Begin typing your search above and press return to search.
സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് ഇങ്ങനെ ചെയ്താല്‍ അടിപൊളി! പോള്‍ റോബിന്‍സണ്‍ എഴുതുന്നു
എന്തിനാണ് ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും? നിങ്ങളുടെ ഉപഭോക്താവിന്റെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണ് മാര്‍ക്കറ്റിംഗ്. അതേസമയം, നിങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നമോ സേവനമോ ഉപയോഗിക്കണമെന്ന ആഗ്രഹം അവരില്‍ വളര്‍ത്തുന്നതാണ് ബ്രാന്‍ഡിംഗ്. കസ്റ്റമറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരില്‍ നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഉപയോഗിക്കണമെന്ന ആവശ്യം ഉണര്‍ത്തുകയും ചെയ്യുക എന്ന ജോലിയാണ് മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗുമൊക്കെ നിര്‍വഹിക്കുന്നത്.
ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഒക്കെ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ഉപഭോക്താവിന്റെ ശ്രദ്ധ എവിടെയാണ് പതിയുന്നത് എന്നതിനെ കുറിച്ച് അറിഞ്ഞിരിക്കണം. പ്രത്യേകിച്ച്, അവരുടെ ശ്രദ്ധ വിവിധ മാധ്യമങ്ങളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്. ഉദാഹരണത്തിന് പത്തുവര്‍ഷം എല്ലാവരും ഏറെനേരം പത്രങ്ങള്‍ വായിച്ചിരുന്നു, മറ്റ് അച്ചടി മാധ്യമങ്ങളില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. റേഡിയോ കേട്ടിരുന്നു. പിന്നീട് അത് ടെലിവിഷനിലേക്ക് മാറി. ഇപ്പോഴോ, സോഷ്യല്‍ മീഡിയയിലും സ്മാര്‍ട്ട് ഫോണിലോ മറ്റുമൊക്കെയാണ് കൂടുതല്‍ നേരം ചെലവിടുന്നത്.
നിങ്ങളുടെ കസ്റ്റമര്‍ എവിടെയാണോ കൂടുതല്‍ സമയം ചെലവിടുന്നത് അവിടെ നിങ്ങളുടെ ബ്രാന്‍ഡിന്റെ സാന്നിധ്യം ഉണ്ടായിരിക്കണം. എല്ലാത്തിനുമുപരിയായി ഉപഭോക്താവിലേക്ക് നാം വിവരങ്ങള്‍ കൊടുക്കുന്നതിന്റെ മീഡിയം മാറുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും ഏറ്റവും ശക്തമായ ടൂളായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റെന്തെങ്കിലും ഉദയം ചെയ്യുവോളം സോഷ്യല്‍ മീഡിയ ഇവിടെ ഇങ്ങനെ തന്നെ തുടരും. സോഷ്യല്‍ മീഡിയയും മറ്റ് പരമ്പരാഗത മാധ്യമങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ജനങ്ങളുമായി അങ്ങോട്ട് സംവദിക്കുക മാത്രമല്ല, അവരുമായി അപ്പപ്പോള്‍ സംസാരിക്കുകയും ചെയ്യാം എന്നതാണ്. Content is always the king. അതായത് ഇന്ന് മാര്‍ക്കറ്റിംഗ് എന്നാല്‍ നിങ്ങളുടെ കമന്റ് എങ്ങനെ ജനങ്ങളിലേക്ക് നല്‍കുന്നു, എങ്ങനെ അവരെ അത് സ്വാധീനിക്കുന്നു, അതിലൂടെ അവര്‍ നിങ്ങളുടെ കസ്റ്റമറായി മാറുന്നുണ്ടോ എന്നതൊക്കെയാണ്. നല്ലൊരു കമന്റ് നിങ്ങളുണ്ടാക്കിയാല്‍ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ അത് നിങ്ങള്‍ ലക്ഷ്യമിടുന്നവരിലേക്ക് എത്തിക്കാന്‍ സാധിക്കും.
കാഴ്ചപ്പാടാണ് എല്ലാം!
Anais Ninന്റെ വിഖ്യാതമായൊരു ഉദ്ധരണിയുണ്ട് ''We don't see things as they are, we see them as we are.'' കാഴ്ചപ്പാടാണ് എല്ലാം. നമ്മളെന്താണോ ഉള്‍ക്കൊള്ളുന്നത് അതാണ് റിയാലിറ്റി. ഒരാള്‍ക്ക് അങ്ങേയറ്റം മോശമായി തോന്നുന്നത് മറ്റൊരാള്‍ക്ക് ഏറെ സുന്ദരമായിരിക്കാം. നിങ്ങളുടെ ബ്രാന്‍ഡിനെ കസ്റ്റമര്‍ എങ്ങനെ കാണുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.
മറ്റാരുടെയൊക്കെയോ തലച്ചോറില്‍ കയറിക്കൂടിയിരിക്കുന്ന കാഴ്ചപ്പാടിന്റെയും വികാരങ്ങളുടെയുമെല്ലാം പിന്‍ബലത്തിലാണ് നിങ്ങളുടെ ബ്രാന്‍ഡിന്റെ നിലനില്‍പ്പു തന്നെ. അതുകൊണ്ട് ബ്രാന്‍ഡിംഗ് എന്നാല്‍ ഒരു ധാരണ സൃഷ്ടിക്കലും അത് നിങ്ങളുടെ ഉപഭോക്താവാകാന്‍ സാധ്യതയുള്ളവരില്‍ ദീര്‍ഘകാലം നിലനിര്‍ത്തലും അവരെ സ്വാധീനിക്കലും ഒക്കെയാണ്.
നിങ്ങളെന്താണോ ജനങ്ങളോട് പറയുന്നത് അതിലൂടെയാണ് അവര്‍ക്ക് നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ചുള്ള കാഴ്ചപ്പാട് വരുന്നത്. കാഴ്ചപ്പാട് ഒരു വസ്തുതയാകാം, ചിലപ്പോള്‍ ആശയവും.കാഴ്ചപ്പാടിനെ കുറിച്ച് ആദ്യമറിയേണ്ട രഹസ്യം അത് നമുക്ക് സൃഷ്ടിക്കാനോ കൃത്രിമമായി ഉണ്ടാക്കാനോ പറ്റും എന്നതാണ്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കിടിലന്‍ ബ്രാന്‍ഡിംഗ് വിജയങ്ങള്‍ നോക്കിയാല്‍ എത്ര വേണമെങ്കിലും ഇതിന് ഉദാഹരണം കണ്ടെത്താന്‍ പറ്റും. ഗ്രന്ഥകാരനായ യുവാല്‍ നോവാ ഹരാരിയുടെ '21 lessons for the 21 st century'യില്‍ പറയുന്ന നിരീക്ഷണത്തോട് എനിക്ക് പൂര്‍ണമായും യോജിപ്പാണ്. അദ്ദേഹം പറയുന്നു; ബ്രാന്‍ഡിംഗ് എന്നാല്‍ ജനങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നതുവരെ ഫിക്ഷണല്‍ സ്റ്റോറികള്‍ ആവര്‍ത്തിച്ച് പറയുന്നതാണ്.
കൊക്കകോള കുടിച്ചാല്‍ നിങ്ങള്‍ക്ക് യുവത്വം കൈവരില്ല, അത്‌ലറ്റാവില്ല, ആരോഗ്യവാനുമാകില്ല. മറിച്ച് അമിതവണ്ണവും പ്രമേഹവും വരും. എന്നിരുന്നാലും ദശാബ്ദങ്ങളായി കോക്കകോള അതിനെ യുവത്വം, ആരോഗ്യം, സ്‌പോര്‍ട്ട്‌സ് എന്നിവയുമായി ബന്ധിപ്പിക്കാന്‍ കോടികള്‍ ചെലവിടുന്നു. ജനങ്ങള്‍ അത് അബോധമായി തന്നെ വിശ്വസിക്കുകയും ചെയ്യുന്നു.ഈ ഉപഭോക്തൃ കാലഘട്ടത്തില്‍ നമ്മുടെ ജീവിതം തന്നെ മാര്‍ക്കറ്റേഴ്‌സും ബ്രാന്‍ഡിംഗ് വിദഗ്ധരുമൊക്കെയാണ് രൂപകല്‍പ്പന ചെയ്യുന്നത്. അവര്‍ക്കു വേണ്ട കാര്യങ്ങള്‍ നിരന്തരം നല്‍കിക്കൊണ്ട് അവര്‍ കണ്‍സ്യൂമറുടെ മനസ്സ് വെച്ച് കളിക്കുന്നു.
വസ്തുതയുടെ സൗന്ദര്യം!
വസ്തുതകളുടെ കാര്യമെടുത്താല്‍ കഥ മാറി. നമുക്ക് വസ്തുതകള്‍ വായുവില്‍ നിന്ന് മെനഞ്ഞെടുക്കാനോ അതില്‍ അടിയുറച്ച് നില്‍ക്കാനോ പറ്റില്ല. സോഷ്യല്‍ മീഡിയയിലൂടെ വസ്തുതകള്‍ അടിസ്ഥാനമാക്കി സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ ആധികാരികമായിരിക്കണം. നിങ്ങളുടെ ഓഡിയന്‍സിന് എപ്പോഴും ശരിയായ കാഴ്ചപ്പാട് കൊടുക്കാനും ബാധ്യസ്ഥരാണ്.
ബ്രാന്‍ഡിംഗില്‍ ആധികാരികതയ്ക്ക് ഇപ്പോള്‍ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അധികകാലം കള്ളത്തരങ്ങള്‍ പറഞ്ഞും അര്‍ദ്ധസത്യങ്ങള്‍ പറഞ്ഞും നിലനില്‍ക്കാനാകില്ല. ഇന്റര്‍നെറ്റ് യുഗത്തില്‍ ഫാക്ട് ചെക്കിംഗ് അനായാസമായ കാര്യമാണ്. തെറ്റായ കാര്യം പറഞ്ഞുകൊണ്ടിരുന്നാല്‍ ആരെങ്കിലും അത് കണ്ടുപിടിക്കും. അവരത് തുറന്നുപറയും. അതോടെ കള്ളി വെളിച്ചത്താകും. ഇന്റര്‍നെറ്റ് ഒന്നിനെയും കുഴിച്ചുമൂടുന്നില്ല.
ഒരിക്കല്‍ ഡിജിറ്റല്‍ സ്‌പേസിലിട്ടതെല്ലാം പിന്നീടെപ്പോഴെങ്കിലുമൊക്കെ പൊന്തിവരും. അതായത് ഡിജിറ്റല്‍ സ്‌പേസിലെ നമ്മുടെ അടയാളങ്ങളെല്ലാം മരണമില്ലാത്തതാണ്. അതുകൊണ്ട് സൂക്ഷിച്ച് മാത്രം ഇടപെടല്‍ നടത്തുക. ആധികാരികതയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് സ്ഥിരതയും. നിങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തോട് അങ്ങേയറ്റം ചേര്‍ന്നുനില്‍ക്കുന്നതാകണം നിങ്ങളുടെ ബ്ലോഗുകളും സ്റ്റോറികളും ഇമേജുകളും വീഡിയോയുമെല്ലാം.
സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്
ലളിതമായ 3 ഘട്ടങ്ങള്‍
സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന്റെ കാര്യത്തില്‍ പിന്തുടരാന്‍ പറ്റുന്ന മൂന്ന് ഘട്ടങ്ങള്‍ ഇതാണ്.
സ്റ്റെപ്പ് 1: നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താവ് ആരെന്നും അവര്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതെന്തെന്നും അറിയുക.
നിങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സേതെന്ന് കൃത്യമായി അറിയാന്‍ സൂക്ഷ്മമായ നിരീക്ഷണം വേണം. അതറിഞ്ഞതിന് ശേഷം രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോവുക.
സ്റ്റെപ്പ് 2: എന്ത് സന്ദേശം നല്‍കണമെന്ന് അറിയുക.മാര്‍ക്കറ്റിംഗാകട്ടെ, ബ്രാന്‍ഡിംഗാകട്ടെ നിങ്ങളെ പറ്റി കസ്റ്റമര്‍ എന്ത് കരുതണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച് നല്‍കുന്നവയാണ്. നിങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സിനെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നതാകണം ഓരോ മെസേജും. നിങ്ങളുടെ ബ്രാന്‍ഡ് പ്രോമിസിനോട് ചേര്‍ന്ന് നില്‍ക്കുന്നതാകണം നല്‍കുന്ന ഓരോ സന്ദേശവും. നിങ്ങളുടെ ഓഡിയന്‍സില്‍ നിന്ന് എന്തുതരത്തിലുള്ള പ്രതികരണമാണോ ആഗ്രഹിക്കുന്നത് അതിന് അനുയോജ്യമായ മെസേജാകണം നല്‍കേണ്ടത്.
സ്റ്റെപ്പ് 3: അനുയോജ്യമായ സോഷ്യല്‍ മീഡിയ തെരഞ്ഞെടുക്കുകനിങ്ങളുടെ കഥ പ്രസിദ്ധീകരിക്കാന്‍ പറ്റുന്ന ഏറ്റവും അനുയോജ്യമായ സോഷ്യല്‍മീഡിയ വേണം തെരഞ്ഞെടുക്കാന്‍. ബ്ലോഗ് പോസ്്റ്റുകള്‍, വീഡിയോകള്‍, ഓഡിയോ ഫോര്‍മാറ്റുകള്‍, ഫോട്ടോകള്‍- ഗ്രാഫുകള്‍ എന്നിവയെല്ലാം പോസ്റ്റ് ചെയ്യാന്‍ പറ്റിയ വിവിധ പ്ലാറ്റ്‌ഫോമുകളുണ്ട്.
നിങ്ങളുടെ കസ്റ്റമേഴ്‌സുമായി എന്‍ഗേജ് ചെയ്യാനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. അക്കാര്യത്തില്‍ പാളിച്ചപറ്റിയാല്‍ കസ്റ്റമേഴ്‌സുമായി കണക്റ്റ് വരില്ല. മാത്രമല്ല സോഷ്യല്‍ മീഡിയ ഒരു ഇന്ററാക്റ്റിംഗ് പ്ലാറ്റ്‌ഫോമാണ്. സോഷ്യല്‍ മീഡിയയിലൂടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാനാകും.
എന്നിരുന്നാലും പരമ്പരാഗത രീതികളെ പൂര്‍ണമായും അവഗണിക്കരുത്. അങ്ങേയറ്റം ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കുറഞ്ഞ ചെലവില്‍ അവരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്. പരമ്പരാഗത രീതിയിലുള്ള ബ്രാന്‍ഡിംഗ് പരാജയപ്പെട്ടാല്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ റീച്ചും വിസിബിലിറ്റിയും നേടാനാകും.
സോഷ്യല്‍ മീഡിയയിലെ സംസാരങ്ങള്‍
പണ്ട്, സോഷ്യല്‍ മീഡിയ പ്രചാരത്തിലാകുന്നതിന് മുമ്പ് ഒരു സാധനം വാങ്ങി ഉപയോഗിച്ച ശേഷമാണ് നമ്മള്‍ അതിനെ കുറിച്ച് അഭിപ്രായം പറയുക. എന്നാല്‍ ഇപ്പോള്‍ നേരെ തിരിച്ചാണ്. ഒരു സാധനം വാങ്ങുന്നതിന് മുമ്പേ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും അത് പരസ്യമായി പറഞ്ഞിരിക്കും. നിങ്ങള്‍ ക്ലയന്റിന് അടിപൊളി അനുഭവം നല്‍കിയാല്‍ അതാകും എവിടെയും നിറഞ്ഞുനില്‍ക്കുക, നിങ്ങള്‍ക്ക് എവിടെയെങ്കിലും പാളിച്ചപറ്റിയാലോ പിന്നെ തീര്‍ന്നു. എല്ലാവരും വിമര്‍ശിക്കും. പിന്നെ ട്രോളുകളുടെ പെരുമഴയാകും. നിങ്ങള്‍ക്ക് മഹത്തായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവനക്കാര്‍ക്ക് തുറന്നു സംസാരിക്കാന്‍ സാഹചര്യമുണ്ടാകണം.
അതുപോലെ തന്നെ നിങ്ങളുടെ ഉപഭോക്താക്കള്‍ക്കും അതിനുള്ള അവസരം നല്‍കണം. നിങ്ങള്‍ നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് പറയുന്നതും മറ്റുള്ളവര്‍ നിങ്ങളുടെ ബ്രാന്‍ഡിനെ കുറിച്ച് പറയുന്നതും സോഷ്യല്‍ മീഡിയയില്‍ പരസ്പര പൂരകമായാണ് നില്‍ക്കുന്നത്. ഈ രണ്ട് കാര്യങ്ങളും തമ്മില്‍ അന്തരമില്ലെങ്കില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ മൂല്യം വര്‍ധിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. വിവരങ്ങള്‍ നല്‍കുന്നതിലും ബ്രാന്‍ഡിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിലുമെല്ലാം ഒരു സന്തുലിതാവസ്ഥയുണ്ടായിരിക്കണം.
(ഗ്രന്ഥകാരനും പ്രഭാഷകനും സ്ട്രാറ്റജിസ്റ്റുമാണ് ലേഖകന്‍)
Next Story
Videos