സൂപ്പര്‍താരത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന ഇന്‍ഫ്ലുവന്‍സേഴ്സ്, മാറുന്ന മാര്‍ക്കറ്റിംഗ് രീതികള്‍

അടുത്തിടെ സിനിമ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട (Vijay Deverakonda) കേരളത്തിലെ ചില കണ്ടന്റ് ക്രിയേറ്റര്‍മാരുമായി ഡാന്‍സ് റീലുകള്‍ ചെയ്തിരുന്നു. മാറുന്ന മാര്‍ക്കറ്റിംഗ് രീതിക്കും അതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ പങ്കും സൂചിപ്പിക്കുന്ന ഒരു ഉദാഹരണം മാത്രമാണിത്. കുറച്ച് കാലം മുമ്പ് വരെ ചെറിയ ബ്രാന്‍ഡുകള്‍ക്കൊക്കെ വന്‍തോതിലുള്ള മാര്‍ക്കറ്റിംഗ് അപ്രാപ്യം ആയിരുന്നു. പ്രാദേശിക കേബിള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കൊപ്പം എത്തുന്ന നോട്ടീസുകള്‍ക്കും അപ്പുറം ലോക്കല്‍ ബ്രാന്‍ഡുകളുടെ മാര്‍ക്കറ്റിംഗ് എത്തിയിരുന്നില്ല.

എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. വീട്ടിലെ ഒരു മുറിയില്‍ ഇരുന്ന് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു പെണ്‍കുട്ടിക്കും നാട്ടില്‍ തട്ടുകട നടത്തുന്ന ഒരു ചേട്ടനും സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് വിപണി കണ്ടെത്താം. റീലുകള്‍, പോസ്റ്റുകള്‍, യൂട്യൂബ് എന്നിവയിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിച്ച കണ്ടന്റ് ക്രിയേറ്റര്‍/ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സാണ് മാര്‍ക്കറ്റിംഗ് രംഗത്തെ താരങ്ങള്‍. ഒരു യൂട്യൂബ് വിഡിയോയിലൂടെയോ റീലിലൂടെയോ ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് ബ്രാന്‍ഡുകള്‍ക്കെത്താം. 5000 രൂപ മുതല്‍ ബ്രാന്‍ഡുകളുമായി സഹകരിക്കുന്ന സോഷ്യല്‍ മീഡിയ താരങ്ങളുണ്ട്. മലയാളികള്‍ക്ക് പുറമെ അന്യസംസ്ഥാനങ്ങളില്‍ പോലും കേരളത്തിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഫോളോവേഴ്സുണ്ടെന്നതും ബ്രാന്‍ഡുകളുടെ റീച്ച് കൂട്ടും.

50,000 രൂപ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സഹകരിക്കുന്ന സീരിയല്‍ താരങ്ങള്‍ ഉണ്ട്. സിനിമ താരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങള്‍ ചെയ്തിരുന്ന കേരളത്തിലെ ഒരു പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ പുതിയ കളക്ഷനുകള്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ പെണ്‍കുട്ടികളാണ്. വമ്പന്‍ ബ്രാന്‍ഡുകള്‍ വരെ ഇപ്പോല്‍ യൂട്യൂബ് ചാനലുകള്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ ഇറങ്ങിയാലും ബൈക്ക് ഇറങ്ങിയാലും ആദ്യം ആളുകള്‍ യൂട്യൂബ് (Youtube) ചാനലുകളുടെ റിവ്യൂ ആണ് നോക്കുന്നത്. നഗരങ്ങളിലെ റസ്റ്റോറന്റുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതാകട്ടെ ഫൂഡ് ബ്ലോഗര്‍മാരും. ഒരു ബോളിവൂഡ് നായിക അഭിനയിക്കുന്ന ഫേഷ്യല്‍ ക്രീം പരിസ്യത്തെക്കാള്‍ ഇന്ന് ഉപഭോക്താക്കള്‍ക്ക് വിശ്വാസം ബ്യൂട്ടി ടിപ്സ് പരിചയപ്പെടത്തുന്ന യൂട്യൂബ് ചാനലിലെ പെണ്‍കുട്ടിയെ ആണ്.

വളരുന്ന സോഷ്യല്‍ കൊമേഴ്‌സ്

ഇന്ന് ഇ-കോമേഴ്‌സ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗമാണ് സോഷ്യല്‍ കൊമേഴ്‌സ്. ചാറ്റിംഗ് മുതല്‍ വീഡിയോ കണ്ടന്റുകള്‍ വരെ ഉള്‍പ്പെട്ട സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ചെറുകിട സംരംഭകരാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ആണ് ഇന്ത്യന്‍ സോഷ്യല്‍ കോമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ഗ്ലോറോഡിനെ ആമസോണ്‍ സ്വന്തമാക്കിയത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ഷോപ്സി, യൂട്യൂബിന്റെ സിംസിം, മീഷോ, ഡീല്‍ഷെയര്‍, ബുള്‍ബുള്‍, മാള്‍91 തുടങ്ങി നിരവധി സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്തുള്ളത്. പ്രാദേശിക ഭാഷയിലൂടെ വലിയൊരു വിഭാഗത്തിനിടയിലേക്ക് ഉല്‍്പ്പന്നങ്ങള്‍ എത്തിക്കാം എ്ന്നതാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ കൊണ്ടുള്ള നേട്ടം. ഫ്‌ലിപ്കാര്‍ട്ടിലും മിന്ത്രയിലുമൊക്കെ ഫേസ്ബുക്കിന് സമാനമായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പോസ്റ്റുകള്‍ പങ്കിടാനുള്ള ഫീഡുകളും ഉണ്ട്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it