കൊവിഡിലും കുലുങ്ങില്ല; എന്‍വറ പത്തു വര്‍ഷം മുമ്പേ വര്‍ക്ക് അറ്റ് ഹോമാണ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ഏറെ പ്രചാരത്തിലായതാണ് വര്‍ക്ക് അറ്റ് ഹോം രീതി. അതിനായി കംപ്യൂട്ടറുകള്‍ വാടകയ്‌ക്കെടുത്തും പുതിയത് വാങ്ങിയും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന തിരക്കിലാണ് കമ്പനികള്‍. എന്നാല്‍ മലപ്പുറം ജില്ലയിലെ ചെറുപട്ടണമായ പരപ്പനങ്ങാടി ആസ്ഥാനമായുള്ള എന്‍വറ ക്രിയേറ്റീവ് ഹബ് എന്ന ഐറ്റി കമ്പനി ഏകദേശം പത്തു വര്‍ഷം മുന്നേ വര്‍ക്ക് അറ്റ് ഹോമാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്‌സൈറ്റ് ഡിസൈനിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ 30 ലേറെ ജീവനക്കാര്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലിരുന്നാണ് ജോലി ചെയ്യുന്നത്. ബാംഗളൂരിലെയും ഒറീസയിലേയും കൊച്ചിയിലേയും കോഴിക്കോട്ടേയും കണ്ണൂരിലേയും ആളുകളുണ്ട്.

വര്‍ക്ക് അറ്റ ്‌ഹോമിന്റെ ഗുണം

പത്തു വര്‍ഷം മുമ്പ് എന്‍വറയ്ക്ക് തുടക്കമിടുമ്പോള്‍ സ്ഥാപകരിലൊരാളും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ രജീഷ് കണ്ണൂരിലെ സ്ഥപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് കണ്ണൂരിലെത്താന്‍ ചുരുങ്ങിയത് മൂന്നു മണിക്കൂറെടുക്കും. തിരിച്ചും അത്രതന്നെ സമയം വേണ്ടി വരുന്നു. ഒരു ദിവസത്തിന്റെ ആറുമണിക്കൂര്‍ യാത്രയ്ക്കായി മാറ്റിവെക്കുന്നത് ജോലിയെയും ആരോഗ്യത്തെയും ബാധിക്കുന്നു. ജോലിക്കായുള്ള യാത്ര ഒഴിവാക്കാനായാല്‍ അത് പ്രൊഡക്റ്റിവിറ്റി കൂട്ടുമെന്ന തിരിച്ചറിവാണ് സ്വന്തം സ്ഥാപനം തുടങ്ങിയപ്പോള്‍ വര്‍ക്ക് അറ്റ് ഹോം അനുവദിക്കാന്‍ രജീഷിനും സഹസ്ഥാപകനായ ക്രിയേറ്റീവ് ഡയറക്റ്റര്‍ ഹരിലാലിനും പ്രചോദനമായത്.

മറ്റൊരു നേട്ടം, മികച്ച ഐറ്റി വിദഗ്ധരുടെ സേവനം ലഭ്യമാകുന്നു എന്നതാണ്.
പരപ്പനങ്ങാടി പോലെയുള്ള ഉള്‍പ്രദേശങ്ങളില്‍ വന്ന് ജോലി ചെയ്യാന്‍ പലര്‍ക്കും മടിയാണ്. മെട്രോ നഗരങ്ങളാണ് അവരുടെ താല്‍പ്പര്യം. എന്നാല്‍ വര്‍ക്ക് അറ്റ് ഹോം ആകുമ്പോള്‍ എവിടെയിരുന്നും ജോലി ചെയ്യാനാകൂം. മാത്രമല്ല, സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താനാവുകയും ചെയ്യാം. പ്രമുഖ ഐറ്റി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പോലും ഒഴിവുസമയങ്ങളില്‍ എന്‍വറയ്ക്കായി ജോലി ചെയ്യുന്നു.

പരിമിതമായ സ്ഥിരം ജീവനക്കാര്‍

പരപ്പനങ്ങാടിയിലെ ഓഫീസില്‍ അതിനു ചുറ്റുപാടുമുള്ള ഏതാനും പേര്‍ മാത്രമാണ് വന്ന് ജോലി ചെയ്യുന്നത്. പ്രോജക്റ്റ് മാനേജരും ക്രിയേറ്റീവ് ഡയറക്റ്ററും അതിന് നേതൃത്വം നല്‍കുന്നു. ഫ്രീലാന്‍സായി ജോലി ചെയ്യുന്നവര്‍ക്ക് ജോലിക്കനുസരിച്ചാണ് വേതനം നല്‍കി വരുന്നത്. അതുകൊണ്ടു തന്നെ അവര്‍ ഉഴപ്പുന്നുണ്ടോ എന്ന് നോക്കേണ്ട കാര്യം കമ്പനിക്കുണ്ടാവുന്നില്ല. നിശ്ചിത സമയത്തിനകം വര്‍ക്ക് പൂര്‍ത്തീകരിക്കാത്തവരെ നീക്കി പകരം വേറെയാള്‍ക്ക് ജോലി നല്‍കും. ഇത്തരത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ ഉള്‍പ്പെടുത്തി ഫ്രീലാന്‍സേഴ്‌സ് ക്ലബും എന്‍വറ രൂപീകരിച്ചിട്ടുണ്ട്.

കേരളത്തിന് അനുയോജ്യം

മലയാളികള്‍ പൊതുവേ മടിയരും ജോലിയില്‍ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരുമാണ്. വര്‍ക്ക് അറ്റ് ഹോം ഇത്തരത്തിലുള്ള ആളുകള്‍ക്ക് അനുയോജ്യമാണ്. അവര്‍ക്ക് ജോലിയില്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തന്നെ സംരംഭകന് ചെയ്ത ജോലിക്ക് മാത്രം കൂലി നല്‍കിയാല്‍ മതിയെന്ന ആനുകൂല്യവുമുണ്ട്.
മാത്രവുമല്ല, ഇടയ്ക്കിടെ ഹര്‍ത്താല്‍ വലയ്ക്കുന്ന കേരളത്തിന് വര്‍ക്ക് അറ്റ് ഹോം അനുഗ്രഹമാകും. പ്രളയം പോലുള്ള ദുരന്തങ്ങളിലും ഇത് തടസ്സമില്ലാത്ത പ്രവര്‍ത്തനം ഉറപ്പു വരുത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it