'കേരളത്തിന് പണം ഉണ്ടാക്കാന്‍ ചില മേഖലകള്‍, മലയാളി സംരംഭകര്‍ക്കും': സന്തോഷ് ജോര്‍ജ് കുളങ്ങര

സംരംഭം തുടങ്ങാന്‍ അത്യാവശ്യം വേണ്ടത് പണമല്ല, മികച്ച ആശയമാണ്. ആശയം നല്ലതെങ്കില്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ബൈജൂസ് ആപ്പ് വളര്‍ന്നത് ബൈജുവിന്റെ പണം കൊണ്ട് മാത്രമല്ലല്ലോ. സഞ്ചാരം തുടങ്ങിയപ്പോള്‍ അത്ര പണം മുടക്കാന്‍ കഴിവുള്ള നിരവധി പേര്‍ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നു. പണം ഇല്ലാത്തതു കൊണ്ടല്ല അവര്‍ സഞ്ചാരം ചെയ്യാതിരുന്നത്. ക്രിയാത്മകമായി ചിന്തിക്കാനും കഷ്ടപ്പെടാനും തയാറാകാത്തവരാണ് പണമില്ലാത്തതുകൊണ്ട് ഒന്നും നടക്കില്ല എന്നു പറയുന്നത്.

പറച്ചിലല്ല, ചെയ്തു കാണിക്കാം

നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി ഒന്നും ചെയ്യാനാവില്ല. മനസില്‍ തോന്നിയ പദ്ധതി സ്വയം ചെയ്തുകാട്ടുകയാണ് വേണ്ടത്. ഞാന്‍ എന്തെങ്കിലും ചെയ്യുന്നത് ആരോടും ചര്‍ച്ച ചെയ്തിട്ടല്ല. വീട്ടുകാര്‍ തന്നെ കാര്യം അറിയുന്നത് ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോഴാണ്. നമ്മുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരുടെയും അഭിപ്രായം തേടേണ്ടതില്ല.

പ്രധാനം, സാമ്പത്തിക അച്ചടക്കം

അധ്യാപകനായിരിക്കുമ്പോഴുള്ള ശീലം തന്നെയാണ് ബിസിനസിലും അച്ഛന്‍ പിന്തുടര്‍ന്നിരുന്നത്. അത് ബിസിനസിന് അത്ര അനുയോജ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ മേഖലയില്‍ മികച്ചു നില്‍ക്കുമ്പോഴും ബിസിനസില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബിസിനസ് വിജയത്തിന് സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. അതിന് പ്രൊഫഷണലിസം വേണം. പഞ്ചനക്ഷത്ര ഹോട്ടലുകളെ നാട്ടിലെ ചെറുകിട ചായക്കടകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഈ പ്രൊഫഷണലിസമാണ്.

സ്വപ്നങ്ങളെ പിന്തുടരുക, മറ്റുള്ളവരും അതിനൊപ്പം വരും

ചെറുപ്പം തൊട്ടേയുള്ള മോഹമായിരുന്നു ടെലിവിഷനില്‍ പ്രവര്‍ത്തിക്കുക എന്നത്. ആദ്യകാലങ്ങളില്‍ ദൂരദര്‍ശനില്‍ ചില പ്രോഗ്രാമുകള്‍ നടത്തിയിരുന്നു. പിന്നീടാണ് വേറിട്ടു നിര്‍ത്തുന്ന എന്തെങ്കിലും ചെയ്യണം എന്ന മോഹമുണ്ടാകുന്നത്. അങ്ങനെയാണ് സഞ്ചാരത്തിന് തുടക്കമിടുന്നത്. ചെറുപ്പം തൊട്ടേയുള്ള സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയായിരുന്നു എന്റേത്. അത് വിജയമായതോടെ ഈ രംഗത്തേക്ക് പലരും വന്നു.

ബിസിനസ് എവിടെ നിന്നുമാകാം

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏതു വിദൂര ഗ്രാമത്തെയും അടുപ്പിക്കുന്നു. എത്ര വലിയ ബിസിനസും ലോകത്തിന്റെ ഏതു കോണിലിരുന്നും നടത്താവുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ വളര്‍ന്നു. ഗ്രാമീണ മേഖലയായ മരങ്ങാട്ടുപ്പള്ളിയില്‍ ലേബര്‍ ഇന്ത്യയുടെആസ്ഥാനം ആയിരിക്കുന്നതില്‍ തടസങ്ങളൊന്നും നേരിടുന്നില്ല. ഏതൊരു നഗരത്തിലും ലഭിക്കുന്ന സൗകര്യങ്ങള്‍ ഇപ്പോള്‍ ഗ്രാമീണ മേഖലയിലും ലഭിക്കുന്നു.

അവിടെ ടൗണ്‍ഷിപ്പ് രൂപപ്പെടുന്നു. ന്യൂയോര്‍ക്ക് നഗരത്തിലിരുന്നല്ല ഗൂഗ്ള്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗ്ള്‍ പ്രവര്‍ത്തിക്കുന്നിടം ലോക ഐ.ടി തലസ്ഥാനമായി മാറുകയായിരുന്നു. നമ്മള്‍ നന്നായി ചെയ്താല്‍ നമ്മളിരിക്കുന്നിടത്തേക്ക് ആളുകള്‍ വരും.

കാലത്തിനൊപ്പം വളരാം

കാലം ആവശ്യപ്പെടുന്ന രീതിയില്‍ വളരുന്നവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. ലേബര്‍ ഇന്ത്യയില്‍ അത്തരത്തിലുള്ള മാറ്റത്തിന് മുമ്പേ തന്നെ ശ്രമിച്ചിരുന്നു. 1995ലാണ് ഞാന്‍ ലേബര്‍ ഇന്ത്യയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.

2004ല്‍ ലേബര്‍ ഇന്ത്യ സോഫ്റ്റ് വെയര്‍ ലബോറട്ടറീസ് എന്ന കമ്പനിയുണ്ടാക്കി ലേബര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ കാലത്തിനു മുമ്പേ ആയതിനാല്‍ അന്നത് അത്ര പ്രചാരം നേടിയില്ലെങ്കിലും കോവിഡ് കാലത്ത് വലിയ പ്രചാരമായി. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിനൊപ്പം ഫിസിക്കല്‍ കോപ്പിക്കും ഇന്നും പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ലേബര്‍ ഇന്ത്യ പുറത്തിറക്കുന്നത്. ഏറ്റവും പുതിയ ടെക്നോളജി കണ്ടെത്തി അത് പ്രയോഗത്തില്‍ വരുത്തുന്നതിനെ കുറിച്ചാണ് സംരംഭകര്‍ ചിന്തിക്കേണ്ടത്. ചാറ്റ്ജിപിടി, ഓണ്‍ലൈന്‍ പഠനം, ആപ്പുകള്‍ എന്നിവയുടെ പ്രഭാവത്തെ നിരീക്ഷിച്ചുവരികയാണിപ്പോള്‍.

പണമുണ്ടാക്കാവുന്ന മേഖലകള്‍

കേരളത്തിന് പണം ഉണ്ടാക്കാന്‍ കഴിയുന്ന മേഖലകള്‍ നിരവധിയുണ്ട്.

1. ടൂറിസം: സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റം ഉണ്ടാകേണ്ട മേഖലയാണിത്. എങ്കില്‍ വളരും. വിനോദസഞ്ചാരികള്‍ക്ക് അവര്‍ക്ക് താല്‍പ്പര്യമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അഴിഞ്ഞാടാന്‍ വിടണം എന്നല്ല, മറിച്ച് അവരുടെ ഇഷ്ടത്തിന് വിടണം.

2. വിദ്യാഭ്യാസം: കേരളത്തിനു പുറത്തു നിന്നും മധ്യേഷ്യ, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തരത്തില്‍ കോഴ്സുകളും അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകണം.

3. ആരോഗ്യം: ചികിത്സയില്‍ നമ്മള്‍ക്ക് ഒരു മുന്‍തൂക്കം ഉണ്ട്. ആരോഗ്യ നിയമങ്ങളില്‍ വ്യക്തത ഉണ്ടാക്കി വിദേശത്തു നിന്നടക്കം രോഗികളെ ആകര്‍ഷിക്കാന്‍ കേരളത്തിനാകും.

4. ഐ.ടി: മേഖലയില്‍ ഒരു മുന്‍തൂക്കം നമുക്ക് ഉണ്ടായിരുന്നു. മികച്ച മാനേജ്മെന്റ് സംവിധാനം ഈ രംഗത്ത് ഉണ്ടാകുകയും ബംഗളൂരു പോലെ വളരാന്‍ കഴിയുകയും വേണം.

5. കൃഷി: പുതുതലമുറ പോലും കൃഷിയിലേക്ക് തിരിയുന്ന കാലമാണിത്. വ്യാപകമായ കൃഷിയല്ല, ബുദ്ധിപൂര്‍വമായ കൃഷി സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത്. ടെക്നോ ഫാമിംഗിന് അവസരമൊരുങ്ങണം. കൃഷി ഓഫീസര്‍മാര്‍ക്ക് ടാര്‍ഗറ്റ് നല്‍കി സ്മാര്‍ട്ട് കൃഷി രീതിയിലേക്ക് മാറണം.

6. കായികം: ഏറെ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്. വിദ്യാര്‍ത്ഥികളുടെ എണ്ണവും ധാരാളം. കായികോപകരണങ്ങളുടെ ഉല്‍പ്പാദനം വലിയ സാധ്യതകളുള്ള ബിസിനസാണ്.

പ്ലാനിംഗ് ഇല്ലാത്തത് പ്രശ്നം

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്. ചുരുങ്ങിയത് 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അതിനുവേണ്ടി പ്രവര്‍ത്തിക്കണം. പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് അവയ്ക്കുള്ള പരിഹാരം കണ്ടുകൊണ്ടുള്ള റിവേഴ്സ് ഓര്‍ഡര്‍ പ്രവര്‍ത്തനമാണ്വേണ്ടത്. 'Begin with end in mind' എന്നു കേട്ടിട്ടില്ലേ. പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഐ.എ.എസ് മാത്രം പോര. അതിന് ക്രിയേറ്റിവിറ്റി കൂടി വേണം. എങ്കില്‍ ബ്രഹ്‌മപുരം പ്രശ്നങ്ങള്‍ പോലുള്ളവ പോലും എളുപ്പത്തില്‍ പരിഹരിക്കാനാകും.

പരാജയം അത്ര വലിയ കാര്യമല്ല

ബിസിനസില്‍ പരാജയപ്പെടുക എന്നത് സാധാരണമാണ്. ഒരു പരീക്ഷണം എന്ന നിലയിലാണ് ഓരോ ബിസിനസിനെയും കാണേണ്ടത്. നഷ്ടം സംഭവിച്ചാല്‍ വലിയ പാഠങ്ങളും വിജയിച്ചാല്‍ വലിയ പ്രതിഫലവും ലഭിക്കുന്നു എന്നു മാത്രം. പുതിയ വിമാനങ്ങളിറങ്ങുമ്പോള്‍ ടെസ്റ്റ് പൈലറ്റുമാരാണ് അത് പറത്തുക. പരാജയപ്പെട്ടാല്‍ ജീവനാണ് നഷ്ടപ്പെടുക. വന്‍ തുകയാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുക. ബിസിനസിലും അതാണ് സംഭവിക്കുന്നത്. വിജയിച്ചാല്‍ വലിയ നേട്ടം കാത്തിരിക്കും.

പ്രശ്നങ്ങള്‍ ആശയങ്ങളുടെ കലവറ

ഓരോ പ്രശ്നങ്ങളില്‍ നിന്നാണ് പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നത്. വിപണിയില്‍ മത്സരം കടുത്തപ്പോള്‍ എതിരാളികളെ ഇല്ലാതാക്കി മുന്നേറാനാണ് ശ്രമിക്കുന്നത്. വില്‍പ്പന പ്രശ്നമായപ്പോള്‍ അതിനുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമീണ മേഖലകളിലേക്ക് ശ്രദ്ധയൂന്നിയത്. റൂറല്‍ എംപ്ലോയ്മെന്റ് പ്രോജക്റ്റ് എന്ന പേരില്‍ റൂറല്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്ക് ഉണ്ടാക്കിയത് വില്‍പ്പനയെ സഹായിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം :

Related Articles
Next Story
Videos
Share it