ജോലിയില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ലേ? പ്രധാന വില്ലന്‍ ഇതാ

ഇന്ന് ജോലിയില്‍ ഒന്നും കാര്യമായി ചെയ്യാന്‍ പറ്റിയില്ല. അല്ലെങ്കില്‍ ജോലിയില്‍ ഏറെ തെറ്റുകള്‍ വരുന്നു. എടുത്ത തീരുമാനങ്ങളും പാളിപ്പോയി. ഇത് നിങ്ങളുടെ തെറ്റല്ല. നിങ്ങളുടെ ജോലിയുടെയും കുഴപ്പമല്ല. വില്ലന്‍ ഉറക്കമാണ്. 16 മിനിറ്റ് ഉറക്കക്കുറവ് പോലും അടുത്ത ദിവസത്തെ ഉല്‍പ്പാദനക്ഷമതയെ കാര്യമായി ബാധിക്കും.

തലേദിവസം രാത്രിയിലെ ഉറക്കക്കുറവ് നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിങ്ങളുടെ കഴിവിനെ, ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനെ, മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമതയെ ഒക്കെ ബാധിക്കും. അതേ സമയം നല്ല ഉറക്കം ലഭിക്കുന്നത് ജോലിയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

യു.എസിലെ 130 പേരുടെ എട്ട് ദിവസത്തെ ഉറക്കത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്‌ളോറിഡയിലെ ഗവേഷകരാണ് പഠനം നടത്തിയത്. തലേദിവസത്തെ അപേക്ഷിച്ച് പിറ്റേദിവസം 16 മിനിറ്റ് കുറച്ച് ഉറങ്ങിയതുപോലും ജോലിയെ ബാധിച്ചതായി കണ്ടെത്തി. ഉറക്കം തടസപ്പെട്ടവര്‍ക്ക് ജോലിക്കിടയില്‍ അനാവശ്യ ചിന്തകള്‍ കൂടുതല്‍ കയറിവരുന്നു. അവധിദിവസങ്ങളില്‍ ഈ പ്രശ്‌നങ്ങള്‍ ഇത്രത്തോളം ഉണ്ടാകുന്നുമില്ല.

രാത്രി 4-5 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് മാനസിക, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു. ഉറക്കം കുറയുന്നത് മാനസിക സമ്മര്‍ദ്ദം രൂക്ഷമാക്കുന്നു. അവര്‍ക്ക് പെട്ടെന്ന്, ഉചിതമായി പ്രവര്‍ത്തിക്കാനോ ശരിയായ തീരുമാനങ്ങളെടുക്കാനോ സാധിക്കുന്നില്ല. ഇപ്പോഴുണ്ടാകുന്ന ഉറക്കക്കുറവിന് ആരോഗ്യകാര്യത്തില്‍ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് പഠനം നടത്തിയ ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പഠനം നടത്തിയ റിസേര്‍ച്ച് ടീം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍:

  • ഉറക്കത്തിന്റെ സമയം എന്നതുപോലെ തന്നെ അതിന്റെ ക്വാളിറ്റിയും പ്രധാനമാണ്. നല്ല നിദ്ര ലഭിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുക.
  • നിശ്ചിത സമയത്തിനുശേഷം ഫോണ്‍, ടാബ് തുടങ്ങിയ ഉപകരണങ്ങളെല്ലാം മാറ്റിവെക്കുക. ഉദാഹരണത്തിന് രാത്രി ഒമ്പത് മണിക്കുശേഷം ഞാന്‍ ഫോണ്‍ ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക.
  • കഴിയുമെങ്കില്‍ ഓഫീസ് സമയം കഴിഞ്ഞാല്‍ ഓഫീസിലെ കാര്യങ്ങള്‍ മാറ്റിവെക്കുക. അല്ലെങ്കില്‍ അതിന് സമയപരിധി നിശ്ചയിക്കുക. ഇക്കാര്യത്തില്‍ കമ്പനികള്‍ തന്നെ നടപടികളെടുക്കുക. കാരണം ജീവനക്കാരുടെ ഉറക്കക്കുറവ് ബാധിക്കുന്ന സ്ഥാപനത്തിന്റെ പ്രകടനത്തെയാണ്.

Related Articles
Next Story
Videos
Share it