ഫര്‍ണീച്ചര്‍ ബിസിനസ്സിന്റെ ഭാവി

ഫര്‍ണീച്ചറുകള്‍ തലമുറകളിലായി കൈമാറിവരുന്ന ഒരു പാരമ്പര്യമായിരുന്നു ഇന്ത്യയില്‍ നിലനിന്നിരുന്നത്.
Image courtesy: canva
Image courtesy: canva
Published on

കാലങ്ങളായി അസംഘടിതമായി തുടര്‍ന്ന ഫര്‍ണീച്ചര്‍ മേഖലയില്‍ 20 വര്‍ഷം മുമ്പാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സ്ഥിതിചെയ്യുന്ന സിഡ്കോ (SIDCO) ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഇന്ത്യയില്‍ ആദ്യമായി സംഘടിതമായും ശാസ്ത്രീയമായും പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ ഉത്പാദന കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ ഇന്നും ഇന്ത്യയില്‍ പരമ്പരാഗതമായ രീതിയില്‍ ഫര്‍ണീച്ചര്‍ ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങളാണ് കൂടുതലും.

ഫര്‍ണീച്ചര്‍ മേഖലയുടെ ഭാവിയെ കുറച്ചുപറയുമ്പോള്‍ തമിഴ്‌നാടിനെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഏറ്റവുമധികം ഫര്‍ണീച്ചര്‍ ഉത്പാദന കേന്ദ്രങ്ങളുള്ളത് തമിഴ്‌നാട്ടിലാണ്. ലോകരാജ്യങ്ങള്‍ 'ചൈന പ്ലസ് വണ്‍' നയം പിന്തുടരുമ്പോള്‍ അവിടെ പ്രധാന പങ്കാളിയാകാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി തൂത്തുക്കുടിയില്‍ 4,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിന്റെ മൂല്യം 32 ബില്യണ്‍ ഡോളറാണ്. 20 മുതല്‍ 25 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്. മാറ്റങ്ങള്‍ സര്‍വ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് അത് ഫര്‍ണീച്ചര്‍ മേഖലയിലും സംഭവിക്കുന്നുണ്ട്. അത്തരത്തില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മള്‍ട്ടിഫംഗ്ഷണല്‍ ഫര്‍ണിച്ചറുകള്‍:

'Tiny Home movement'ന്റെ ഭാഗമായി ആളുകള്‍ ചെറിയ താമസ സ്ഥലങ്ങളിലേക്ക് മാറുമ്പോള്‍ അവിടെ സൗകര്യപ്രദമാകുന്ന തരം മള്‍ട്ടിഫംഗ്ഷണല്‍ ഫര്‍ണീച്ചറുകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മര്‍ഫി ബെഡ്, സ്റ്റോറേജ് ബെഡ്, ഫോള്‍ഡബിള്‍ വര്‍ക്ക്സ്റ്റേഷന്‍, കണ്‍വെര്‍ട്ടബിള്‍ കോഫി ടേബിളുകള്‍ തുടങ്ങി വ്യത്യസ്ത ഉപയോഗങ്ങള്‍ ഉള്ള ഫര്‍ണീച്ചറുകള്‍ക്കുള്ള ആവശ്യക്കാര്‍ കൂടും. കൂടാതെ റെഡി-ടു-അസംബ്ലിംള്‍ ഫര്‍ണിച്ചറുകളും മാര്‍ക്കറ്റ് കയ്യടക്കും. ഇത്തരം ഫര്‍ണീച്ചറുകളുടെ മാര്‍ക്കറ്റ് മൂല്യം ഇന്ത്യയില്‍ 1.34 ബില്യണ്‍ ഡോളറാണ്. 2027 പ്രതീക്ഷിക്കുന്നത് 2.48 ബില്യണ്‍ ഡോളറാണ്. ഇത്തരം ഫര്‍ണീച്ചറുകളുടെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് IKEA ആണ്.

ഡിജിറ്റലൈസേഷന്‍:

സാങ്കേതികവിദ്യ തൊട്ടുതീണ്ടാത്ത ഉത്പന്നങ്ങളായിരുന്നു ഒരുകാലത്ത് ഫര്‍ണീച്ചറുകള്‍. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ ഫര്‍ണീച്ചറുകളിലും സാങ്കേതികവിദ്യ കൊണ്ടുവരാന്‍ തുടങ്ങി. യു.എസ്.ബി പോര്‍ട്ടും, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങുമെല്ലാം ഇന്ന് ഫര്‍ണീച്ചറുകളുടെ ഭാഗമായിരിക്കുന്നു. കൂടാതെ Voice activated lifting matresses ഉം ആളുകളുടെ ജീവിതത്തെ സുഗമമാക്കാന്‍ പ്രാപ്തിയുള്ളതാണ്. വില്‍പ്പനയിലും ഡിജിറ്റലൈസേഷന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി (AR) ഉപയോഗിച്ച് ഉപഭോക്താവിന്റെ മുറിയില്‍ ഏതുതരം ഫര്‍ണീച്ചറാണ് ഉചിതമെന്ന് ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാണിച്ചുകൊടുക്കാന്‍ ഇന്ന് സാധിക്കും.

പരിസ്ഥിതി സംരക്ഷണം:

പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ധാര്‍മിക ഉത്തരവാദിത്വമായി കരുതുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കൂടാതെ സര്‍ക്കാര്‍തലത്തിലും ഇതിനുള്ള പല നയങ്ങളും നടപ്പാക്കുമ്പോള്‍ അവിടെ പരിസ്ഥിതി സൗഹൃദ ഫര്‍ണീച്ചര്‍ ഉത്പാദനത്തിനുള്ള പ്രോത്സാഹനവും വര്‍ധിക്കും. വിഷരഹിതമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ഫര്‍ണീച്ചറുകള്‍, പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത സമാഹരിച്ച അസംസൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച ഫര്‍ണീച്ചറുകള്‍ കൂടാതെ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴുവാക്കിയുള്ള പാക്കിംഗ് തുടങ്ങിയ രീതികള്‍ ഈ മേഖലയില്‍ സംഭവ്യമാകും.

ആരോഗ്യം:

വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം ഉടലെടുത്തതോടുകൂടി വീടുകളില്‍ തന്നെ ചെറിയ ഓഫീസ് മുറികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഐ.ടി മേഖലയില്‍ പ്രത്യേകിച്ചും മണിക്കൂറുകള്‍ ഇരുന്ന് ജോലിയെടുക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ അത് ആളുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഫര്‍ണീച്ചറുകളുടെ ഡിമാന്‍ഡും ഇന്ന് വര്‍ധിക്കുന്നുണ്ട്. നടുവിന് സംരക്ഷണം നല്‍കുന്ന ഓഫീസ് ചെയറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡെസ്‌ക്കുകള്‍ തുടങ്ങിയവയ്ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടുതലാണ്. കൂടതെ ഓര്‍ത്തോപീഡിക് മെത്തകള്‍, വായു ശുദ്ധീകരിക്കുന്ന സംവിധാനമുള്ള ഫര്‍ണിച്ചറുകള്‍ മുതലായവ ഈ മേഖലയില്‍ ഇന്ന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് വൈകാരികമായാണ് ആളുകള്‍ ഫര്‍ണീച്ചറുകളെ കണ്ടിരുന്നത്. ഫര്‍ണീച്ചറുകള്‍ തലമുറകളിലായി കൈമാറിവരുന്ന ഒരു പാരമ്പര്യമായിരുന്നു ഇന്ത്യയില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇന്ന് ജീവിതത്തെ സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് യുവതലമുറ ഇത്തരം ഉല്‍പ്പന്നങ്ങളെ നോക്കികാണുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com