സംരംഭം തുടങ്ങാനൊരുങ്ങുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 4 കാര്യങ്ങള്‍

സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണോ നിങ്ങള്‍, എങ്കില്‍ ചില കാര്യങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കാനുണ്ട്. കാരണം, എന്തെങ്കിലും സംരംഭമെന്ന ലക്ഷ്യത്തോടെയാണ് നിങ്ങള്‍ സംരംഭകനാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. യാതൊരു നിരീക്ഷണവും പഠനവുമില്ലാതെയാണ് ഈ രംഗത്തേക്കിറങ്ങുന്നതെങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് മാത്രമല്ല, പണവും നഷ്ടമായേക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മികച്ച വളര്‍ച്ചയും നേടാവുന്നതാണ്.

1. വിപണിയെ നിരീക്ഷിക്കുക

ഒരു വ്യക്തി സംരംഭവുമായെത്തുകയാണെങ്കില്‍ നിര്‍ബന്ധമായും ആ വിപണിയെ നിരീക്ഷിച്ച് പഠിച്ചെടുക്കേണ്ടതാണ്. ഒരു പുതിയ ഉല്‍പ്പന്നമാണ് ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ സമൂഹത്തിന്റെ വിപണന രീതിയും അവരുടെ ആവശ്യങ്ങളും നിരീക്ഷിച്ച് മനസിലാക്കണം. നിങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തിന്റെ സാധ്യതയും സമാന ഉല്‍പ്പന്നങ്ങളെ കുറിച്ചും അവയുടെ വില്‍പ്പനയെ കുറിച്ചുമെല്ലാം പഠിച്ച് മനസിലാക്കേണ്ടതാണ്. ഏതൊക്കെ ആള്‍ക്കാരാണ് ഉല്‍പ്പന്നം ഉപയോഗിക്കുന്നതെന്ന് മനസിലാക്കി തങ്ങളുടെ ഉപഭോക്താക്കളെ കുറിച്ചുള്ള ധാരണ സംരംഭം തുടങ്ങുന്നതിന് മുമ്പേ ഉറപ്പുവരുത്തണം

2. സമൂഹത്തെ പഠിക്കുക

സ്വാഭാവികമായും സമൂഹത്തിലും വിപണിയിലും ലഭ്യമല്ലാത്ത, എന്നാല്‍ ആളുകള്‍ക്ക് ആവശ്യമായി വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ലഭിക്കുകയും അവ പെട്ടെന്ന് തന്നെ വിറ്റഴിയുകയും ചെയ്യും. ഇത്തരത്തില്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ആ വിടവ് നികത്തുന്ന രീതിയിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതായിരിക്കും നല്ലത്. കാലത്തിനനുസരിച്ച് ഉപഭോക്താക്കളിലുണ്ടാകുന്ന മാറ്റങ്ങളും സംരംഭ സാധ്യതകളും മനസിലാക്കണം.

ഓരോ കാലത്തിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും സമൂഹത്തിലും മാറ്റങ്ങളുണ്ടായേക്കും. ഇത് വിപണിയിലും പ്രതിഫലിച്ചേക്കും. ഇവ മനസിലാക്കി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ തുടങ്ങുകയാണെങ്കില്‍ മികച്ച വളര്‍ച്ച നേടാവുന്നതാണ്. ഉദാഹരണത്തിന്, കോവിഡിന് ശേഷം സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയ്ക്ക് വിപണിയില്‍ നല്ല ഡിമാന്റുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തിന്റെയും വിപണിയുടെയും ആവശ്യങ്ങള്‍ മനസിലാക്കി സംരംഭങ്ങള്‍ തുടങ്ങുന്നതാണ് ഉചിതം.

3. ഉല്‍പ്പന്നത്തിന്റെ ഭാവി

ഉല്‍പ്പാദന രംഗത്തേക്കാണ് കടക്കുന്നതെങ്കില്‍ ആ ഉല്‍പ്പന്നത്തിന്റെ ലാഭക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ്, നിര്‍മാണ ചെലവ്, വിതരണ ചെലവ്, കമ്മീഷന്‍ തുടങ്ങിവയെ കുറിച്ചൊക്കെ മനസിലാക്കി ലാഭക്ഷമത ഉറപ്പുവരുത്തി വേണം ഉല്‍പ്പന്നത്തന് വില നിശ്ചയിക്കാന്‍. കൂടാതെ, സമാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെങ്കില്‍ അവയുടെ വിലയെ കുറിച്ചും ഗുണമേന്മയെ കുറിച്ചും താരതമ്യം ചെയ്ത് നല്ല ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. ഉല്‍പ്പന്നത്തിന്റെ ഭാവി സാധ്യത പഠിക്കുക.

4. ടെക്നോളജി ഉപയോഗിക്കുക

സംരംഭം തുടങ്ങുന്നതിന് മുമ്പേ സാങ്കേതികത ഉറപ്പാക്കേണ്ട മേഖലകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ഉല്‍പ്പാദന ക്ഷമത കൂട്ടുന്നതോടൊപ്പം സമയവും ലാഭിക്കാം. വ്യവസായ രംഗത്ത് ഇപ്പോള്‍ ശക്തമായ മത്സരമാണ് നടക്കുന്നത്, പ്രത്യേകിച്ച് ഡിജിറ്റല്‍ ആയി മാറുന്നതില്‍. അതിനാല്‍ ഡിജിറ്റല്‍ ബിസിനസിന്റെ വഴികള്‍ സ്വായത്തമാക്കി മുന്നേറാന്‍ കഴിയണം. അവ പഠിക്കുകയും പരിശീലിക്കുകയും ചെയ്യണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it