

നമുക്ക് സുപരിചിതമായ പല കമ്പനികളും പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും പഴക്കമുള്ളവയാണ്. ഇവ തുടങ്ങിയവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ ഇവയുടെയൊക്കെ പ്രവര്‍ത്തനങ്ങളും സംസ്‌കാരവും ഇന്നും ഭംഗിയായി തുടരുന്നുണ്ട്. കേരളത്തിന്റെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ ഉടമസ്ഥത പരിശോധിക്കുമ്പോള്‍ ഭൂരിഭാഗവും കുടുംബ ബിസിനസുകളാണെന്നത് മനസിലാവും. കുടുംബ ബിസിനസുകള്‍ അല്ലാതെ സുഹൃത്തുകളോ, സഹപ്രവര്‍ത്തകരോ ചേര്‍ന്ന് നടത്തുന്ന ബിസിനസുകളും ഉണ്ട്.
ഈ പറഞ്ഞ രണ്ടുതരം സംരംഭങ്ങളിലും ഇതിന്റെ പിന്തുടര്‍ച്ച കൃത്യമായി ആസൂത്രണം ചെയ്യുകയോ നടപ്പാക്കുകയോ ചെയ്യുന്നതില്‍ വീഴ്ചകള്‍ ഉള്ളതായിട്ടാണ് പൊതുവെ കാണാറുള്ളത്. പുതുതലമുറയ്ക്ക് പതിറ്റാണ്ടുകളായി നടന്നുവരുന്ന സ്ഥാപനങ്ങളുടെ മാനേജ്മെന്റിലേക്ക് കടന്നുവരുന്നതില്‍ മിക്കപ്പോഴും താല്‍പ്പര്യക്കുറവുണ്ട്. ഇതിന്റെ പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
- ഇത്തരം ബിസിനസുകളില്‍ മിക്കവയും കൃത്യമായ സിസ്റ്റം ആന്‍ഡ് പ്രോസസ് ഇല്ലാത്തവയായിരിക്കും.
- പുതുതലമുറയില്‍പ്പെട്ട പലര്‍ക്കും വ്യക്തമായ അഭിരുചികളും കാഴ്ചപ്പാടുകളും ഉണ്ട്. നിലവിലുള്ള ബിസിനസ് ഇതിനോട് ചേര്‍ന്നുപോകുന്നതാകണമെന്നില്ല.
- ഔപചാരികമായ ഒരു ഘടനയോ, റിപ്പോര്‍ട്ടിംഗ് രീതികളോ ഇവയില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
- മുന്‍ തലമുറകളുടെ കൂടെ പ്രവര്‍ത്തിച്ച സീനിയര്‍ മാനേജര്‍മാര്‍ ആയിരിക്കും സ്ഥാപനത്തില്‍ ഉണ്ടാവുക. ഇവരോടൊപ്പം പ്രവര്‍ത്തിച്ച് സ്ഥാപനത്തില്‍ മാറ്റവും വളര്‍ച്ചയും ഉണ്ടാക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്.
- പലപ്പോഴും നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തു പോകുന്നുണ്ടാകില്ല. അതിനാല്‍ അറിയപ്പെടാത്ത ബാധ്യതകള്‍ സ്ഥാപനത്തില്‍ ഉണ്ടാകാം. റിസ്‌ക് എടുക്കാന്‍ പുതുതലമുറ തയാറായിക്കൊള്ളണമെന്നില്ല.
പുതിയ കാലത്തിന് അനുയോജ്യവും ആകര്‍ഷകവുമായ മേഖലകളില്‍ ആവണമെന്നില്ല ഈ ബിസിനസ്. ഒരു ബിസിനസിന്റെ പിന്തുടര്‍ച്ച തീരുമാനിക്കുന്നതിനു മുമ്പ് പിന്തുടര്‍ച്ചയ്ക്ക് അര്‍ഹരായവരുടെ ഇഷ്ടാനിഷ്ടങ്ങളും കഴിവുകളും ബലഹീനതകളുമെല്ലാം കൃത്യമായി മനസിലാക്കണം. ഇതിനു ശേഷം ബിസിനസിന്റെ ഏത് മേഖലയാണോ വിഭാഗമാണോ ചേരുക എന്നത് തിരഞ്ഞെടുക്കണം. നമ്മള്‍ മുമ്പ് ചര്‍ച്ച ചെയ്ത പുതുതലമുറയുടെ വിമുഖതയ്ക്കുള്ള കാരണങ്ങള്‍ മിക്കവയും എസ്എംഇ ഐപിഒ പ്രോഗ്രാമിലൂടെ കടന്നുപോകുമ്പോള്‍ പരിഹരിക്കപ്പെടാവുന്നതാണ്. പ്രോസസുകളുടെ നടപ്പാക്കല്‍, പ്രൊഫഷണല്‍ മാനേജര്‍മാരെ നിയമിക്കല്‍, നിയമപരമായ ബാധ്യതകള്‍ വെളിവാക്കല്‍ തുടങ്ങി ഇവര്‍ക്ക് ചേരുന്ന മേഖലകള്‍ കണ്ടെത്തുന്നത് വരെ ഇതിന്റെ ഭാഗമാണ്.
സ്ഥാപനത്തിന് വ്യക്തമായ ഒരു പിന്തുടര്‍ച്ച ഉണ്ടെന്നും അതില്‍ ഓരോരുത്തരുടെയും ഓഹരി പങ്കാളിത്തവും അവകാശങ്ങളും എന്തൊക്കെയാണെന്നും എസ്എംഇ ഐപിഒ വഴി സുതാര്യവും വ്യക്തവുമായി മനസിലാക്കാന്‍ കഴിയും. ഈ അറിവ് ജീവനക്കാര്‍ക്കും മറ്റ് പങ്കാളികള്‍ക്കും സഹകരിക്കുന്നവര്‍ക്കുമെല്ലാം വ്യക്തത നല്‍കുന്നതാണ്. അടുത്തഘട്ടത്തിലേക്കുള്ള സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഇത് സഹായകരമാണെന്നുള്ളത് വ്യക്തമാണ്.
ഏറ്റവും പ്രാധാന്യത്തോടെ മനസിലാക്കേണ്ടത് ബിസിനസിന്റെ പിന്തുടര്‍ച്ചയും പ്രമോട്ടര്‍മാരുടെ പിന്തുടര്‍ച്ചയും പലപ്പോഴും വേര്‍തിരിച്ച് കണ്ട് വിലയിരുത്തണം എന്നുള്ളതാണ്. പുതുതലമുറയ്ക്ക് ബിസിനസിന്റെ പിന്തുടര്‍ച്ച ആവശ്യമായ രീതിയില്‍ ഏറ്റെടുക്കാനോ മുന്നോട്ട് കൊണ്ടുപോവാനോ ഉള്ള താല്‍പ്പര്യമോ തീരുമാനമോ സാഹചര്യമോ ഇല്ലെങ്കില്‍ ഈ വിലയിരുത്തല്‍ കൂടുതല്‍ പ്രസക്തമാണ്. അപൂര്‍വമായി മാത്രമെ ബിസിനസിന്റെ പിന്തുടര്‍ച്ചയും പ്രമോട്ടര്‍മാരുടെ പിന്തുടര്‍ച്ചയും പ്രയാസങ്ങളില്ലാതെ ഐക്യപ്പെടാറുള്ളു.
(Originally published in Dhanam Magazine November 30, 2025 issue.)
Business succession planning requires separating promoter legacy from enterprise continuity, with SME IPOs offering structured transition.
Read DhanamOnline in English
Subscribe to Dhanam Magazine