ബിസിനസ് തുടങ്ങാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ പണമില്ല. എന്ത് ചെയ്യും?

ബിസിനസ് ചെയ്യണം എന്ന അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ കയ്യില്‍ പണമില്ല. പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. ഒരു കാര്യം മനസ്സില്‍ ഉറപ്പിക്കുക. ബിസിനസ്സിനായി ചെലവഴിക്കാന്‍ പണം ഉണ്ട് എങ്കില്‍ എത്രയും പെട്ടന്ന് ബിസിനസ് ആരംഭിക്കാനും എത്രയും പെട്ടന്ന് ലക്ഷ്യത്തിലേക്ക് എത്താനും സാധിക്കും. എന്നാല്‍ പണമില്ലാത്ത അവസ്ഥയാണെങ്കില്‍ കുറച്ചധികം സമയം ബിസിനസ് ആരംഭിക്കാനായി എടുക്കും, കുറച്ചധികം കഷ്ടപ്പാടിലൂടെ കടന്നുപോകേണ്ടിവരും. അപ്പോള്‍ പണമില്ലാത്ത അവസ്ഥയാണ് നിങ്ങളുടെ മുന്നിലെങ്കില്‍ നിങ്ങള്‍ അധ്വാനിക്കാന്‍ തയ്യാറാണെങ്കില്‍, പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും കുറച്ചു കാത്തിരുന്നാണെകിലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നിങ്ങള്‍ക്ക് എത്താനായി കഴിയും.

ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് ബിസിനസ് പ്ലാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

1 ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തില്‍ വരുന്ന ചെലവുകള്‍ കണക്കുകൂട്ടുക. ബില്‍ഡിംഗ് പണിയുന്നതിനായി വരുന്ന ചെലവ്, മെഷീനുകള്‍ വാങ്ങുന്നതിനും, അസംസൃത വസ്തുക്കള്‍ വാങ്ങുന്നതിനും, തുടക്കത്തില്‍ ശമ്പളം നല്‍കുന്നതിനും, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയവ ചെയ്യുന്നതിനും, പാക്കേജിനും, രെജിസ്‌ട്രേഷനും മറ്റും വരുന്ന ചെലവുകള്‍ എഴുതിവയ്ക്കുക.

2 നിങ്ങളുടെ കയ്യില്‍ ബിസിനസ്സിനായി ചെലവഴിക്കാനുള്ള തുക എത്രയെന്ന് എഴുതുക. ഒപ്പം, ബിസിനസിന് ഉപയോഗിക്കാന്‍ കഴിയുന്ന ആസ്തികള്‍, അതായത്, വീടിനോട് ചേര്‍ന്നുള്ള സ്ഥലം, കമ്പ്യൂട്ടര്‍, വാഹനം തുടിയവ ലിസ്റ്റ് ചെയ്യുക. കൂടാതെ നിങ്ങളുടെ നൈപുണ്യം എന്തെല്ലാമാണ് എന്നതും കണ്ടെത്തുക. ഉദാഹരണത്തിന് നല്ലരീതിയില്‍ പലഭാഷയിലും ആശയവിനിമയം നടത്താനുള്ള കഴിവ്, ഉല്‍പ്പന്നം നിര്‍മിക്കുന്നതിനുള്ള അറിവ്, കംപ്യൂട്ടര്‍ നല്ലരീതിയില്‍ ഉപയോഗിക്കാന്‍ ഉള്ള അറിവ്, അക്കൗണ്ട്‌സ് ചെയ്യാനുള്ള അറിവ്, തുടങ്ങി ബിസിനസിനെ ഏതെല്ലാം രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള കഴിവുകള്‍ ഉണ്ടോ അതെല്ലാം എഴുതിവയ്ക്കുക.

3 ഒന്നാമതും രണ്ടാമതും എഴുതിയ കാര്യങ്ങള്‍ താരതമ്യപ്പെടുത്തി ഇതില്‍ ഒഴിവാക്കാന്‍ കഴിയുന്ന ചെലവുകള്‍ കണ്ടെത്തുക. ഇന്ന് പല ബിസിനസ്സും നടത്തുന്നതിനായി ലക്ഷങ്ങള്‍ മുടക്കി ഓഫീസ് പണിയേണ്ട ആവശ്യം വരുന്നില്ല. ഇന്ന് നാട്ടില്‍ ധാരാളം കോ വര്‍ക്കിംഗ് സ്‌പേസുകള്‍ ലഭ്യമാണ് അവിടെ ചെലവ് ചുരുങ്ങി ഓഫീസില്‍ സ്ഥലം എടുക്കാം. അല്ല എങ്കില്‍ വിലാസം മാത്രം കാണിക്കുന്നതിനായി virtual ഓഫീസുകള്‍ ലഭ്യമാണ്. അത്തരത്തില്‍ ഓഫീസ് സ്ഥാപിക്കാന്‍ വേണ്ട ചെലവുകള്‍ ചുരുക്കാവുന്നതാണ്.

മറ്റൊന്ന് സ്ഥാപനത്തെയും ഉപഭോക്താക്കളെയും തമ്മില്‍ കണക്ട് ചെയ്യുന്ന വെബ്‌സൈറ്റ് നിര്‍മാണത്തിലും ചെലവ് ചുരുക്കാവുന്നതാണ്. സൗജന്യമായി വെബ്‌സൈറ്റ് നിര്‍മിക്കാന്‍ കഴിയുന്ന പല പ്ലാറ്റ്‌ഫോമും ഇന്ന് നിലവിലുണ്ട്. പരിമിതികള്‍ ഉണ്ടാകുമെങ്കിലും പ്രധാന ബിസിനസ് ചാനല്‍ വെബ്‌സൈറ്റ് അല്ല എങ്കില്‍ തീര്‍ച്ചയായും പരിഗണിക്കാവുന്ന ഒന്നാണിത്.

ആദ്യം സൂചിപ്പിച്ചതുപോലെ പല കാര്യങ്ങളിലും പണം ഇല്ല എങ്കില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. വില്‍പ്പന നടത്തുന്നതിനായി പ്രാരംഭ ഘട്ടത്തില്‍ സ്റ്റാഫുകളെ നിയമിക്കാന്‍ കഴിഞ്ഞെന്നു വരത്തില്ല, ആയതിനാല്‍ സ്വയം മാര്‍ക്കറ്റില്‍ ഇറങ്ങി വില്‍പ്പന നടത്തേണ്ടിവരും. ഇത്തരത്തില്‍ ആത്മവിശ്വാസത്തോടുകൂടി ലക്ഷ്യം മുന്നില്‍കണ്ട് ഇറങ്ങിത്തിരിച്ചാല്‍ മാത്രമേ ബിസിനസ് മുന്നോട്ടേക്ക് കൊണ്ടുപോകുവാന്‍ കഴിയുകയുള്ളു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വളരെ ചെലവ് ചുരുക്കിയും ചെയ്യാം. അതിന്റെ ബേസിക്‌സ് മനസിലാക്കി വളരെ മികച്ച രീതിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റഫോം ഉപയോഗിക്കുക. മറ്റൊരു പ്രധാന ചെലവ് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടതാണ്. തുടക്കത്തില്‍ മെഷീനുകള്‍ വാങ്ങുന്നത് ഒരു അധിക ചെലവായി തോന്നുന്നു എങ്കില്‍ തൊഴിലാളി സഹായത്തോടുകൂടി ഉല്‍പ്പാദനം നടത്താം. ഒരുപാട് അധ്വാനവും പണവും വേണ്ടാതായി വരാം. എന്നാല്‍ അവിടെ ചെലവ് ചുരുക്കാന്‍ കഴിയുമെങ്കില്‍ അതില്‍ വിട്ടുവീഴ്ച ചെയ്യുക.

4 പഠിക്കാനായി സമയം കണ്ടെത്തുക. ബിസിനസ്സിന്റെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ സ്വയം പഠിച്ചു പ്രാവര്‍ത്തികമാക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, GST ഫയലിംഗ്, ബുക്ക് കീപ്പിങ്, തുടങ്ങി നിങ്ങക്ക് പഠിക്കാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം പഠിച്ച അത് ബിസിനസ്സില്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വലിയരീതിയില്‍ തന്നെ ചെലവ് കുറയ്ക്കാനായി കഴിയും.

5 നിങ്ങള്‍ ഒരു തുക ബിസിനസ്സില്‍ നിക്ഷേപിക്കുകയാണെകില്‍ അത് നഷ്ടപ്പെട്ടാലും നിങ്ങളെ വലിയ രീതിയില്‍ ബാധിക്കില്ല എന്ന് ഉറപ്പുള്ള തുക നിക്ഷേപിക്കുക. പലരും ജീവിതത്തില്‍ സമ്പാദിച്ചിട്ടുള്ള സര്‍വ തുകയും ഉപയോഗിച്ച് ബിസിനസ് തുടങ്ങും. അത്തരത്തില്‍ ബിസിനസ് ചെയ്യുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദം ചെറുതൊന്നുമായിരിക്കുകയില്ല.

6 പണം നിക്ഷേപിക്കാന്‍ കഴിയുന്നതും ബിസിനസ്സിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ശേഷിയുള്ളതുമായ ഒരു വ്യക്തിയെ ബിസിനസ്സില്‍ പാര്‍ട്ണറായി കൊണ്ടുവരിക. അത്തരത്തില്‍ കൊണ്ടുവരുമ്പോള്‍ കൃത്യമായ terms and conditions എഴുതി തയ്യാറാക്കുക.

ഒരു കാര്യം ഓര്‍ക്കുക, ബിസിനസ്സില്‍ പണം ലാഭിക്കുന്നതിനായി ഉല്‍പ്പന്നത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. ഉല്‍പ്പന്നം ഉണ്ടാക്കുന്ന പ്രോസസ്സില്‍ വിട്ടുവീഴ്ച ചെയ്യുക. ഉപഭോക്താവിന് ഏറ്റവും മികച്ച ഉത്പന്നം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
+91 8281868299 )


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it