'വിജയവും പരാജയവും മുന്നേറാനുള്ള പടവുകളാക്കുക': കിച്ചന്‍ ട്രഷേഴ്സ് സാരഥി അശോക് മാണി
വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, യുവ ബിസിനസ് സാരഥികളുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍.
സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകളും അനുഭവപാഠങ്ങളും വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയിലൂടെ വിവിധ യുവ സംരംഭകരുടെ അനുഭവ കഥകള്‍ വായിക്കാം. ഇന്ന് തന്റെ അനുഭവപാഠങ്ങള്‍ പങ്കുവച്ച് ഇന്റര്‍ഗ്രോ ഫുഡ്സ് & ബിവറേജസ് (കിച്ചന്‍ ട്രഷേഴ്സ്) എംഡി & സിഇഒ അശോക് മാണി.
ബിസിനസ് ഇതുവരെ :
- 2014 ല്‍ തുടക്കം
- പായ്ക്ക് ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, റെഡിറ്റു കുക്ക് ചേരുവകള്‍, ബ്രേക്ക് ഫാസ്റ്റ് പൗഡര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു.
- ഗുണമേന്മയിലും പായ്ക്കിംഗിലും പ്രീമിയം ഗണത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.
- വിറ്റുവരവ് ഏകദേശം 200 കോടിലേറെ
നേട്ടം:
500 ലേറെ കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്നു. മുത്തച്ഛന്‍ സി വി ജേക്കബ് ഒരു വില്ലേജ് മുഴുവന്‍ സൃഷ്ടിച്ച പ്രഭാവം കണ്ടാണ് വളര്‍ന്നത്. ഫിനാന്‍സ് പ്രൊഫഷണല്‍ എന്ന നിലയില്‍നിന്ന് എഫ്എംസിജിയിലേക്കും മാര്‍ക്കറ്റിംഗിലേക്കുമുള്ള വരവ് റിസ്‌ക് പിടിച്ചതായിരുന്നു. എന്നാലിപ്പോള്‍, ഭാവിയില്‍ എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് രൂപീകരിക്കാനായി.
വെല്ലുവിളികളുടെ അതിജീവനം:
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന് വായിച്ചിട്ടുണ്ട്. എന്നാല്‍ അത് നേരിട്ട് അനുഭവിക്കാതെ ഒരാള്‍ക്ക് അതിന്റെ അര്‍ത്ഥം ശരിയായ വിധത്തില്‍ മനസിലാവില്ല. ബിസിനസ് മോഡല്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ ഉണ്ടാകുന്ന പാളിച്ചകള്‍ മനസിലാക്കാന്‍ പരാജയം അവസരമൊരുക്കുന്നു.
അടുത്ത തവണ നടപ്പിലാക്കുമ്പോള്‍ ആ തെറ്റ് പറ്റാതെ നോക്കാനാവുന്നുണ്ട്. തിരിച്ചടികളില്‍ ടീം അംഗങ്ങളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിക്കുന്നുവെന്നതുമാണ് കരുത്താകുന്നത്.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
നിങ്ങള്‍ വിജയിച്ചിരിക്കുകയാണെങ്കില്‍ പുഞ്ചിരിയോടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ചെയ്ത ജോലി തുടരുക. എന്നാല്‍ പരാജയപ്പെടുകയാണെങ്കില്‍ അതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് പുതിയ വീര്യത്തോടെ ജോലി തുടരുക.