വിദേശത്തിരുന്ന് നാട്ടില്‍ സംരംഭം നടത്താം: ഇതാ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല പ്രവാസികളുടെയും മോഹമാണ് നാട്ടില്‍ ഒരു സംരംഭത്തെ ട്രാക്കില്‍ കയറ്റിയ ശേഷം തിരിച്ചുവരുകയെന്നത്. ആ മോഹമുള്ളവര്‍ എന്താണ് ചെയ്യേണ്ടത്
Photo : Canva
Photo : Canva
Published on

ഗള്‍ഫ് രാജ്യത്ത് ജീവിക്കുന്ന പല പ്രവാസി മലയാളികളുടെയും ആഗ്രഹം നാട്ടില്‍ തിരിച്ചുവന്ന് ഇവിടെ ഒരു വരുമാനമാര്‍ഗം കണ്ടെത്തി കുടുംബത്തോടൊപ്പം ജീവിക്കുക എന്നതാണ്. മടങ്ങിയെത്തുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ മുന്നിലുള്ള ഏക ആശ്രയം സ്വന്തമായി സംരംഭം ആരംഭിക്കുക എന്നതാവും. എന്നാല്‍ അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്ന കാര്യം ഭയമാണ്, ആ ബിസിനസ് പരാജയപെട്ടാലോ എന്നുള്ള ഭയം. ഇത്തരം സാഹചര്യത്തിലാണ് മറ്റൊരു വഴികൂടി അവര്‍ കാണുന്നത്. അതായത് വിദേശത്ത് താല്‍ക്കാലികമായി തുടര്‍ന്നുകൊണ്ട് നാട്ടില്‍ ഒരു സംരംഭം ആരംഭിച്ച് അത് വിജയം കൈവരിച്ചാല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തുക. എന്നാല്‍ അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും സംശയമാണ്.

ആദ്യമായി മനസ്സിലാക്കേണ്ടത് വിദേശ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന രീതിയില്‍ കേരളത്തില്‍ ബിസിനസ് ചെയ്യാന്‍ സാധ്യമല്ല. നിയമങ്ങളും, ആളുകളുടെ buying behaviour ഉം, മത്സരങ്ങളും എല്ലാം വ്യത്യസ്തമാണ്. അതിനാല്‍ വിദേശത്തെ ബിസിനസ് അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസം മാത്രം മുന്‍നിര്‍ത്തി നാട്ടില്‍ സംരംഭം ആരംഭിക്കരുത്.

ഇനി വിദേശത്തിരുന്നുകൊണ്ട് നാട്ടില്‍ ഒരു കമ്പനി രൂപീകരിക്കാന്‍ കഴിയുമോ എന്ന് നോക്കാം. LLP അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിദേശത്തിരുന്നുകൊണ്ട് ആരംഭിക്കാന്‍ സാധിക്കും എന്നാല്‍ ഒരു പാര്‍ട്ണര്‍/ഡയറക്ടര്‍ നാട്ടില്‍ ആവശ്യമാണ്. മാത്രമല്ല വിദേശത്തുള്ള ആളെ കമ്പനിയില്‍ ചേര്‍ക്കുമ്പോള്‍ അവിടത്തെ എംബസിയില്‍ നിന്നും ഡോക്യൂമെന്റസ് attest ചെയ്തു വാങ്ങേണ്ടതുമുണ്ട്. മറ്റൊരു മാര്‍ഗം, നാട്ടിലുള്ള വിശ്വസ്തരായ രണ്ടുപേരെ വച്ച് സ്ഥാപനം ആരംഭിച്ച് വിദേശത്തുള്ള വ്യക്തി നാട്ടില്‍ എത്തുമ്പോള്‍ നിലവിലുള്ള ആരെയെങ്കിലും മാറ്റി ആ സ്ഥാനത്ത് കയറാവുന്നതാണ്. ഏറ്റവും മികച്ച മാര്‍ഗവും അതുതന്നെയാണ്. ഇത്തരത്തില്‍ കമ്പനി ആക്കുന്നതുവഴി, നിയമപരമായ പല കാര്യങ്ങള്‍ക്കും നിങ്ങളുടെ signature ആവശ്യമായി വരുന്നില്ല. ഇത് കാര്യങ്ങള്‍ സുഗമമാക്കുവാന്‍ സഹായിക്കുന്നു.

ഈ സംരംഭം നല്ലരീതിയില്‍ മുന്നോട്ട് പോകുവാന്‍ മൂന്നു പേരെ നിയമിക്കുക. അവര്‍ക്ക് മൂന്ന് വ്യത്യസ്ത അധികാരപരിധിയും നിശ്ചയിക്കുക.

1. ഫിനാന്‍സ്: പല പ്രവാസി മലയാളികളും ചെയ്യുന്നത് വിദേശത്തെ കറന്‍സിയുടെ മൂല്യം വച്ച് നാട്ടില്‍ ബിസിനസ്സിനായി പണം ചെലവഴിക്കും. ഇത് ഭീമമായ ഒരു ചെലവ് ഉണ്ടാക്കുന്നതിന് കാരണമാകും. നാട്ടില്‍ വിശ്വസിക്കാന്‍ കഴിയുന്ന ഒരാളെ സാമ്പത്തികകാര്യങ്ങള്‍ നോക്കിനടത്താനായി നിയമിക്കുക. അത് ഒരിക്കലും സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൊട്ടേഷനും ഇന്‍വോയ്‌സിനും അനുസൃതമായ തുക നല്‍കുക. ഓരോ ഇടപാടിന്റെയും ബില്ലുകള്‍ സ്വരൂപിക്കാനും ഓരോ ദിവസവയം അല്ലെങ്കില്‍ ഓരോ ആഴ്ചയിലും വരവ് ചെലവ് കണക്കുകള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈന്‍ മീറ്റിങ് സംഘടിപ്പിക്കുക. ഗൂഗിള്‍ ഷീറ്റില്‍ വരവ് ചെലവ് കണക്കുകള്‍ തത്സമയം കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുക; അതുവഴി കണക്കുകള്‍ കൃത്യമായി വിദേശത്തിരുന്ന് അറിയാന്‍ സാധിക്കും.

2. മാര്‍ക്കറ്റിംഗ്: നാട്ടില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പരിചയസമ്പന്നനായ ഒരാളെത്തന്നെ മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ നോക്കിനടത്താനായി നിയമിക്കുക. അവര്‍ക്ക് കൃത്യമായ ടാര്‍ഗറ്റ് നല്‍കികൊണ്ട് മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ ചെയ്യാനായി ഏല്‍പ്പിക്കുക. ഇവിടെയും നമ്മുടെ ഭാഗത്തുനിന്നുള്ള മോണിറ്ററിങ് അനിവാര്യമാണ്. ഓരോ മൂന്ന് ദിവസത്തിലൊരിക്കലെങ്കിലും അവരുമായി ഓണ്‍ലൈന്‍ മീറ്റിങ് സംഘടിപ്പിച്ച് അവരുടെ പ്രകടനം വിലയിരുത്തുക. മാര്‍ക്കറ്റിംഗ് അംഗത്തിന് ശമ്പളം നല്‍കേണ്ടത് സാമ്പത്തികകാര്യങ്ങള്‍ നോക്കി നടത്തുന്ന വ്യക്തിയാവണം. മാര്‍ക്കറ്റിംഗ് രംഗത്ത് വരുന്ന ചെലവുകള്‍ക്കുള്ള പണം നല്‍കേണ്ടതും ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതലയാണ്. അതായത് ധനപരമായ എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ടത് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റാണ്. അതുപോലെതന്നെയാണ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റും.

3. പ്രൊഡക്ഷന്‍: ഉല്‍പ്പാദനത്തിന് വേണ്ടുന്ന യന്ത്രസാമഗ്രികള്‍ വാങ്ങുന്നതും, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതും, ഉത്പാദനം നടത്തേണ്ടതും, ക്വാളിറ്റി ഉറപ്പുവരുത്തേണ്ടതും, പാക്ക് ചെയ്യേണ്ടതും തുടങ്ങി, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റിന് ഉല്‍പ്പന്നം കൈമാറുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ടത് പ്രൊഡക്ഷന്‍ ഹെഡ് ആയിരിക്കണം. ഇതിനുവേണ്ടത്തുന്ന പണം നല്‍കേണ്ടത് ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റാണ്. ഈ ഉല്പാദന കാര്യങ്ങളും സംരംഭകന്‍ ഇടപെടേണ്ടത് വളരെ അനിവാര്യമാണ്.

ഇത്തരത്തില്‍ ഒരു ഓട്ടോമേഷന്‍ സംരംഭത്തില്‍ കൊണ്ടുവന്നാല്‍ നമ്മുടെ ഇടപെടല്‍ കുറച്ചുകൊണ്ടുതന്നെ സംരംഭം മുന്നോട്ടേക്ക് നയിക്കാന്‍ സാധിക്കും. ദൈന്യംദിന കാര്യങ്ങള്‍ എല്ലാം നോക്കി നടത്തേണ്ടത് അതാത് അധികാര പരിധിയിലുള്ളവര്‍ ആയിരിക്കണം. എന്നാല്‍ ബിസിനസിലെ പ്രധാന തീരുമാനങ്ങളുടെ അമരക്കാരന്‍ നിങ്ങള്‍തന്നെ ആവുകയും വേണം. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി എന്നത് ഈ ഓരോ രംഗത്തും പ്രവര്‍ത്തിക്കാനറിയാവുന്ന വിശ്വസിക്കാവുന്ന ആളുകളെ ലഭിക്കുക എന്നതാണ്. ആ വെല്ലുവിളി തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ നിങ്ങല്കും വിദേശത്തിരുന്ന് നാട്ടില്‍ നല്ലൊരു സംരംഭം ആരംഭിക്കാന്‍ സാധിക്കും. ബിസിനസ് വിജയിക്കുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങിവരാനും സാധിക്കും.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com