Begin typing your search above and press return to search.
അപകടം! വമ്പന്‍ കമ്പനികളെ അന്ധമായി അനുകരിക്കേണ്ട
ബ്രാന്‍ഡ് സൂഡിയോയുടെ (Zudio) മാതൃകയില്‍ ഇന്ത്യയില്‍ വാല്യു ഫാഷന്‍ റീറ്റെയ്ല്‍ ശൃംഖല തുടങ്ങുന്നതിനെ കുറിച്ച് അടുത്തിടെ ഒരു സംരംഭകന്‍ എന്നോട് അഭിപ്രായമാരാഞ്ഞു. ആദ്യം കേരളത്തില്‍ ഏതാനും സ്റ്റോറുകള്‍ തുറക്കാനും പിന്നീട് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുമാണ് പദ്ധതി.
ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ ഭാഗമായുള്ള സുഡിയോയുടെ വമ്പന്‍ വളര്‍ച്ചയും റിലയന്‍സ് റീറ്റെയ്ല്‍സ് അവരുടെ പുതിയ ബ്രാന്‍ഡായ യൂസ്റ്റയുമായി (Yousta) ഈ വിപണിയിലേക്ക് പ്രവേശിച്ചതുമെല്ലാം ഈ സംരംഭകനെ ആകര്‍ഷിച്ചിട്ടുണ്ടായിരുന്നു. വഴിയോര കച്ചവടക്കാര്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സൂഡിയോ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്നതാണ് ഇതിനെ ഉപഭോക്താക്കള്‍ക്കിടയില്‍ ജനകീയമാക്കിയത്. ടോപ്പുകള്‍ 199 രൂപയ്ക്കും ജീന്‍സ് 599 രൂപയ്ക്കും മറ്റു വസ്ത്രങ്ങള്‍ 699 രൂപയ്ക്കുമാണ് അവര്‍ വില്‍ക്കുന്നത്. സൂഡിയോയുടെ വളര്‍ച്ച കാണുമ്പോള്‍ സ്വാഭാവികമായും സംരംഭകന്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടാം. 2017ല്‍ ഒരു സ്റ്റോര്‍ മാത്രമുണ്ടായിരുന്ന സുഡിയോ 2023 ആയപ്പോഴേക്കും 352 സ്റ്റോറുകളായി വളര്‍ന്നു. ചിത്രം 1 കാണുക.
സൂഡിയോയുടെ വരുമാനം ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ 2019 സാമ്പത്തിക വര്‍ഷത്തിലെ 204 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും 3,537 കോടി രൂപയായി.
ഈ മേഖലയിലെ റിലയന്‍സ് റീറ്റെയ്‌ലിന്റെ പദ്ധതികളും ചിത്രം മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ മതിപ്പുളവാക്കുന്നത് തന്നെയായിരുന്നു
എന്തുകൊണ്ടാണ് ടാറ്റയും റിലയന്‍സും ഈ വിഭാഗത്തില്‍ വലിയ വികസന പദ്ധതികള്‍ നടത്തിയത്? ഇന്ത്യക്കാര്‍ പൊതുവെ വില കാര്യമായി പരിഗണിക്കുന്നവരും വസ്ത്രങ്ങള്‍ക്കായി വലിയ തുക ചെലവാക്കാന്‍ താല്‍പ്പര്യമില്ലാത്തവരുമാണെന്നത് കൊണ്ടുതന്നെ വാല്യു ഫാഷന്‍ മേഖലയ്ക്ക് വലിയ സാധ്യതകളാണ് ഉള്ളത്. അതോടൊപ്പം, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും മധ്യവര്‍ഗവും ദരിദ്രരും കൂടുതല്‍ ദരിദ്രരുമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ കെ ഷേപ്പ്ഡ് തിരിച്ചു വരവും ഈ മേഖലയില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു.
സുഡിയോ, യൂസ്റ്റ പോലുള്ള ബ്രാന്‍ഡുകള്‍ക്ക് വിലയെ പ്രാധാന്യത്തോടെ കാണുന്ന രാജ്യത്തെ ടിയര്‍ 3, ടിയര്‍ 4 നഗരങ്ങളിലേക്ക് വിജയകരമായി കടന്നുകയറാനും കഴിയുന്നു. അങ്ങനെ രാജ്യത്തുടനീളം വിജയസാധ്യതയുള്ള സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും.ആയിരം രൂപയില്‍ താഴെയുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുക എന്നതാണ് അവരുടെ വിജയതന്ത്രം. എന്നാല്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് നല്‍കി എങ്ങനെയാണ് അവര്‍ ലാഭമുണ്ടാക്കുന്നത്? വാടക കുറവുള്ള സ്ഥലം കണ്ടെത്തി സ്റ്റോര്‍ തുറക്കുന്നതിലൂടെ സൂഡിയോ വാടകയിനത്തിലെ ചെലവ് കുറയ്ക്കുന്നു. ഓണ്‍ലൈന്‍ വില്‍പ്പന ഇല്ലെന്നതു കൊണ്ടുതന്നെ തിരിച്ച് അയക്കപ്പെടുന്നതിന്റെയും ലോജിസ്റ്റിക്‌സിന്റെയും ചെലവ് കുറയ്ക്കാനാകുന്നു.
സൂഡിയോ ഉല്‍പ്പന്നങ്ങള്‍ മൊത്തമായി ഉല്‍പ്പാദിപ്പിക്കുകയും അങ്ങനെ ലാഭിക്കുന്ന തുക ഉപഭോക്താക്കളിലേക്ക് നല്‍കുകയും ചെയ്യുന്നു.ചെലവ് കുറയ്ക്കുന്നതിനുള്ള ഇത്തരം കാര്യങ്ങള്‍ക്കൊപ്പം ചിത്രം നാലില്‍ കാണുന്നതു പോലെ നേരിയ ലാഭം മാത്രമെടുത്താണ് സൂഡിയോ പ്രവര്‍ത്തിക്കുന്നത്. ടാറ്റ ട്രെന്റിന്റെ തന്നെ ഭാഗമായ വെസ്റ്റ്‌സൈഡും സൂഡിയോയും തമ്മിലുള്ള ലാഭ വ്യത്യാസം ചിത്രം നാലില്‍ വ്യക്തമാകും.
സൂഡിയോ പ്രവര്‍ത്തിക്കുന്നത് 35 ശതമാനം മൊത്തലാഭത്തിലാണ്. അതേസമയം വെസ്റ്റ്സൈഡിന്റേത് 55 ശതമാനമാണ്. നികുതി പൂര്‍വ ലാഭമാകട്ടെ (EBITDA) സുഡിയോയുടേത് 6 ശതമാനമായിരിക്കുമ്പോള്‍ വെസ്റ്റ്‌സൈഡിന്റേത് 13 ശതമാനമാണ്. ടാറ്റ ട്രെന്റിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോള്‍ (ചിത്രം അഞ്ച് കാണുക) സൂഡിയോ ആരംഭിച്ചിരിക്കുന്നത് ടാറ്റ ട്രെന്റിന്റെ സാമ്പത്തിക പിന്തുണയോടെയാണെന്ന് കാണാം.
സൂഡിയോ, യൂസ്റ്റ പോലുള്ള ബ്രാന്‍ഡുകളോട് മത്സരിച്ച് സംരംഭകന്‍ വാല്യു ഫാഷന്‍ മേഖലയിലേക്ക് കടക്കേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.ടാറ്റ ഗ്രൂപ്പും റിലയന്‍സ് ഗ്രൂപ്പും പോലുള്ള വമ്പന്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് വലിയ രീതിയില്‍ കടന്നുവരുന്നത് കണക്കിലെടുക്കുമ്പോള്‍ തന്നെ ഈ മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുകയെന്ന് കരുതാം. മാത്രമല്ല, ഗ്രൂപ്പിന് കീഴിലുള്ള മറ്റു ബ്രാന്‍ഡുകളില്‍ നിന്നോ കമ്പനികളില്‍ നിന്നോ ഉള്ള വരുമാനം ഉപയോഗപ്പെടുത്തി പുതിയ ബ്രാന്‍ഡ് സ്ഥാപിച്ചെടുക്കുന്നതിലൂടെ വരുന്ന നഷ്ടം നികത്താനും അവര്‍ക്കാകും. സൂഡിയോയുടെ കാര്യത്തില്‍, തുടക്കത്തില്‍ ഉണ്ടായ നഷ്ടം ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ ലാഭത്തില്‍ നിന്ന് നികത്തി. അതേസമയം റിലയന്‍സ് റീറ്റെയ്‌ലിന്റെ കാര്യത്തിലാകട്ടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വമ്പന്‍ ലാഭം ഉപയോഗിച്ച് നികത്താവുന്നതേയുള്ളൂ. അപ്പോള്‍ ഒരു സാധാരണ സംരംഭകന് ഇത്തരം വമ്പന്‍ കമ്പനികളുടെ ബിസിനസ് മോഡല്‍ പകര്‍ത്തി അതിജീവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?
ഇത്തരം വന്‍കിട ബിസിനസ് ഗ്രൂപ്പുകളെ അന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്ന ഏതൊരു സംരംഭകനും, അത്തരം ഗ്രൂപ്പുകളുടെ നഷ്ടം നികത്താനുള്ള കഴിവിനെയും അവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന പിന്തുണയെ കുറിച്ചുമൊക്കെ മനസിലാക്കിയിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറെ മാനിക്കപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റൂബിനി ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ ഒളിഗോപൊളിയെ (ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ) കുറിച്ച് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രം 6 കാണുക.
ഇന്ത്യയിലെ വലിയ 5 ബിസിനസ് ഗ്രൂപ്പുകള്‍ ഒളിഗോപൊളികളും കുത്തകകളുമായി മാറുകയാണെന്നും അത് തകര്‍ക്കപ്പെടേണ്ടതാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ പറയുന്നു. ചിത്രം ഏഴ് കാണുക.
ഇത്തരം വന്‍കിട ഗ്രൂപ്പുകളോട് സമാനമായ ബിസിനസ് മോഡലുമായി മത്സരിക്കുന്നത് ഒരു സാധാരണ സംരംഭകനെ സംബന്ധിച്ചിടത്തോളം നഷ്ടം വരുത്തുമെന്ന് മനസിലാക്കണം. കാരണം വന്‍കിടക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലാണ് വിപണിയുള്ളത്. ഈ വലിയ ഗ്രൂപ്പുകളെ കവച്ചുവെയ്ക്കുന്ന തികച്ചും വ്യത്യസ്തമായ ബിസിനസ് മോഡല്‍ സംരംഭകന് നടപ്പിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ ബിസിനസ് സാഹചര്യങ്ങളില്‍ അതിജീവനം ബുദ്ധിമുട്ടായിരിക്കും.
Next Story