ബിസിനസ് ഗീത: അകക്കണ്ണ് തുറപ്പിക്കും 50 പാഠങ്ങള്‍

ചിലരെ കണ്ടിട്ടില്ലേ, വലിയ പഠിപ്പോ ബിരുദമോ ഇല്ലെങ്കിലും അപാര പ്രായോഗിക ബുദ്ധിയാകും. ആരും കുഴഞ്ഞുപോകുന്ന സന്ദര്‍ഭങ്ങളിലും ശരിയായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകും. എല്ലാവരുടെ ജീവിതത്തിലും ബിസിനസിലും എപ്പോഴും ആവശ്യമുള്ള ഒന്നാണ് പ്രായോഗിക ബുദ്ധി. ലോകത്തെ ഒരു സര്‍വകലാശാലയിലും ഇത് പഠിപ്പിക്കുന്നില്ല. വായിച്ചും കണ്ടറിഞ്ഞും കേട്ടറിഞ്ഞുമെല്ലാം പലരും തങ്ങളിലെ സ്വതസിദ്ധമായ പ്രായോഗിക പരിജ്ഞാനത്തെ തേച്ചുമിനുക്കിവെയ്ക്കും. ചിലര്‍ സങ്കീര്‍ണ സാഹചര്യങ്ങളില്‍ വിശ്വസ്തരായ ആരുടെയെങ്കിലും ഉപദേശങ്ങള്‍ തേടും.

ഭാരതീയ ഇതിഹാസങ്ങളില്‍ ഇതുപോലെ പ്രായോഗിക ബുദ്ധി ഉപദേശിക്കുന്ന ഏറ്റവും മിഴിവുറ്റൊരു സന്ദര്‍ഭമുണ്ട്. കുരുക്ഷേത്ര ഭൂമിയില്‍ എതിര്‍ ചേരിയിലെ ബന്ധുമിത്രാദികളെ കണ്ട് തേര്‍ത്തട്ടില്‍ തളര്‍ന്നുവീണ അര്‍ജുനന് തേരാളിയായ ശ്രീകൃഷ്ണന്‍ നേര്‍ബുദ്ധി ഉപദേശിച്ച് ഉള്ളില്‍ പോരാട്ടവീര്യം നിറയ്ക്കുന്ന ഗീതോപദേശം. അര്‍ജുനനും കൃഷ്ണനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് സങ്കീര്‍ണമായ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ലഭിക്കുന്നത്.

ഭഗവത്ഗീതയെന്ന പ്രാക്തനമായ ആ സംഭാഷണത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ കോര്‍പ്പറേറ്റ് സാരഥികള്‍ക്ക് വരെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ ശരിയായ ഉള്‍ക്കാഴ്ച്ച പകരുന്ന മാനേജ്മെന്റ് ഗൈഡ്, 'ബിസിനസ് ഗീത' രചിച്ചിരിക്കുകയാണ് എന്‍.ആര്‍.ഐ പ്രൊഫഷണലും TedX പ്രഭാഷകനും ആര്‍ട്ട് ക്യുറേറ്ററുമെല്ലാമായ അജയ്യ കുമാര്‍. ആമസോണിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ബിസിനസ് ഗീത, നിത്യ ജീവിതത്തില്‍ നടക്കുന്ന സംഭാഷണ ശകലങ്ങളിലൂടെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ക്ക് ലളിതമായ പോംവഴികളുമായി എത്തുകയാണ്.

അജയ്യ കുമാര്‍ രചിച്ച ബിസിനസ് ഗീത എന്ന പുസ്തകം കിരണ്‍ ബേദി ടി.പി ശ്രീനിവാസന് നല്‍കി പ്രകാശനം ചെയ്യുന്നു

ഉള്‍ക്കൊള്ളാം ഈ ഏഴ് പാഠങ്ങള്‍

''Business Gita: 50 Conversations 50 Leossns എന്ന ബുക്കിന്റെ തലക്കെട്ട് തന്നെ അതിന്റെ ഉള്ളടക്കത്തെ കുറിച്ച് വ്യക്തമായി പറഞ്ഞുവെയ്ക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കള്‍, അടുത്ത ബന്ധുക്കള്‍, ഞാന്‍ മെന്ററായുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ എന്നിവരുമായുള്ള സംസാരങ്ങളില്‍ നിന്നുള്ള വ്യക്തിഗത സ്പര്‍ശത്തോടു കൂടിയ കാര്യങ്ങളാണ് ഇതിലുള്ളത്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായുള്ള കോര്‍പ്പറേറ്റ് രംഗത്തെ അനുഭവസമ്പത്തും പുസ്തകത്തിന്റെ രചനയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്'' അജയ്യ കുമാര്‍ പറയുന്നു.

ഭഗവത് ഗീതയില്‍ നിന്ന് ഓരോരുത്തരും ഉള്‍ക്കൊള്ളുന്നത് വിഭിന്നമായ സന്ദേശങ്ങളാകും. ഗീതയില്‍ അജയ്യ കുമാറിനെ ഏറെ സ്വാധീനിച്ച ഏഴ് കാര്യങ്ങളില്‍ ഊന്നിയാണ് ബിസിനസ് ഗീത രചിച്ചിരിക്കുന്നത്. ''ബിസിനസില്‍ മാത്രമല്ല ജീവിതത്തിന്റെ ആകെയുള്ള അഭിവൃദ്ധി ഉപകാരപ്പെടുന്നവയാണ് ഈ ഏഴ് കാര്യങ്ങള്‍'' ഗ്രന്ഥകര്‍ത്താവ് പറയുന്നു.

1. നിങ്ങളുടെ കര്‍മത്തില്‍ ശ്രദ്ധയൂന്നുക, അതിന്റെ ഫലത്തിലല്ല. ഭഗവത് ഗീതയുടെ ആദ്യ സന്ദേശം തന്നെയാണിത്. അതാണ് സംഭാഷണങ്ങളിലൂടെ പറയുന്ന ഒരു കാര്യം.

2. ആത്മത്യാഗം അല്ലെങ്കില്‍ നിരാകരണമാണ് രണ്ടാമത്തെ കാര്യം. അതായത് ഒരു ഘട്ടത്തില്‍ നാം സമൂഹത്തിലേക്ക് അല്ലെങ്കില്‍ ചുറ്റിലുമുള്ളവരിലേക്ക് ആര്‍ജിച്ചതെല്ലാം തിരിച്ചുനല്‍കണം. അതിന്റെ ആവശ്യകതയും പ്രാധാന്യവും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

3. മാറ്റങ്ങളെ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ തകര്‍ന്നടിയുക. മാറ്റങ്ങള്‍ക്കെതിരെ നിലകൊണ്ടാല്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളെയും മാറ്റങ്ങളോട് മുഖം തിരിച്ചാലുള്ള അപകടങ്ങളും ലളിതമായി ഇതില്‍ പറയുന്നു.

4. വൈകാരിക തലങ്ങളുടെ കൈകാര്യം. ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കുന്ന ഉപദേശങ്ങളിലെ സുപ്രധാനമായൊരു ഭാഗം കൂടിയാണിത്. ജീവിതത്തിലും ബിസിനസിലും വൈകാരിക ഭാവങ്ങളെ സന്തുലിതമായി കൈകാര്യം ചെയ്താല്‍ മാത്രമേ ശരിയായ തീരുമാനങ്ങളെടുത്ത് മനസ് ചഞ്ചലപ്പെടാതെ മുന്നോട്ട് പോകാനാകുകയുള്ളൂ. അതിനുള്ള പ്രായോഗിക പാഠങ്ങളും ബിസിനസ് ഗീതയില്‍ പറയുന്നുണ്ട്.

5. എന്തിനെയും ആഴത്തില്‍ അറിയുക. എങ്കില്‍ മാത്രമേ അതിനെ കൃത്യമായി അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനാവൂ. മാത്രമല്ല നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെയ്യാനും ആഴത്തിലുള്ള അറിവ് അനിവാര്യമാണ്.

6. തീരുമാനങ്ങളെടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവിന്റെ പ്രസക്തിയെ കുറിച്ചും അത് ആര്‍ജിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ബിസിനസ് ഗീത ചര്‍ച്ച ചെയ്യുന്നു.

7. ധാര്‍മികത. ജീവിതത്തിലായാലും ബിസിനസിലായാലും ഇത് അനിവാര്യമാണ്.

കോര്‍പ്പറേറ്റ് ലോകത്തെ കലാകാരന്‍!

ജനിച്ചുവളര്‍ന്ന നാടിന്റെ സാംസ്‌കാരിക സമ്പത്തും ചെറുപ്പം മുതല്‍ കൂടെ കൂടിയ വായനയും പതിറ്റാണ്ടുകളായി കോര്‍പ്പറേറ്റ് ലോകത്തു നിന്ന് ആര്‍ജിച്ച അനുഭവങ്ങളുമാണ് അജയ്യ കുമാറെന്ന ഗ്രന്ഥകാരനെ വ്യത്യസ്തനാക്കുന്നത്. തൃശൂര്‍ ജില്ലയിലെ പെരുവനം ഗ്രാമമാണ് അജയ്യ കുമാറിന്റെ ജന്മദേശം.

''മാതാപിതാക്കള്‍ സ്‌കൂള്‍ അധ്യാപകരായിരുന്നു. അച്ഛന്റെ സ്വകാര്യ പുസ്തക ശേഖരവും നാട്ടിലെ രണ്ട് ലൈബ്രററികളുമാണ് എനിക്ക് മുന്നില്‍ വായനയുടെ ലോകം തുറന്നുതന്നത്. എഴുതണമെന്ന മോഹമുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്താണ് എഴുത്ത് സാധ്യമായത്,'' മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ ടെക്നോളജി കമ്പനിയായ എമിര്‍കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അജയ്യ കുമാര്‍ പറയുന്നു. രാഖി മേനോന്‍ ആണ് ഭാര്യ. മക്കള്‍: അപര്‍ണ, ജാഹ്നവി.

ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ Formula G, Leossns from 21 films for the 2ts1 Century Entrepreneurs, Mindful Parenting എന്നീ പുസ്തകങ്ങളുടെ രചനയില്‍ പങ്കാളിയായിട്ടുള്ള അജയ്യ കുമാര്‍ ചെയര്‍മാനായുള്ള സര്‍വമംഗള ആര്‍ട്സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ പെരുവനം ഗ്രാമത്തില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ വില്ലേജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമാണ്. ഫെബ്രുവരി അവസാന വാരത്തില്‍ ചേര്‍പ്പില്‍ അരങ്ങേറിയ ഈ വില്ലേജ് ഫെസ്റ്റില്‍ യു.എസ്, വിയന്ന, യു.കെ, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുപ്പതോളം എഴുത്തുകാരും കലാകാരന്മാരുമാണ് സംബന്ധിച്ചത്.

അജയ്യ കുമാറും പ്രവീണ്‍ പരമേശ്വരും ചേര്‍ന്ന് ഇംഗ്ലീഷില്‍ രചിച്ച'Mindful Parenting' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ'നല്ല അമ്മ, നല്ല അച്ഛന്‍' എന്ന പുസ്തകം സുഭാഷ് ചന്ദ്രന്‍ കൃഷ്ണകുമാറിന് നല്‍കി പ്രകാശനം ചെയ്യുന്നു. പരിഭാഷകന്‍ രാജീവ് ചേര്‍പ്പ് സമീപം

'Importance of solitude in entrepreneurship'' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അജയ്യ കുമാറിന്റെ TEDx സ്പീച്ച് യൂട്യൂബില്‍ ചുരുങ്ങിയ സമയം കൊണ്ട് 10 ലക്ഷത്തിലേറെ പേരാണ് ശ്രവിച്ചത്. വീട്ടമ്മമാര്‍ മുതല്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, ബിസിനസുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ബിസിനസ് ഗീത, സെന്‍ കഥകള്‍ വായിച്ചുപോകുന്ന സുഖത്തോടെ വായിക്കാവുന്നതാണ്. ഐവറി ബുക്സ് യു.കെയാണ് പ്രസാധകര്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it