ഈ 12 കാര്യങ്ങൾ ഉടൻ ചെയ്യൂ; ബിസിനസിലെ പ്രതിസന്ധികളെ മറികടക്കാം

ഈ 12 കാര്യങ്ങൾ ഉടൻ ചെയ്യൂ; ബിസിനസിലെ പ്രതിസന്ധികളെ മറികടക്കാം
Published on

കൊറോണ 19 വൈറസ് ബാധ ലോകത്തിന് തന്നെ പുതിയതാണ്. അതുമൂലമുണ്ടായിരിക്കുന്ന ആഗോള പ്രതിസന്ധികളും അതുകൊണ്ടുതന്നെ ഇതുവരെ കാണാത്ത തരത്തിലുള്ളതും. രാജ്യത്തും കേരളത്തിലും കോവിഡ് 19 മൂലമുള്ള തിരിച്ചടികള്‍ ബിസിനസ് രംഗത്ത് പ്രകടമായി കഴിഞ്ഞു. കോവിഡ് 19 മൂലവും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടും ബിസിനസ് രംഗത്തുണ്ടായിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉടനടി മാറില്ലെന്നതാണ് വാസ്തവം.

ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്ക് കടക്കുമ്പോള്‍ ബിസിനസുകാര്‍ ഇതുവരെ ചെയ്യാത്ത കാര്യങ്ങള്‍ നിലനില്‍പ്പിനായി ചെയ്യേണ്ടി വരും. ബിസിനസിന്റെ നിലനില്‍പ്പിനുള്ള പണം മുതല്‍ അടിയന്തരമായെടുക്കേണ്ട നിര്‍ണായക തീരുമാനങ്ങള്‍ വരെ ഇപ്പോള്‍ സുപ്രധാനമാണ്.

ബിസിനസുകാര്‍ ഇപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍:

1. പണലഭ്യത ഉറപ്പാക്കുക: പണമാണ് ഇപ്പോഴും രാജാവ്. ആസ്തിയുണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് ലിക്വിഡ് രൂപത്തിലുണ്ടോയെന്നതാണ് പ്രധാനം. വരാനിടയുള്ള സാഹചര്യങ്ങളെ രണ്ടു മൂന്നു കാറ്റഗറികളാക്കുക. ആ സാഹചര്യങ്ങളിലെല്ലാം ഉണ്ടാകാനിടയുള്ള കാഷ് ഫ്‌ളോ, ലാഭ നഷ്ടങ്ങള്‍, ബാലന്‍സ് ഷീറ്റ് ഇവ തയ്യാറാക്കി വെയ്ക്കുക.

2. ബിസിനസിലെ വരവ് ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുക: ചെലവ് ചുരുക്കാനുള്ള വഴികള്‍ കണ്ടെത്തി വെയ്ക്കണം. ഫണ്ട് സമാഹരിക്കാന്‍ ഓഹരി വില്‍പ്പന വേണ്ടി വരുമെങ്കിലും അതിന് സജ്ജമാകണം. ചിലപ്പോള്‍ ബിസിനസിന്റെ ഒരു വിഭാഗം വിറ്റൊഴിയേണ്ടി വരുമെങ്കില്‍ അതിനും സജ്ജമാകുക. മറ്റേതെങ്കിലും കമ്പനിയെ ഏറ്റെടുക്കാന്‍ അവസരം കിട്ടിയാല്‍ അതിനും മടിക്കരുത്.

3. സപ്ലൈ ചെയ്ന്‍ സംവിധാനം പുനരുജ്ജീവിപ്പിക്കുക: ചൈനയെന്ന ആഗോള ഭീമനെ എല്ലാത്തരത്തിലും ആശ്രയിക്കുന്നതിന്റെ അപകടം ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ചൈനീസ് ഫാക്ടറികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വന്നാലും ആഗോളതലത്തിലെ സപ്ലൈ ചെയ്ന്‍ സംവിധാനം അത്ര പെട്ടെന്ന് കോവിഡ് 19ന് മുമ്പുള്ള കാലത്തേക്ക് മടങ്ങിയെന്നിരിക്കില്ല. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സാധ്യമായത്ര ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുക. പുതിയ സപ്ലൈയേഴ്‌സിനെ തേടിപ്പിടിക്കണം. ഡിജിറ്റല്‍ സപ്ലൈ സംവിധാനത്തെ കുറിച്ചും

ചിന്തിക്കുക.

4. ഉപഭോക്താവുമായി അടുത്ത ബന്ധം പുലര്‍ത്തുക: നിങ്ങള്‍ക്ക് ലഭിച്ച പല കരാറുകളും ഇപ്പോള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പറ്റണമെന്നില്ല. അസംസ്‌കൃത വസ്തു ലഭിക്കുന്നുണ്ടാകില്ല, യന്ത്രഭാഗങ്ങളില്‍ ഇല്ലായിരിക്കും. പക്ഷേ ഇവ ഉപഭോക്താവില്‍ നിന്ന് മറച്ച് വെയ്ക്കരുത്. അവര്‍ക്ക് ശരിയായ കാരണം വിവരിച്ച് കത്തെഴുതുക. റീറ്റെയ്ല്‍ രംഗത്തുള്ളവരാണെങ്കില്‍ കടയില്‍ ആളുകള്‍ വരുന്നുണ്ടാവില്ല. നിലവില്‍ വെബ് സ്‌റ്റോറുകളുള്ളവരാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ച് അവരെ അതിലേക്ക് ആകര്‍ഷിക്കുക.

ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഇല്ലെങ്കില്‍ അവരുടെ വീടുകളിലേക്ക് സേവനം എത്തിക്കാന്‍ സാധിക്കുമോയെന്ന് നോക്കൂക. അങ്ങേയറ്റം ശുചിത്വം പാലിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിച്ചു നല്‍കുക.

5. സജ്ജരായിരിക്കുക: അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കാനിരിക്കുന്ന കാര്യങ്ങള്‍ പറ്റുമെങ്കില്‍ ഒന്നു പ്രാക്ടീസ് ചെയ്തു നോക്കുന്നതും നന്നാകും. ഇത്തരം മോക് ട്രയലുകള്‍ സംഭവിക്കാനിടയുള്ള വീഴ്ചകള്‍ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കും.

6. സമൂഹത്തോടുള്ള പ്രതിബദ്ധത വെളിവാക്കുക: ഏതൊരു ബിസിനസും നിലകൊള്ളുന്നത് മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി തന്നെയാണ്. പണം ഉപോല്‍പ്പന്നം മാത്രവും. ഈ വേള സമൂഹത്തിനോടുള്ള പ്രതിബദ്ധത തെളിയിക്കാനുള്ളത് കൂടിയാണ്. ക്വാറന്റൈയിനില്‍ ഇരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് താങ്ങാവുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുക, സന്നദ്ധ സേവകരായി സമൂഹത്തിലേക്ക് ഇറങ്ങുക അങ്ങനെ നമ്മള്‍ പ്രളയകാലത്ത് ചെയ്ത പോലെ ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും ചെയ്യാനുണ്ട്. അത് കണ്ടെത്തി, മനുഷ്യന്റെ വേദനയില്‍ കൂട്ടായി നില്‍ക്കുക. നിങ്ങളുടെ ബ്രാന്‍ഡിനെ ജനം പിന്നീട് കൂടുതല്‍ ആദരവോടെയാകും കാണുക.

അപ്രതീക്ഷിതമായ കാര്യങ്ങള്‍ അരങ്ങേറുമ്പോള്‍ ബിസിനസുകാര്‍ സ്വയം ചോദിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അവ ഇതാ.

1. പണം വരാന്‍ വഴിയുണ്ടോ?:

ബിസിനസുകാരെ നിങ്ങള്‍ ഇപ്പോള്‍ ബിസിനസിലേക്ക് പണം വരാന്‍ ഇടയുള്ള വഴികള്‍ മനസില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ആ വഴികളെ കുറിച്ച് ഒന്നുകൂടി ഗൗരവമായി ചിന്തിച്ചു നോക്കൂ. പുതിയ സാഹചര്യത്തിലും അവ നിലനില്‍ക്കുന്നുണ്ടോ? നിലവിലെ പ്രതികൂല സാഹചര്യം കുറച്ചധികകാലം നീണ്ടുപോയാല്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ? അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഫണ്ട് വല്ലതും കരുതി വെച്ചിട്ടുണ്ടോ? നിങ്ങളുടെ ബിസിനസിന്റെ അടിസ്ഥാനം തകര്‍ക്കാതെ തന്നെ ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഇനിയും സാധിക്കുമോ? ഈ ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാകാം. എന്നാലും സ്വയം ചോദിക്കൂ. അതിനുള്ള വഴി കണ്ടെത്തൂ. ബിസിനസുകാര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്.

2. ഫണ്ട് സമാഹരണം എങ്ങനെ, എവിടെ നിന്ന്?:

ബിസിനസിന്റെ എല്ലാ ഘട്ടത്തിലും ഫണ്ട് വേണം. വാഹനം ഓടാന്‍ ഇന്ധനമെന്ന പോലെ. കേന്ദ്ര, കേരള സര്‍ക്കാരുകളില്‍ നിന്ന് ബിസിനസുകള്‍ക്ക് കാര്യമായ സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കാനാവില്ല. ബാങ്കുകളും അവരുടെ ചട്ടങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പക്ഷേ നിക്ഷേപ മാര്‍ഗങ്ങള്‍ പൂര്‍ണമായും വറ്റിവരളില്ല. ആകര്‍ഷമായ, വളര്‍ച്ചാ സാധ്യതയുള്ള ആശയമുണ്ടോ? നിക്ഷേപകരെ കിട്ടുക തന്നെ ചെയ്യും. ലോകത്തെ പിടിച്ചുകുലുക്കിയ പല പ്രതിസന്ധിഘട്ടങ്ങളും വിജയകരമായ ബിസിനസുകളുടെ പിറവിക്ക് കാരണമായിട്ടുണ്ട്. 1987ലെ കറുത്ത തിങ്കളിന് ശേഷം പിറന്ന കമ്പനിയാണ് സിസ്‌കോ. ഡോട്ട് കോം തകര്‍ച്ചയ്ക്കു ശേഷമാണ് ഗൂഗ്‌ളും പേപാലും ഉണ്ടായത്. സമീപകാലത്തുണ്ടായ മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ബിഎന്‍പി, സ്‌ക്വയര്‍, സ്‌ട്രൈപ് പോലുള്ള കമ്പനികളുടെ പിറവിക്ക് കാരണമായത്. പ്രതിസന്ധികള്‍ ക്രിയാത്മകതയ്ക്ക് വളമാക്കണം. അപ്പോള്‍ പുതിയ ബിസിനസ് മോഡല്‍ വരും. നൂതന മേഖലകളിലേക്ക് കടക്കാനും സാധിക്കും.

3. കണക്ക് കൂട്ടുന്ന വില്‍പ്പന കിട്ടുമോ?:

കോവിഡ് 19 മൂലം പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത മേഖലയിലാകാം ഇപ്പോള്‍ നിങ്ങളുടെ ബിസിനസ്. അത് എല്ലാം ശരിയാണെന്ന തോന്നലിന് അടിസ്ഥാനമാകരുത്. ഏതാണ്ടെല്ലാ രംഗത്തെ ഉപഭോക്താക്കളും ഇപ്പോഴും ഇനി വരുന്ന നാളുകളിലും ചെലവ് ചുരുക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്ന ബിസിനസ് ഡീലുകള്‍, പ്രതീക്ഷിക്കുന്ന പോലെ ക്ലോസ് ചെയ്യാന്‍ സാധിച്ചെന്നിരിക്കില്ല. ഇത് മുന്‍കൂട്ടി കാണുക തന്നെ വേണം.

4. മാര്‍ക്കറ്റിംഗ് ഇതുപോലെ മതിയോ?:

നിങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ ഇപ്പോള്‍ ചുവടുമാറ്റിയെന്ന് വരാം. അപ്പോള്‍ കൂടുതല്‍ പേരിലെത്താന്‍ നിലവിലുള്ള മാര്‍ക്കറ്റിംഗ് രീതികള്‍ മതിയാകില്ല. ഈയിനത്തിലെ ചെലവ് കൂടും. അതേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

5. ജീവനക്കാരുടെ എണ്ണം കുറച്ച് ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ പറ്റുമോ?:

പല കാരണങ്ങള്‍ കൊണ്ട് ജീവനക്കാരുടെ എണ്ണം കുറഞ്ഞേക്കാം. നിര്‍ണായക ജോലികള്‍ ചെയ്തിരുന്നവരെ ലഭിക്കാതെ വന്നേക്കാം. അപ്പോള്‍ മിനിമം ജീവനക്കാരെ ഉപയോഗിച്ച് മാക്‌സിമം ഉല്‍പ്പാദനക്ഷമത ആര്‍ജ്ജിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടോ?

6. നിങ്ങളുടെ ചെലവുകള്‍ ഇപ്പോഴത്തെ സാഹചര്യത്തിന് പറ്റുന്നതാണോ?:

ബിസിനസ് തകരാതെ മുന്നോട്ടുപോകാനുള്ള വഴികള്‍ കണ്ടുകഴിഞ്ഞാല്‍ അടുത്തതായി നിങ്ങളുടെ ചെലവുകളിലൂടെ ഒന്നുകൂടി സഞ്ചരിക്കുക. ഇപ്പോഴത്തെ അവസ്ഥയ്ക്ക് അനുയോജ്യമായതാണോ അത്. പ്രത്യക്ഷത്തില്‍ അത് മാറ്റേണ്ടതായി വരില്ല. പക്ഷേ ഇതൊരു പ്രതിസന്ധി ഘട്ടമാണ്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസരവും മുന്നില്‍ വന്നേക്കാം. കുറഞ്ഞ ചെലവില്‍ ചില ബിസിനസുകള്‍ വാങ്ങാന്‍ അവസരം കിട്ടിയേക്കാം. പുതിയ മേഖലകളിലേക്ക് പോകാന്‍ പറ്റിയേക്കാം. അതിനും നിങ്ങള്‍ സജ്ജരായി ഇരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com