

സ്നേഹവും വൈകാരികതയും നിറഞ്ഞ കുടുംബ ബന്ധങ്ങളും വിപണിയിലെ കടുത്ത മത്സരബുദ്ധിയും കൃത്യമായ സാമ്പത്തിക അച്ചടക്കം ആവശ്യമുള്ള ബിസിനസും ഒരേ മേശപ്പുറത്ത് ഒന്നിക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികം. കുടുംബങ്ങള്‍ തമ്മിലടിയുണ്ടാക്കി തകര്‍ന്ന ബിസിനസുകളേക്കാള്‍ ബിസിനസിലെ വ്യക്തതയില്ലായ്മയും തീരുമാനങ്ങളിലെ സുതാര്യതക്കുറവും കാരണം ഭിന്നിച്ചുപോയ കുടുംബങ്ങളാണ് ഏറെയും. ഒന്നാം തലമുറ ചോര നീരാക്കി കെട്ടിപ്പടുക്കുന്ന പ്രസ്ഥാനങ്ങള്‍ രണ്ടാം തലമുറയിലെത്തുമ്പോള്‍ എങ്ങനെ വിപുലീകരിക്കണം. മൂന്നാം തലമുറയിലെത്തുമ്പോള്‍ അവയുടെ ലക്ഷ്യം എങ്ങനെ നിലനിര്‍ത്തണം എന്നതില്‍ പലര്‍ക്കും ദിശാബോധം നഷ്ടപ്പെടുന്നു.
പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ്, മുന്‍ തലമുറയുടെ അനുഭവസമ്പത്ത്, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പ്രൊഫഷണല്‍ ഭരണസംവിധാനം എന്നിവയെല്ലാം സംയോജിപ്പിച്ച് കുടുംബ ബിസിനസുകളെ വിജയകരമായി തലമുറകളിലേക്ക് കൈമാറാനുള്ള 20 പ്രായോഗിക വഴികള്‍ നോക്കാം.
ഒരു രാജ്യത്തിന് ഭരണഘടന എങ്ങനെയാണോ, അതുപോലെ കുടുംബ ബിസിനസിന് കൃത്യമായൊരു നയം, അല്ലെങ്കില്‍ ഞൗഹല ആീീസ ഉണ്ടായിരിക്കണം. വാക്കാലുള്ള ധാരണകള്‍ക്ക് പകരം എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് തയാറാക്കിയ നിയമാവലി പിന്തുടരുന്നത് വ്യക്തിതാല്‍പര്യങ്ങള്‍ മൂലം സ്ഥാപനം തകരാതിരിക്കാന്‍ സഹായിക്കും.
കുടുംബ കാര്യങ്ങളും ബിസിനസ് കാര്യങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കരുത്. ഫാമിലി കൗണ്‍സില്‍ കുടുംബാംഗങ്ങളുടെ ക്ഷേമങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും തന്ത്രപരമായ തീരുമാനങ്ങളും പ്രൊഫഷണല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സിന്റെ മേല്‍നോട്ടത്തില്‍ നടക്കണം.
പുതിയ തലമുറയുടെ ബിസിനസ് പ്രവേശനത്തില്‍ മുതിര്‍ന്ന തലമുറയുടെ അനുഭവസമ്പത്തിനെ 'പഴഞ്ചന്‍' എന്ന് പറഞ്ഞ് തുടക്കത്തിലേ തള്ളിക്കളയരുത്. അടിത്തറ പണിതവരുടെ വീക്ഷണങ്ങള്‍ക്ക് വലിയ മൂല്യമുണ്ട്; ആ അനുഭവങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം.
അടുത്ത തലമുറ ബിസിനസിലേക്ക് വരുമ്പോള്‍ അവരെ നേരിട്ട് സിഇഒയോ, ഉയര്‍ന്ന പദവിയിലോ ഇരുത്തരുത്. ഒരു മാനേജ്‌മെന്റ് ട്രെയിനിയായി താഴേത്തട്ടില്‍ നിയമിക്കുക. സ്ഥാപനത്തിലെ ഓരോ വിഭാഗത്തിലും (Sales, Operations, Accounts മുതലായവ) ഓരോ വര്‍ഷം ട്രെയിനിങ് നല്‍കി, താഴേത്തട്ടിലെ പ്രശ്നങ്ങള്‍ പഠിച്ച ശേഷം മാത്രം നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം.
ഒന്നാം തലമുറ ബിസിനസ് കെട്ടിപ്പടുക്കുമ്പോള്‍ രണ്ടാം തലമുറ ചെയ്യേണ്ടത് ആ ബിസിനസ് സുഗമമായി സ്‌കെയില്‍ ചെയ്യാനുതകുന്ന സിസ്റ്റവും പ്രക്രിയകളും (Sstyems & Processes) ഉണ്ടാക്കുക എന്നതാണ്. വ്യക്തികളെ ആശ്രയിക്കാതെ സിസ്റ്റത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാക്കി അതിനെ മാറ്റണം.
ബിസിനസ് വിപുലീകരണത്തിന് ശേഷം വരുന്ന തലമുറകള്‍ വെറുതെ ലാഭമുണ്ടാക്കാന്‍ മാത്രമല്ല, എന്തിന് വേണ്ടിയാണ് ഈ ബിസിനസ് തുടങ്ങിയതെന്നും അതിന്റെ സാമൂഹിക പ്രസക്തിഎന്താണെന്നുമുള്ള 'ഉദാത്തമായ ലക്ഷ്യം' (Purpose) കണ്ടെത്തണം.
സ്ഥാപനത്തിലെ താഴ്ന്ന തലത്തിലുള്ള ജീവനക്കാരനായാലും സിഇഒ ആയാലും എല്ലാവരെയും ഒരുപോലെ ബഹുമാനത്തോടെ കാണുക. ജീവനക്കാര്‍ക്ക് സുരക്ഷിതത്വവും ആദരവും നല്‍കിയാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ സ്ഥാപനത്തിനൊപ്പം നില്‍ക്കും.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ വ്യക്തിഗത ഇടങ്ങള്‍ (Perosnal Space) അനുവദിക്കണം. ഒരു കുടുംബാംഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരാള്‍ അനാവശ്യമായി ഇടപെടാതിരിക്കുക.
ഓരോ കുടുംബാംഗത്തിനും കമ്പനിയില്‍ എന്ത് ചുമതലയാണുള്ളതെന്ന് മുന്‍കൂട്ടി വ്യക്തമാക്കുക. മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഓപറേഷന്‍സ് എന്നിങ്ങനെ വ്യക്തമായ അതിര്‍വരമ്പുകള്‍ നിര്‍വചിക്കുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കും.
കുടുംബാംഗങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കോ, വിപുലീകരണങ്ങള്‍ക്കോ തോന്നുംപോലെ കമ്പനി ഫണ്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കരുത്. ഉദാഹരണത്തിന്, ഒരു ബിസിനസ് വിപുലീകരണത്തിന് ഒരുകോടി രൂപ ആവശ്യമുണ്ടെങ്കില്‍ കൃത്യമായ പ്രൊപ്പോസല്‍ സമര്‍പ്പിച്ച് ബോര്‍ഡിനെ ബോധ്യപ്പെടുത്തി മാത്രമെ തുക അനുവദിക്കാവൂ.
'എനിക്ക് ലഭിച്ചതെല്ലാം നേരിട്ട് മക്കള്‍ക്ക് കൈമാറില്ല' എന്ന ബോധ്യം തലമുറകള്‍ക്കുണ്ടാകണം. അര്‍ഹതയില്ലാതെ ഒന്നും സൗജന്യമായി നല്‍കരുത്. പണത്തിന്റെ മൂല്യം പഠിപ്പിച്ച്, അധ്വാനിച്ചുണ്ടാക്കുന്നതിന്റെ സംതൃപ്തി അടുത്ത തലമുറയില്‍ വളര്‍ത്തണം.
കാലത്തിനനുസരിച്ച് മാറാന്‍ തയാറായില്ലെങ്കില്‍ വമ്പന്‍ കമ്പനികള്‍ പോലും വീണുപോകും (നോക്കിയയും ബ്ലാക്ക്‌ബെറിയും ഒരു തെറ്റും ചെയ്തില്ല. പക്ഷേ മറ്റുള്ളവര്‍ കാലാനുസൃതമായി പുതിയത് ചെയ്ത് മുന്നേറി). ബിസിനസ് ഏത് മേഖലയിലായാലും പുതിയ ജനറേഷന്‍ ആധുനിക ടെക്നോളജിയും ടൂളുകളും വേഗത്തില്‍ സ്വായത്തമാക്കണം.
എല്ലാ മേഖലകളിലും ഒരേസമയം കൈവെച്ച് ശ്രദ്ധ ചിതറിക്കരുത്. ഒരു മികച്ച ആശയം തിരഞ്ഞെടുക്കുക. അതില്‍ പൂര്‍ണ ശ്രദ്ധയും കഴിവും കേന്ദ്രീകരിച്ച് മികച്ച രീതിയില്‍ നടപ്പാക്കുക. കൃത്യമായ ഫോക്കസ് വിജയസാധ്യത വര്‍ധിപ്പിക്കും.
വീടുകളില്‍ ആരോഗ്യകരമായ ബിസിനസ് ചര്‍ച്ചകള്‍ക്ക് ഇടമുണ്ടാകണം. സ്ഥാപനം നേരിടുന്ന പ്രതിസന്ധികളും അത് മുതിര്‍ന്നവര്‍ എങ്ങനെ രമ്യമായി പരിഹരിക്കുന്നു എന്നതും കുട്ടികളും അറിയണം. ഇത് അവരില്‍ സ്വാഭാവികമായ ബിസിനസ് താല്‍പര്യവും സംരംഭകത്വ ചിന്തയും വളര്‍ത്തും.
പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാം. എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് വ്യക്തമായൊരു തീരുമാനമെടുക്കാനുംഅതില്‍ ഉറച്ചുനിന്ന് മുന്നോട്ട് പോകാനുമുള്ള ആര്‍ജവം സംരംഭകര്‍ക്ക് വേണം. ഒരു തീരുമാനം തെറ്റിയാലും അടുത്തതില്‍ അത് തിരുത്താം.
എത്ര ജോലിത്തിരക്കുണ്ടെങ്കിലും സഹപ്രവര്‍ത്തകരോ, ജീവനക്കാരോ വീട്ടുകാരോ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ സമയം കണ്ടെത്തുക. അവര്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് ബിസിനസിനാവശ്യമായ വലിയൊരു വഴിത്തിരിവോ, സൂചനയോ ലഭിച്ചേക്കാം.
കുടുംബത്തിലെ എല്ലാവരെയും നിര്‍ബന്ധിച്ച് ബിസിനസിലേക്ക് കൊണ്ടുവരരുത്. ഓരോ വ്യക്തിയും സ്വതന്ത്രനാണ്. ബിസിനസിനോട് ആത്മാര്‍ത്ഥമായ താല്‍പര്യവും അഭിനിവേശവുമുള്ള പുതിയ തലമുറയെ കണ്ടെത്തി, അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് വേണ്ടത്.
അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അവ വ്യക്തിവൈരാഗ്യങ്ങളായി മാറി വളര്‍ച്ചയെ തടസപ്പെടുത്താന്‍ അനുവദിക്കരുത്. പ്രശ്നമുണ്ടാകുമ്പോള്‍ ആരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം.
സാമ്പത്തിക ഇടപാടുകളിലും കമ്പനി ലക്ഷ്യങ്ങളിലും കുടുംബാംഗങ്ങള്‍ക്കിടയിലും 100% സുതാര്യത ഉറപ്പാക്കണം. സംശയങ്ങള്‍ ഇല്ലാതാകുമ്പോള്‍ സ്വാഭാവികമായും പരസ്പരവിശ്വാസം വര്‍ധിക്കും.
കുടുംബത്തിന്റെ പരമ്പരാഗത ബിസിനസിന്റെ അച്ചടക്കത്തില്‍ വളരുന്നതിനൊപ്പം പുതിയ വിപണികളെയും (Gen Z/Modern Trends) ലക്ഷ്യമിട്ട് അടുത്ത തലമുറ കൊണ്ടുവരുന്ന പുതിയ ബ്രാന്‍ഡുകള്‍ക്കും നൂതന ആശയങ്ങള്‍ക്കും ഇടം നല്‍കുക.
ഒരു രാജ്യത്തിന് ഭരണഘടന എങ്ങനെയാണോ, അതുപോലെ കുടുംബ ബിസിനസിന് കൃത്യമായ നയം ഉണ്ടായിരിക്കണം. ബിസിനസിലെ പ്രശ്നങ്ങളാണ് പലപ്പോഴും കുടുംബത്തെ ഭിന്നിപ്പിക്കുന്നത്. നിയമങ്ങള്‍ മുന്‍കൂട്ടി എഴുതിവെക്കാത്തതുകൊണ്ടാണ് ഇവിടെ പലപ്പോഴും തലമുറമാറ്റം നടക്കാതെ പോകുന്നത്.
സി.കെ കുമരവേല്‍, സിഎംഡി, നാച്ചുറല്‍സ് സലൂണ്‍സ് ആന്‍ഡ് സ്പാ
ഒരു സംരംഭകന് ഏറ്റവും അത്യാവശ്യം രണ്ട് കാര്യങ്ങളാണ്: തീരുമാനമെടുക്കാനുള്ള കരുത്തും ആളുകളെ ക്ഷമയോടെ കേള്‍ക്കാനുള്ള മനസും. ഒപ്പം ബിസിനസില്‍ ഓരോ രൂപയുടെയും വിലയറിഞ്ഞ് വളരാന്‍ അടുത്ത തലമുറയെ താഴേത്തട്ടിലെ പ്രശ്നങ്ങള്‍ കൂടി ബോധ്യപ്പെടുത്തിക്കൊണ്ടാവണം വളര്‍ത്തേണ്ടത്.
പ്രകാശ് പട്ടാഭിരാമന്‍, മാനേജിങ് ഡയറക്റ്റര്‍, കല്യാണ്‍ സില്‍ക്ക്സ്
കുടുംബത്തില്‍ നിന്നോ, മാതാപിതാക്കളില്‍ നിന്നോ ലഭിക്കുന്ന മൂല്യങ്ങള്‍ ബിസിനസിലും നിലനിര്‍ത്തുക. താഴേത്തട്ടിലുള്ള ജീവനക്കാരനായാലും സിഇഒ ആയാലും അവരെ തുല്യമായി കണ്ട് ആദരവ് നല്‍കുക.
റമീസ് മൊയ്തു, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍, കേരള റോഡ്‌വേയ്സ്
മുതിര്‍ന്ന തലമുറ പറയുന്ന കാര്യങ്ങളെ 'പഴയ രീതികള്‍' എന്ന് കരുതി തുടക്കത്തിലേ തള്ളിക്കളയരുത്. പൂര്‍ണമായി ബിസിനസിലേക്ക് ഇറങ്ങിക്കഴിയുമ്പോഴാണ് അവര്‍ പറഞ്ഞ അനുഭവ പാഠങ്ങളുടെ വില നാം തിരിച്ചറിയുക.
ആരതി വര്‍മ്മ, വൈസ് പ്രസിഡന്റ്, വര്‍മ ഹോംസ്
(Originally published in Dhanam Magazine October 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine