Begin typing your search above and press return to search.
ആവേശം ചോരില്ല, ആശ്ചര്യം ഗ്യാരണ്ടി! സ്വയം സര്‍പ്രൈസ് കൊടുത്തു നോക്കൂ...
നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് നമ്മള്‍ സര്‍പ്രൈസ് കൊടുത്ത് ആഹ്ലാദിപ്പിക്കാറില്ലേ? ഈ വര്‍ഷം അതില്‍ ചെറിയൊരു മാറ്റം വരുത്തിയാലോ?
പുതുവത്സരം തകര്‍ത്ത് ആഘോഷിച്ചില്ലേ? പുലരും വരെ നീണ്ടുനിന്ന ആഘോഷങ്ങള്‍ സമ്മാനിച്ച ത്രില്‍ ഇപ്പോഴും നിങ്ങളില്‍ കാണും. അല്ലേ? ഒന്നു-രണ്ടാഴ്ച കഴിയുമ്പോള്‍ ആ ആഘോഷത്തിന്റെ ഓര്‍മകള്‍ മാഞ്ഞു തുടങ്ങും. നമ്മള്‍ വീണ്ടും പഴയപടി മുന്നോട്ടു പോകും. ഈ വര്‍ഷം നമുക്ക് കുറച്ച് മാറ്റം കൊണ്ടുവന്നാലോ? നമുക്ക് എല്ലാ മാസവും സര്‍പ്രൈസ് കൊടുക്കാം.ആര്‍ക്ക് സര്‍പ്രൈസ് കൊടുക്കാം? നിങ്ങള്‍ക്ക് തന്നെ!
അതെങ്ങനെ? നമ്മള്‍ പൊതുവെ സര്‍പ്രൈസ് കൊടുക്കുക മറ്റുള്ളവര്‍ക്കല്ലേ? ജീവിത പങ്കാളിയുടെ ജന്മദിനത്തിന് അവരറിയാതെ രഹസ്യമായി പ്ലാനിംഗ് നടത്തി കിടിലന്‍ സമ്മാനങ്ങള്‍ നല്‍കി സര്‍പ്രൈസ് കൊടുക്കും. മാതാപിതാക്കളെയും മക്കളെയും സുഹൃത്തുക്കളെയും ടീമംഗങ്ങളെയും എല്ലാം ഞെട്ടിപ്പിക്കാനുള്ള പ്ലാനുകള്‍ നമ്മുടെ കയ്യിലുണ്ട്. നമ്മളതൊക്കെ സാഹചര്യം പോലെ എടുത്ത് പ്രയോഗിക്കുകയും ചെയ്യും. എന്നാല്‍ 2025ല്‍ നമുക്ക് സ്വയം സര്‍പ്രൈസ് കൊടുത്താലോ?
നല്‍കാം 'മന്ത്ലി സര്‍പ്രൈസ്'
നമ്മളില്‍ പലരും പ്രതിമാസ ബിസിനസ് ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ ഓടുന്നവരാകും. അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്റ്റ് സമയബന്ധിതമായി തീര്‍ക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാകും. ഇതിനിടെ നിങ്ങളെ പറ്റി നിങ്ങള്‍ക്ക് തന്നെ ചില തോന്നലുകളുണ്ട്. എന്റെ ചിന്ത ഇതാണ്. ഇത്ര വേഗതയിലേ എനിക്ക് ഇക്കാര്യം ചെയ്യാന്‍ സാധിക്കൂ. എനിക്കിഷ്ടം റോസാപ്പൂവാണ്. പിച്ചിപ്പൂവിന്റെ ഗന്ധം ഇഷ്ടമല്ല. അങ്ങനെയങ്ങനെ ഒരുപാട് മുന്‍ ധാരണകളും
വിശ്വാസങ്ങളും രീതികളും ശീലങ്ങളുമൊക്കെ ഉണ്ടാകും. ഇതില്‍ ചിലതിനെ ഈ ജനുവരി മുതല്‍ സ്വയം മാറ്റിയാലോ? എന്നും ലിഫ്റ്റ് ഉപയോഗിക്കുന്ന നിങ്ങള്‍ പടികള്‍ കയറി ഇറങ്ങാന്‍ ശ്രമിക്കൂ.
ചെറിയ ദൂരങ്ങള്‍ വാഹനത്തില്‍ പോകാതെ നടന്നുപോകാന്‍ ശ്രമിക്കൂ. നിങ്ങള്‍ നിങ്ങളില്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഇതുപോലെ ഓരോ മാസത്തെയും ലക്ഷ്യമായി എടുക്കാം. മാസാവസാനം അത് നിങ്ങളെ തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും.എല്ലാ മാസവും സ്വയം സര്‍പ്രൈസ് പാര്‍ട്ടി നടത്തി കൊച്ചുകൊച്ചു പുരോഗതികള്‍ ആഘോഷിക്കാം. ഒരു കാര്യം ഉറപ്പ്. 2025 അവസാനിക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിയായി നിങ്ങള്‍ മാറിയിരിക്കും.
അപ്പോള്‍ എങ്ങനെ, തുടങ്ങുകയല്ലേ?
Next Story
Videos