

ചിത്രം ഒന്ന് കാണുക. Figure 1: Practical Feasibiltiy Study Methodology
പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാനൊരുങ്ങുന്ന കേരളത്തിലെ ഒരു ചാരിറ്റബ്ള്‍ ഹോസ്പിറ്റലിന്റെ ഉദാഹരണമാണ് നമ്മള്‍ എടുത്തിരുന്നത്. ഒരുപാട് വര്‍ഷങ്ങളായി മധ്യകേരളത്തില്‍ 500 കിടക്കകളുള്ള ഹോസ്പിറ്റല്‍ നടത്തിവരികയാണ് ഈ ചാരിറ്റബ്ള്‍ ഹോസ്പിറ്റല്‍. ഇപ്പോള്‍ കേരളത്തില്‍ തന്നെ അവരുടെ തൊട്ടടുത്ത പട്ടണത്തില്‍ ഒരു പുതിയ ഹോസ്പിറ്റല്‍ ഒരുക്കി സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍.
ഹോസ്പിറ്റല്‍ കെട്ടിടം നിര്‍മിക്കുന്നതിന് അവരുടെ മുന്നിലുള്ള വഴികള്‍ താഴെ പറയുന്നു.
500 കിടക്കകളുള്ള പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രത്യേകമായി നിര്‍മിക്കുക.
50 കിടക്കകളുള്ള പുതിയ ഫീഡര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുക.
ഫീഡര്‍ ഹോസ്പിറ്റല്‍ എന്ന നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന 50 കിടക്കകളുള്ള ഹോസ്പിറ്റല്‍ വാങ്ങുക.
ഫീഡര്‍ ഹോസ്പിറ്റലായി പ്രവര്‍ത്തിപ്പിക്കുന്നതിന് 50 കിടക്കകളുള്ള ഹോസ്പിറ്റല്‍ വാടകയ്ക്ക് എടുക്കുക.
ലക്ഷ്യമിടുന്ന ഉപയോക്താക്കളുടെ വിഭാഗത്തില്‍ താഴെ പറയുന്ന സാധ്യതകളാണ് ചാരിറ്റബ്ള്‍ ട്രസ്റ്റിനു മുന്നിലുള്ളത്.
പ്രീമിയം കസ്റ്റമര്‍ വിഭാഗത്തെ ലക്ഷ്യംവെയ്ക്കുക.
മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുക.
ചെലവ് കുറഞ്ഞ ചികിത്സ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യം വെയ്ക്കുക.
പുതിയ ഹോസ്പിറ്റലിനായി പണം കണ്ടെത്താന്‍ താഴെ പറയുന്ന വഴികളാണ് മുന്നിലുള്ളത്.
കയ്യിലുള്ള 50 കോടി രൂപ ഉപയോഗിക്കുക.
ബാങ്കില്‍ നിന്ന് ടേം ലോണ്‍ എടുക്കുക.
ഈ ആശയം വിലയിരുത്തുന്നതിനായി പ്രായോഗിക സാധ്യതാ പഠനരീതി പ്രയോജനപ്പെടുത്താന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് തീരുമാനിച്ചു.
ഈ ലേഖനത്തില്‍ കണ്‍ട്രി/സ്റ്റേറ്റ് മാക്രോ ട്രെന്‍ഡിനെ കുറിച്ചാണ് വിശദമാക്കുന്നത്.
പുതിയ ആശുപത്രി നിര്‍മിക്കുന്ന രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ- അതായത് ഇന്ത്യയുടെയും കേരളത്തിന്റെയും മാക്രോ ട്രെന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് വിശകലനം ചെയ്തു. രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെയും സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെയും മാക്രോ ട്രെന്‍ഡുകള്‍ താഴെ പറയും പ്രകാരമാണ്.
ഇന്ത്യ
അസംഘടിത മേഖലയിലെ പ്രതിസന്ധി മൂലം സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടായിരിക്കുന്ന വലിയ ഘടനാപരമായ മാന്ദ്യം തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ഡിമാന്‍ഡ് വളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.
സമ്പദ്‌വ്യവസ്ഥ കരുത്തോടെ വളരുകയാണെന്ന തെറ്റിദ്ധാരണ മൂലം ഹെല്‍ത്ത്‌കെയര്‍ പോലുള്ള പ്രധാന മേഖലകളില്‍ ബാങ്ക് വായ്പയെടുത്ത് സംഘടിത മേഖല നടത്തുന്ന അമിത വികസന പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ അസംഘടിത മേഖലയുടെ വിഹിതം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
കേരളം
സര്‍ക്കാര്‍ ചെലവിടല്‍ കുറച്ചതും പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ വന്ന കുറവും മൂലം സാമ്പത്തിക മേഖലയില്‍ കടുത്ത മാന്ദ്യം അനുഭവിക്കുന്നു. ഇത് കുറച്ചുകാലം കൂടി തുടരും. അതിന്റെ ഫലമായി ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ഒരു പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കണ്‍ട്രി/സ്റ്റേറ്റ് മാക്രോ ട്രെന്‍ഡ് വിശകലനത്തില്‍ നിന്ന് മനസിലാകുന്ന ഒരു കാര്യം, രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റേയും സാമ്പത്തിക സാഹചര്യം വളരെ മോശമായതിനാല്‍ പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ ബാങ്ക് വായ്പ എടുക്കുന്നത് ഒഴിവാക്കുകയെന്നതാണ് അഭികാമ്യം.
(Originally published in Dhanam Magazine 31 March 2025 issue.)
Read DhanamOnline in English
Subscribe to Dhanam Magazine