വെല്ലുവിളികള്‍ക്കിടയിലും പുതിയ അവസരങ്ങള്‍ കണ്ടെത്തി മുന്നേറാന്‍ നിരവധി ന്യൂ ജെന്‍ സംരംഭകരാണ് മുന്നോട്ട് വരുന്നത്. വിപണിയും ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളും സാങ്കേതിക വിദ്യകളും അതിവേഗം മാറുന്ന കാലത്ത്, അവരുടെ അതിജീവന തന്ത്രമെന്താണ്? വിജയ, പരാജയങ്ങള്‍ അവരെ പഠിപ്പിക്കുന്നതെന്തെല്ലാം? ഈയൊരു ലക്കത്തില്‍ ഒതുങ്ങുന്നില്ല യുവ ബിസിനസ് സാരഥികളുടെ ഈ അനുഭവ ചിത്രങ്ങള്‍. സംസ്ഥാനത്തെ യുവ ബിസിനസ് സാരഥികളുടെ വിജയ കഥകളും അനുഭവപാഠങ്ങളും വിവരിക്കുന്ന Top & Emerging Young Business Leaders of Kerala എന്ന ലേഖന പരമ്പരയിലൂടെ വിവിധ യുവ സംരംഭകരുടെ അനുഭവ കഥകള്‍ വായിക്കാം. ഇന്ന് തന്റെ അനുഭവപാഠങ്ങള്‍ പങ്കുവച്ച് സെന്റ് മേരീസ് ഇലക്ട്രോപ്ലേറ്റിംഗ് ആന്‍ഡ് ഇലക്ട്രോപോളിഷിംഗ് മാനേജിംഗ് ഡയറക്റ്റര്‍, ടോണി ടോം.
മേഖല :
- 1980 ല്‍ തുടക്കം. ഇലക്ട്രോപ്ലേറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നു
- ക്ലാസിക്-വിന്റേജ് വാഹനങ്ങളുടെ നിക്കല്‍-ക്രോം പ്ലേറ്റിംഗിലൂടെ ശ്രദ്ധേയര്‍
- രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സേവനം എത്തിക്കുന്നു
നേട്ടം:
1980 ല്‍ തുടക്കമിട്ടെങ്കിലും ചെറുകിട യൂണിറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. 2015ല്‍ ടോണി ടോം കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തതിനൊപ്പം ആധുനികവത്കരണത്തിന് തുടക്കമിട്ടു.
എന്നാല്‍ ഈ മേഖലയില്‍ പുതിയ സാങ്കേതിക വിദ്യയും യന്ത്രങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ ഇല്ലെന്നത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അത് മറികടക്കാനായി.
ഇന്ന് രാജ്യത്ത് തന്നെ നിക്കല്‍-ക്രോം പ്ലേറ്റിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ മുന്‍നിരയിലാണ് സെന്റ് മേരീസ്. കമ്പനിയുടെ ഫേസ്ബുക്ക് പേജായ www.facebook.com/smee.in ല്‍ 35000ത്തിലേറെ ഫോളോവേഴ്‌സും ഒരു ദശലക്ഷത്തിലേറെ ട്രാഫിക്കും ഉണ്ട്.
വെല്ലുവിളികളുടെ അതിജീവനം:
കമ്പനിയുടെ നവീകരണത്തിനായി സ്വയം പരിഹാരം കണ്ടെത്തുന്നതിനായി വിജയം വരെ ശ്രമിച്ചുകൊണ്ടിരിക്കുക എന്ന സമീപനമാണ് കൈക്കൊണ്ടത്. മികച്ച ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക എന്ന ആഗ്രഹവും ടീം വര്‍ക്കും വെല്ലുവിളികളെ അതിജീവിക്കാന്‍ കമ്പനിയെ സഹായിച്ചു.
വിജയ/പരാജയങ്ങളില്‍ പഠിച്ച പാഠങ്ങള്‍:
സംരംഭകരെ സംബന്ധിച്ച് പ്രശ്‌നങ്ങളും തിരിച്ചടികളും എപ്പോഴുമുണ്ടാകും. എന്നാല്‍ ഏതൊരു പ്രശ്‌നത്തിനും ഒരു പരിഹാരമാര്‍ഗം ഉണ്ടാകും. ക്ഷമയോടെ കുറഞ്ഞ സമയത്തില്‍ അത് കണ്ടെത്തുന്നതിലാണ് വിജയം.
പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളുടെ ബോധ്യത്തിനനുസരിച്ച് തീരുമാനമെടുക്കുക. റിസ്‌ക് എന്നത് സംരംഭത്തിനൊപ്പം തന്നെയുള്ളതാണ്.
ഒരു ചെറിയ പരാജയത്തിന് പോലും അതുവരെ നേടിയതെല്ലാം ഇല്ലാതാക്കാന്‍ കഴിയും എന്നോര്‍ക്കുക. എല്ലാ കണക്കുകൂട്ടലുകളോടെയും വേണം റിസ്‌ക് ഏറ്റെടുക്കാന്‍.
(തുടരും...)