിരിക്കും ഇവരുടെ പ്രവർത്തനങ്ങൾ. സ്വയം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനോടൊപ്പം മറ്റുള്ളവരെ അതിന് സഹായിക്കുക കൂടി ചെയ്യും. അത്യാവശ്യ സന്ദർഭങ്ങളിൽ ഏതു ജോലിയിലും സഹായിക്കാൻ ഓടിയെത്തുക ഇവരുടെ സ്വഭാവമാണ്.
  5. നല്ല കമ്മ്യൂണിക്കേറ്റർ ആയിരിക്കും ഇവർ. എല്ലാവർക്കും പറയാനുള്ളത് ശ്രദ്ധിച്ച് കേൾക്കും. വിവരങ്ങൾ മറ്റുള്ളവർക്ക് കൃത്യമായി കൈമാറുകയും ചെയ്യും.
  6. പ്രകടനം മെച്ചപ്പെടുത്താനുള്ള ടിപ്സ് കൈമാറും. കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ജീവനക്കാരെ സഹായിക്കും. നല്ലതിനെ നല്ലതെന്നും മോശം പ്രകടനത്തെ മോശമെന്നും വിശേഷിപ്പിക്കാൻ മടികാണിക്കില്ല. എന്നാൽ ജീവനക്കാരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയുമില്ല.
  7. ടീമിന് വേണ്ടി കൃത്യമായ സ്ട്രാറ്റജിയും പ്ലാനും ഇവരുടെ കൈയ്യിലുണ്ടാകും. ടീമിന് ട്രാക്ക് തെറ്റാതെ മുന്നോട്ടു കൊണ്ടുപോകും.
  8. തന്റെ ടീമിലെ ഓരോരുത്തരുടെ ജോലിയും അവർ നേരിടുന്ന വെല്ലുവിളികളും കൃത്യമായി അറിഞ്ഞിരിക്കുന്നവരാണ് നല്ല ടീം ലീഡർ.
  9. കമ്പനിയുടെയും ടീമിന്റെയും മികച്ച ഭാവിയ്ക്ക് വേണ്ടി ടീമംഗങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നവരാണ് നല്ല മാനേജർ.
  10. ശക്തമായ തീരുമാനങ്ങളെടുക്കുകയും അവയുമായി മുന്നോട്ടുപോകാനുള്ള ധൈര്യം കാണിക്കുകയും ചെയ്യുന്നവരാണിവർ. ചില സന്ദർഭങ്ങളിൽ ചില തീരുമാനങ്ങൾക്ക് എല്ലാവരുടെയും സമ്മതം ലഭിക്കണമെന്നില്ല. എന്നാൽ നല്ല ടീം ലീഡർ കാര്യങ്ങൾ മുന്നോട്ട് തന്നെ കൊണ്ടുപോകും.

നിങ്ങളുടെ മാനേജർമാരെ 10 കാര്യങ്ങൾ പഠിപ്പിച്ചെടുത്താൽ സ്ഥാപനത്തിന് പുതിയ ജീവനക്കാരെ തേടി പരക്കംപായേണ്ടിവരില്ല.

Related Articles
Next Story
Videos
Share it