വൈറസ് വസ്ത്രത്തിലുണ്ടാകുമോ? ഷൂസില്‍ പറ്റിപ്പിടിക്കുമോ? മുടിയിലിരിക്കുമോ?

വൈറസ് വസ്ത്രത്തിലുണ്ടാകുമോ? ഷൂസില്‍ പറ്റിപ്പിടിക്കുമോ? മുടിയിലിരിക്കുമോ?
Published on

ലോക്ഡൗണില്‍ ചില ഇളവുകള്‍ ഇന്ന് നിലവില്‍ വന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണി ഇല്ലാതാകുന്നില്ല. പുറത്തുപോയി വന്നാല്‍ പലര്‍ക്കും നിരവധി സംശയങ്ങളാണ്. എന്റെ വസ്ത്രത്തില്‍ കൊറോണ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടാകുമോ? മുടിയിലും ഷൂസിലുമൊക്കെ വൈറസ് ഇരിക്കുമോ? പുറത്തുപോയി വരുമ്പോള്‍ കുളിക്കണോ? വസ്ത്രങ്ങള്‍ എന്തുചെയ്യണം? ഇവയ്ക്ക് ഉത്തരങ്ങള്‍ കണ്ടെത്താം.

പുറത്തുപോയി വന്നാല്‍ കുളിക്കേണ്ടതുണ്ടോ?

സാമൂഹിക അകലം പാലിച്ചും ആവശ്യത്തിന് കരുതലോടെയും കടയിലോ മെഡിക്കല്‍ സ്‌റ്റോറിലോ ഒക്കെ പോയിവരുന്നവര്‍ തിരിച്ചുവന്നിട്ട് നേരെ കുളിക്കുകയോ വസ്ത്രം മാറുകയോ ചെയ്യേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാലും നാം തീര്‍ച്ചയായും കൈകള്‍ നന്നായി കഴുകണം.

രോഗം ബാധിച്ചയാളുടെ സ്രവങ്ങള്‍ വായുവിലൂടെ നിങ്ങളുടെ വസ്ത്രത്തിലെത്താനുള്ള സാധ്യത കുറവാണ്. കാരണം അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്താലും അതിലെ കൂടുതല്‍ തുള്ളികളും താഴെ വീഴും. എന്നാല്‍ വളരെ ചെറിയ തുള്ളികള്‍ അരമണിക്കൂര്‍ വായുവില്‍ നില്‍ക്കാം. എന്നാല്‍ നാം വായുവിനെ തള്ളിനീക്കിയാണ് മുന്നോട്ട് നീങ്ങുന്നത് എന്നതിനാല്‍ വസ്ത്രങ്ങളില്‍ അവ പറ്റിപ്പിടിക്കാനുള്ള സാധ്യത കുറയുന്നു. എയ്‌റോഡൈനാമിക്‌സ് തത്വമാണ് ഇവിടെ സംഭവിക്കുന്നത്.

എന്നാല്‍ രോഗമുള്ളയാള്‍ നിങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ വായില്‍ നിന്ന് സ്രവങ്ങള്‍ തെറിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇതുതന്നെ സംഭവിക്കാം. ഇത് നിങ്ങളുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചേക്കാം. ആരെങ്കിലും നിങ്ങളുടെ നേരെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ വീട്ടില്‍ വന്ന് വസ്ത്രം മാറ്റി കുളിക്കണം.

$ മുടിയില്‍ പറ്റിപ്പിടിക്കുമോ?

നേരത്തെ പറഞ്ഞതുപോലെ സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ താടിയിലോ മുടിയിലോ വൈറസ് പറ്റിപ്പിടിക്കുമെന്ന ഭയം വേണ്ട. രോഗമുള്ള ഒരാള്‍ നിങ്ങളുടെ പിന്നില്‍ നിന്ന് തുമ്മി നിങ്ങളുടെ തലയുടെ പിന്നില്‍ സ്രവം പറ്റിയാലും രോഗബാധയ്ക്ക് സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പൂര്‍ണ്ണസുരക്ഷിതം എന്ന് പറയാനുമാകില്ല. തലയില്‍ പറ്റിയ സ്രവം കൈകൊണ്ട് തൊട്ടശേഷം മുഖത്ത് തൊടുന്നതുവഴി വളരെ നേരിയ ഒരു സാധ്യത ഉണ്ടായേക്കാം. വരിയില്‍ നില്‍ക്കുമ്പോഴും മറ്റും അകലം പാലിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

$ വൈറസ് എത്ര നേരം പുറത്ത് ജീവിച്ചിരിക്കും?

മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിസിലെ പഠനത്തില്‍ വൈറസ് ലോഹപ്രതലങ്ങളിലും പ്ലാസ്റ്റിക്കിലും മൂന്ന് ദിവസം വരെയും കാര്‍ഡ്‌ബോര്‍ഡില്‍ 24 മണിക്കൂര്‍ വരെയും ജീവിച്ചിരിക്കാമെന്ന് പറയുന്നു. എന്നാല്‍ തുണിയില്‍ പഠനം നടത്തിയിട്ടില്ല. കാര്‍ഡ്‌ബോര്‍ഡില്‍ വീണ സ്രവം പെട്ടെന്ന് ഉണങ്ങിപ്പോകാനുള്ള സാധ്യത കൊണ്ടാണ് 24 മണിക്കൂര്‍ വരെ എന്ന് പറയുന്നത്. തുണിയിലും ഇതേ സാധ്യത തന്നെയാണുള്ളത്.

$ നടക്കാന്‍ പോയാല്‍ കുഴപ്പമുണ്ടോ?

സുരക്ഷിതമായ അകലം പാലിച്ച് പുറത്ത് നടക്കാന്‍ പോകുന്നതുകൊണ്ട് കുഴപ്പമില്ല. കാരണം കെട്ടിടങ്ങളുടെ ഉള്‍വശത്തേക്കാള്‍ സുരക്ഷിതമായാണ് തുറസായ സ്ഥലത്തെ കാണുന്നത്. പുറത്തെ വായുവില്‍ ഏറെ നേരം വൈറസ് തങ്ങിനില്‍ക്കാനുള്ള സാധ്യത കുറവാണെന്നതുകൊണ്ടാണ് അത്. രോഗബാധയുള്ള ആളുടെ സ്രവം പുറത്തെ വായുവുമായി കലര്‍ന്ന് അതിന്റെ സാന്ദ്രത കുറയും. എന്നാല്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ ഒരിക്കലും നടക്കാന്‍ പോകരുത്. ജിംനേഷ്യം, നീന്തല്‍ക്കുളം എന്നിവയൊന്നും ഈ സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല.

$ ചെരുപ്പില്‍ വൈറസ് പറ്റിപ്പിടിക്കുമോ?

നമ്മുടെ ചെരുപ്പ് അനേകം ബാക്റ്റീരിയകളുടെയും വൈറസുകളുടെയും വാഹകര്‍ തന്നെയാണ്. എന്നാല്‍ അതില്‍ നിന്ന് രോഗം പകര്‍ന്നതിന് തെളിവില്ല. കാരണം സ്വാഭാവികമായി ചെരുപ്പിന്റെ അടിയില്‍ നാം തൊടാറില്ലല്ലോ. ഈ സാഹചര്യത്തില്‍ പ്രത്യേകിച്ച് ചെരുപ്പ് വീടിന് വെളിയില്‍ സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്. തുടയ്ക്കുമ്പോള്‍ അണുക്കള്‍ കൈകളിലേക്ക് പകരാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ചെരുപ്പോ ഷൂവോ വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com