ഇപ്പോള്‍ ബിസിനസുകള്‍ പിടിച്ചുനില്‍ക്കണോ? എങ്കില്‍ തീര്‍ച്ചയായും ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വളരെ അരക്ഷിതവും അസാധാരണവുമായ ഒരു സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. അനിയന്ത്രിതമായ രീതിയില്‍ കോവിഡ് പടരുന്നു. ആരൊക്കെയാണ് വൈറസ് വാഹകര്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. എന്തൊക്കെ പ്രതിസന്ധികള്‍ ഇത് സൃഷ്ടിക്കും എന്ന് മുന്‍കൂട്ടി മനസിലാക്കുവാന്‍ സാധ്യമല്ലാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ബിസിനസുകളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട 5 കാര്യങ്ങള്‍ ഇതാ.

1. വില്‍പ്പനയെ ബാധിക്കുമെന്ന് കരുതി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക
കര്‍ശനമായ നിയന്ത്രണങ്ങള്‍ ബിസിനസില്‍ ഏര്‍പ്പെടുത്തുമ്പോള്‍ അത് വില്‍പ്പനയില്‍ മടുപ്പ് ഉളവാക്കും എന്ന് ചിന്തിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാനദണ്ഡങ്ങളിലും വിട്ടുവീഴ്ച അരുത്. ഉടമസ്ഥരുടെയും ജീവനക്കാരുടെയും കസ്റ്റമേഴ്‌സിന്റെയും ഉള്‍പ്പടെ ബിസിനസുമായി ബന്ധപ്പെടുന്ന ഓരോ വ്യക്തിയുടേയും സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കണം. നാളെ ബിസിനസ് പൂര്‍ണ്ണമായി അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കുവാന്‍ ഇതുമൂലം കഴിയും. ഏറ്റവും സുരക്ഷിതമായി ബിസിനസ് ചെയ്യുക എന്നതാവട്ടെ ഈ സമയത്തെ ലക്ഷ്യം.
2. അനാവശ്യ സ്‌റ്റോക്കിംഗ് ഒഴിവാക്കുക, പണച്ചോര്‍ച്ച തടയുക.
വില്‍പ്പനയേയും സാഹചര്യങ്ങളേയും സൂക്ഷ്മമായി വിലയിരുത്തി മാത്രം ഉല്‍പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുക. അനാവശ്യമായി സൂക്ഷിക്കുന്ന ചരക്കുകള്‍ പ്രവര്‍ത്തന മൂലധനത്തെ വിഴുങ്ങും. അടിയന്തിര സാഹചര്യമുണ്ടായാല്‍ ഇത് പണത്തിന്റെ ഞെരുക്കം വര്‍ദ്ധിപ്പിക്കും. പുതിയ ചരക്കുകള്‍ എടുക്കുന്നതിന് മുമ്പ് സ്ഥിതിഗതികള്‍ പഠിക്കുക. അതിനനുസരിച്ച് മാത്രം സ്‌റ്റോക്ക് ചെയ്യുക.
3. ഉപഭോക്താക്കളിലേക്ക് എത്താന്‍ ശ്രമിക്കുക
സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കുന്നത് ചിന്തിക്കുക. ഹോം ഡെലിവറി പോലുള്ള സേവനങ്ങള്‍ പ്രതികൂല സാഹചര്യത്തില്‍ പോലും വില്‍പ്പന ഉറപ്പു വരുത്തും. ഷോപ്പുകളില്‍ വില്‍പ്പന കുറയുകയാണെങ്കില്‍ അധികമായി വരുന്ന ജീവനക്കാരെ ഇതിനായി ഉപയോഗപ്പെടുത്താം.
4. വെറുതെ തുറന്നിരിക്കണം എന്നില്ല
കസ്റ്റമേഴ്‌സ് കുറയുകയും വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുകയും ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലി ചെയ്യുവാന്‍ അവസരം ഒരുക്കാം. ഇത് പൊതുഗതാഗത സംവിധാനങ്ങളിലൂടെയുള്ള യാത്രകളും രോഗം പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുവാന്‍ സഹായകരമാകും. ആര്‍ക്കെങ്കിലും രോഗം പിടിപെട്ടാല്‍ എല്ലാവരും ഒരുമിച്ച് ലീവ് എടുക്കേണ്ട അവസ്ഥ ഒഴിവാക്കുവാനും സാധിക്കും. വില്‍പ്പന കുറവെങ്കില്‍ കടകള്‍ നേരത്തെ അടയ്ക്കാം / ഉല്‍പ്പാദനം കുറയ്ക്കാം. ഇത് വൈദ്യുതി ഉള്‍പ്പടെയുള്ള ധാരാളം ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
5. കിട്ടാനുള്ള പണം പിരിച്ചെടുക്കുക
കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്നും ലഭിക്കുവാനുള്ള തുക ശേഖരിക്കുവാന്‍ ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം. ലോക്ക്‌ഡൌണ്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉരുത്തിരിയുകയാണെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പണം ആവശ്യമായി വരും. ലഭിക്കാനിടയുള്ള പരമാവധി പണം അത് തരാന്‍ ഇടയുള്ളവരില്‍ നിന്നും കളകറ്റ് ചെയ്യാന്‍ ശ്രമിക്കുക.


Related Articles
Next Story
Videos
Share it