രജനീകാന്തിന്റെ ബ്രാന്‍ഡിംഗ് രീതികള്‍ ബിസിനസിലും പ്രയോഗിക്കാം

തമിഴ് സിനിമാ മേഖലയില്‍നിന്ന് സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ നടനാണ് രജനീകാന്ത്. അദ്ദേഹം സൂപ്പര്‍ ബ്രാന്‍ഡ് പദവിയിലേക്ക് എത്തിയതെങ്ങനെ? ഈ രീതികള്‍ എങ്ങനെ ബിസിനസില്‍ പ്രായോഗികമാക്കാമെന്ന് നോക്കാം.

വ്യത്യസ്തമാക്കുക, ശ്രേഷ്ഠമാകുക

തന്റെ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വെള്ളിത്തിരയില്‍ എന്തിനും രജനീകാന്ത് മടിക്കാറില്ല. അതും തന്റേത് മാത്രമായ ശൈലികള്‍ കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും. ഇതിലൂടെ ഇതര ചലച്ചിത്ര താരങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായി നില്‍ക്കാന്‍ രജനിക്ക് സാധിച്ചു. കമ്പനികളും എതിരാളികളില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും സൃഷ്ടിച്ചെടുക്കുകയും സ്വന്തം ഉപഭോക്താക്കള്‍ക്ക് കൃത്യമായി അത് മനസിലാക്കി കൊടുക്കുകയും വേണം.

നിങ്ങളുടെ ഉപഭോക്താവിനെ അറിയുക

സ്വന്തം ആരാധകരുടെ പ്രതീക്ഷകള്‍ ഇതുപോലെ വ്യക്തമായി ഗ്രഹിക്കുന്ന ചലച്ചിത്ര താരം വേറെ കാണില്ല. കരുത്തുറ്റ ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉപഭോക്താവിനെ വ്യക്തമായി അറിയുകയും അവരുടെ പ്രതീക്ഷകള്‍ സഫലമാക്കുകയും വേണം.

വൈകാരിക ബന്ധം സൃഷ്ടിക്കുക

വിനയവും പോസിറ്റീവ് മനോഭാവവുമെല്ലാമുള്ള ഒരു അവതാരമായാണ് ജനങ്ങള്‍ രജനിയെ നെഞ്ചിലേറ്റുന്നത്. ബ്രാന്‍ഡിംഗ് എന്നാല്‍ ജനങ്ങള്‍ എങ്ങനെ നിങ്ങളുടെ ഉല്‍പ്പന്നത്തെ/സേവനത്തെ കാണുന്നുവെന്നത് തന്നെയാണ്. പോസിറ്റീവ് വികാരം ഉണര്‍ത്തുംവിധം സ്വന്തം ബ്രാന്‍ഡിനെ ജനഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ നോക്കുക.

ബ്രാന്‍ഡിനെ ഓര്‍ത്തെടുക്കുക

എപ്പോള്‍ രജനീകാന്തിനെ കുറിച്ച് ജനങ്ങള്‍ ഓര്‍ക്കുന്നുവോ ആ നിമിഷം അദ്ദേഹത്തിന്റെ പ്രശസ്ത പഞ്ച് ലൈനുകളോ മാനറിസങ്ങളോ അവരുടെ ഉള്ളിലെത്തും. ഇതു തന്നെയാണ് ബ്രാന്‍ഡ് റീകാള്‍. വിജയകരമായ ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിച്ച എല്ലാ ബ്രാന്‍ഡുകളും ഇതില്‍ വിജയിച്ചിട്ടുണ്ട്. എന്താണ് നിങ്ങളുടെ ബ്രാന്‍ഡ് റീകാള്‍ അത് കൃത്യമായി തിരിച്ചറിയുക, സൃഷ്ടിക്കുക.

Related Articles
Next Story
Videos
Share it