
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 70% സംഭാവനയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളില്‍ നിന്നാണെന്ന് സിഐഐയുടെ മുന്‍ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ആര്‍. ദിനേശ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ ഇന്ത്യന്‍ വ്യവസായ കോണ്‍ഫെഡറേഷന്‍ (സിഐഐ) സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോണ്‍ക്ലേവ് 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മൊത്തം ബിസിനസുകളില്‍ 80 ശതമാനവും കുടുംബ ഉടമയിലുള്ളതാണ്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 60 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും ഇത്തരം സംരംഭങ്ങളാണ്. ആഗോളതലത്തിലും ഇന്ത്യയിലും കുടുംബ ബിസിനസുകള്‍ ചലനാത്മകവും വികസിച്ചു കൊണ്ടിരിക്കുന്നതുമാണ്. ആര്‍.ദിനേശ് പറഞ്ഞു.
പ്രൊഫഷണലൈസേഷന്‍, സാങ്കേതികവിദ്യയുടെ സ്വീകരണം, ആസൂത്രണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇത്തരം ബിസിനസുകളുടെ ഭാവി വളര്‍ച്ചക്ക് നിര്‍ണായകമാണെന്ന് സിഐഐ ദക്ഷിണേന്ത്യന്‍ മേഖല ചെയര്‍പേഴ്‌സണും ചന്ദ്ര ടെക്‌സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ആര്‍. നന്ദിനി പറഞ്ഞു.
ലോകത്തിലെ കുടുംബ ബിസിനസുകളുടെ മൂന്നാമത്തെ വലിയ കേന്ദ്രം ഇന്ത്യയാണെന്ന് ഗ്രാന്റ് തോണ്‍റണ്‍ ഭാരത് എല്‍എല്‍പിയിലെ പങ്കാളിയും ഫാമിലി ഓഫീസ് ലീഡറുമായ പല്ലവി ജോഷി ബഖ്രു അഭിപ്രായപ്പെട്ടു.
നെതര്‍ലാന്‍ഡ്സ്, പോളണ്ട്, ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 അംഗ അന്താരാഷ്ട്ര പ്രതിനിധി സംഘം കോണ്‍ക്ലേവില്‍ പങ്കെടുത്തു. കുടുംബ സംരംഭങ്ങളെ രൂപപ്പെടുത്തുന്നതില്‍ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും നിര്‍ണായക പങ്ക് വിവിധ സെഷനുകള്‍ ചര്‍ച്ച ചെയ്തു.
കുടുംബ ബിസിനസുകള്‍ പലപ്പോഴും ദീര്‍ഘകാല വീക്ഷണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് സുസ്ഥിരതക്കും തലമുറകളില്‍ ഉടനീളം സമ്പത്ത് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
സിഐഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില, വൈസ് ചെയര്‍പേഴ്‌സണ്‍ ശാലിനി വാരിയര്‍, ഫോര്‍ബ്‌സ് മാര്‍ഷല്‍ സഹ ചെയര്‍മാന്‍ ഫര്‍ഹാദ് ഫോര്‍ബ്‌സ്, ഇഐഡി പാരി (ഇന്ത്യ) ലിമിറ്റഡ് സിഇഒ മുത്തു മുരുഗപ്പന്‍, എംഎസ്എ കുമാര്‍, ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ്, അര്‍ക്കാന കോസ്‌മെറ്റിക്‌സ് പോളണ്ട് സിഇഒ വോയ്‌സിച്ച് പിസിക്, ഗിറ്റ്‌സ് ഫുഡ് പ്രൊഡക്ട്‌സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സംനാസ് തേജാനി, ഗ്രാന്റ് തോണ്‍ടണ്‍ ഭാരത് എല്‍എല്‍പി പങ്കാളിയും നാഷണല്‍ ഗ്ലോബല്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് നിഗം, എഫ്ബിഎന്‍ ഇന്ത്യ ചാപ്റ്റര്‍ സിഐഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ധ്യ സത്വാഡി എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ കോണ്‍ക്ലേവില്‍ സംസാരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine