സംരംഭകര്‍ പാഴാക്കരുത് ഈ അവസരം: കമ്പനീസ് കംപ്ലയന്‍സ് ഫസിലിറ്റേഷന്‍ സ്‌കീം 2026

വാര്‍ഷിക റിട്ടേണും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും സമയബന്ധിതമായി സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി ആശ്വാസമാകും. പദ്ധതി പ്രാബല്യത്തില്‍ വരുന്ന കാലയളവ്- ആരംഭം: 15 ഏപ്രില്‍ 2026, അവസാനം: 15 ജൂലൈ 2026
(തയാറാക്കിയത്: നിതിന്‍ ബാബു കെ, എംഡി, CSWA ഗ്രൂപ്പ് ഓഫ് കമ്പനീസ്. സവീഷ് കെ.വി, ചെയര്‍മാന്‍, CSWA ഗ്രൂപ്പ് ഓഫ് കമ്പനീസ്)
(തയാറാക്കിയത്: നിതിന്‍ ബാബു കെ, എംഡി, CSWA ഗ്രൂപ്പ് ഓഫ് കമ്പനീസ്. സവീഷ് കെ.വി, ചെയര്‍മാന്‍, CSWA ഗ്രൂപ്പ് ഓഫ് കമ്പനീസ്)
Published on

ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ സമയബന്ധിതമായ ഫയലിങ് കൂടുതല്‍ ശക്തമാക്കുന്നതിനും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനുമായി കോര്‍പറേറ്റ് കാര്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയാണ് Companies Compliance Facilitation Scheme 2026 (CCFS-2026). വാര്‍ഷിക റിട്ടേണും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുകളും സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനാല്‍ നിരവധി കമ്പനികള്‍ക്ക് സാമ്പത്തിക ഭാരം അധികമായി ഉണ്ടായിട്ടുണ്ട്.

കാരണം, നിലവില്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക റിട്ടേണ്‍ ഫയലിങ് വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതം കമ്പനികള്‍ക്ക് അധിക ഫീസ് ഈടാക്കുന്ന നിയമം നിലവിലുണ്ട്. ഇതിന് പരമാവധി പരിധിയില്ലാത്തതിനാല്‍ ചെറുകിട കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു 'ഒറ്റത്തവണ അവസരം' (OneTime Opportuntiy) ഒരുക്കുന്നത്.

പ്രധാന ലക്ഷ്യങ്ങള്‍

  • കോര്‍പറേറ്റ് രജിസ്ട്രിയില്‍ കൃത്യവും പുതുക്കിയതുമായ വിവരങ്ങള്‍ ഉറപ്പാക്കുക.

  • എംഎസ്എംഇകള്‍ക്കും സ്വകാര്യകമ്പനികള്‍ക്കും സാമ്പത്തിക ആശ്വാസം നല്‍കുക.

  • പ്രവര്‍ത്തനരഹിതമായ കമ്പനികള്‍ക്ക് Dormant Status അല്ലെങ്കില്‍ Closure തിരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കുക.

  • ഈസ് ഓഫ് ഡൂയിങ് ബിസിനസ് ശക്തിപ്പെടുത്തുക.

നിഷ്‌ക്രിയ കമ്പനികളെയും സജീവ കമ്പനികളെയും കൃത്യമായി വേര്‍തിരിച്ച് കോര്‍പറേറ്റ് മേഖലയെ കൂടുതല്‍ ശുദ്ധീകരിക്കാന്‍ കൂടിയുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

കമ്പനികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍

CCFS-2026 പ്രകാരം കമ്പനികള്‍ക്ക് ലഭിക്കുന്ന മൂന്ന് പ്രധാന ഓപ്ഷനുകള്‍ ഇവയാണ്.

1. പെന്‍ഡിങ് ഫയലിങ്ങുകള്‍ പൂര്‍ത്തിയാക്കല്‍: വൈകിയതിനുള്ള മൊത്തം അധിക ഫീസിന്റെ 10% മാത്രം അടച്ച് വാര്‍ഷിക റിട്ടേണ്‍, ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ്സ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാം. ഇത് വലിയ സാമ്പത്തിക ലാഭമാണ്.

2. Dormant Company Status നേടുക: കമ്പനി നിയമത്തിലെ സെക്ഷന്‍ 455 പ്രകാരം e-Form MSC-1 സമര്‍പ്പിച്ച്, സാധാരണ ഫീസിന്റെ പകുതി മാത്രം അടച്ച് Dormant Status നേടാം. പ്രവര്‍ത്തനരഹിതമായ കമ്പനികള്‍ക്ക് കുറഞ്ഞ ഫയലിങ്ങോടു കൂടി രജിസ്റ്ററില്‍ തുടരാം.

3. കമ്പനി Srike Off ചെയ്യുക: e-Form STK-2 വഴി അപേക്ഷ നല്‍കി, ഫയലിങ് ഫീസിന്റെ 25% മാത്രം അടച്ച് കമ്പനി പൂട്ടാം. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് മികച്ച മാര്‍ഗം.

ഇമ്മ്യൂണിറ്റി സംബന്ധിച്ച പ്രധാന വ്യവസ്ഥകള്‍

CCFS-2026 പദ്ധതിയുടെ ഭാഗമായി രേഖകള്‍ സമര്‍പ്പിക്കുന്ന കമ്പനികള്‍ക്ക്,ചില സാഹചര്യങ്ങളില്‍ പിഴ നടപടികളില്‍ നിന്ന് ഇമ്മ്യൂണിറ്റി ലഭിക്കും. വാര്‍ഷിക റിട്ടേ (Section 92)ണും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റുക(Section 137)ളും സംബന്ധിച്ച വീഴ്ചകളില്‍ അഡ്ജുഡിക്കേറ്റിങ് ഓഫീസര്‍ നോട്ടീസ് നല്‍കുന്നതിന് മുമ്പ്, അല്ലെങ്കില്‍ നോട്ടീസ് നല്‍കിയതിന് 30 ദിവസത്തിനകം ഫയലിങ് പൂര്‍ത്തിയാക്കിയാല്‍ ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കുകയും പിഴ ചുമത്തപ്പെടാതിരിക്കയും ചെയ്യും. എന്നാല്‍ 30 ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷം ഫയല്‍ ചെയ്യുകയോ ഇതിനകം പിഴ വിധിച്ചിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ പിഴ ബാധ്യതയില്‍ ഇളവ് ലഭിക്കില്ല.

അതേസമയം ADT-1, FC-3, FC-4 എന്നിവയും 1956 നിയമപ്രകാരം ഉള്ള ചില ഫോമുകളും സംബന്ധിച്ച്, ഫയല്‍ ചെയ്യുന്നതിന് മുമ്പ് പ്രോസിക്യൂഷന്‍ ആരംഭിക്കുകയോ ഷോ കോസ് നോട്ടീസ് ലഭിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ മാത്രമെ ഭാവിയിലെ പിഴ നടപടികളില്‍ നിന്ന് സംരക്ഷണം ലഭ്യമാകുകയുള്ളൂ.

പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ ആരൊക്കെ?

1. രജിസ്ട്രാര്‍ strike off നടപടി ആരംഭിച്ച കമ്പനികള്‍.

2. മുമ്പ് തന്നെ strike off അപേക്ഷ നല്‍കിയവര്‍.

3. Dormant status ഇതിനകം അപേക്ഷിച്ചവര്‍.

4. അമാല്‍ഗമേഷന്‍ വഴി ലയിച്ച കമ്പനികള്‍.

5. Vanishing companies.

ഈ സ്‌കീം പ്രയോജനപ്പെടുത്താതെ ആവശ്യമായ വാര്‍ഷിക ഫയലിങ്ങുകള്‍ നിര്‍വഹിക്കാതെയും strike off നടപടികള്‍ സ്വീകരിക്കാതെയും തുടരുന്ന കമ്പനികള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ഇത് വെറും ഫീസ് ഇളവായി കാണാതെ, സ്ഥാപനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ഒരു നിര്‍ണായക അവസരമായി കാണേണ്ടതാണ്.

(Originally published in Dhanam Magazine March 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com