
പുതിയ കാലത്ത് ടെക്നോളജിയുടെ സഹായമില്ലാതെ ഒരു ബിസിനസിനും നിലനില്‍പ്പില്ലെന്ന് നമുക്കറിയാം. ടെക്നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ബിസിനസ് സ്ട്രാറ്റജി പരിഷ്‌കരിച്ചവരാണ് ഇന്നത്തെ വ്യവസായ ഭീമന്മാര്‍. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് ടെക്നോളജിയെ ബിസിനസില്‍ വേണ്ട വിധത്തില്‍ ഉള്‍ച്ചേര്‍ക്കാനും അതിന്റെ ചെലവ് മുന്നില്‍ കാണാനും കഴിയാത്തതിനാലാണ്. ചെലവ് പരമാവധി കുറച്ച് ടെക്‌നോളജി ഉപയോഗപ്പെടുത്തി ബിസിനസ് എങ്ങനെ പരിഷ്‌കരിക്കാം എന്ന് നോക്കാം.
പൊതുവെ രണ്ട് തരത്തിലാണ് സോഫ്റ്റ്വെയറുകളെ തരംതിരിക്കുന്നത്. പ്രൊപ്രൈറ്ററി ടെക്നോളജിയും (Proprietary technology) ഓപ്പണ്‍ സോഴ്സ് ടെക്‌നോളജിയും. ഉപയോഗിക്കുന്ന കാലയളവിനും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിനും അനുസരിച്ച് ലൈസന്‍സ് ഫീസ് ഈടാക്കുന്ന രീതിയാണ് പ്രൊപ്രൈറ്ററി ലൈസന്‍സ് സോഫ്റ്റ്വെയറുകള്‍ പിന്തുടരുന്നത്. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ സോഫ്റ്റ്വെയര്‍ ഭീമന്മാര്‍ എല്ലാവരും ലൈസന്‍സ് അടിസ്ഥാനത്തില്‍ അവരുടെ സേവനങ്ങള്‍ നല്‍കുന്നവരാണ്. പൊതുവെ ഇങ്ങനെയുള്ള സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കിയ സോഴ്‌സ് കോഡ് ഇവര്‍ സ്വകാര്യ സ്വത്തായി കൈവശം വെയ്ക്കുകയും ചെയ്യുന്നു.
ഇതില്‍ നിന്ന് വിഭിന്നമാണ് ഓപ്പണ്‍ സോഴ്സ്. സ്വതന്ത്ര കൂട്ടായ്മകള്‍ തയാറാക്കുന്ന ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാനോ വിതരണം ചെയ്യാനോ യാതൊരു ചെലവോ തടസമോ ഇല്ല. ഇന്ന് വന്‍കിട കമ്പനികളുടെ ബിസിനസ് സ്ട്രാറ്റജിയുടെ അവിഭാജ്യ ഘടകമാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകള്‍. എംഎസ്എംഇ സംരംഭകര്‍ക്കും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറുകള്‍ പ്രയോജനപ്പെടുത്തി ബിസിനസ് ഡിജിറ്റലൈസ് ചെയ്യാം.
ഇവ തമ്മിലുള്ള വ്യത്യാസം ചെറിയൊരു ഉദാഹരണത്തിലൂടെ നോക്കാം. നമ്മുടെ വീട്ടിലോ ഫ്‌ളാറ്റിലോ വെള്ളം എത്തുന്നത് ചിലപ്പോള്‍ മുനിസിപ്പാലിറ്റി പൈപ്പ് വഴിയോ ടാങ്കര്‍ വഴിയോ ആകാം. ഇതിന് മാസംതോറും ഒരു ഫീസും ഉണ്ടാകും. ചില നിബന്ധനകള്‍ക്കനുസരിച്ചാകും വെള്ളത്തിന്റെ വിതരണം. ആ നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വെള്ളം ആവശ്യത്തിന് ഉപയോഗിക്കാം. ഇതുപോലെയാണ് ലൈസന്‍സ് സോഫ്റ്റ്വെയര്‍. അത് നിര്‍മിച്ചു വിതരണം ചെയ്യുന്ന കമ്പനിയുടെ നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉപയോഗിക്കാം. അതേസമയം, നിങ്ങളുടെ പറമ്പിലെ കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നതെങ്കില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറും ഈ രീതിയിലാണ്. നിങ്ങളുടെ സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന്റെ പരിമിതി നിങ്ങള്‍ക്ക് അത് ഉപയോഗിക്കാനുള്ള അറിവിനെ മാത്രം ആശ്രയിച്ചാണ്.
ഒരു ചെറുകിട സംരംഭകന് ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ നോക്കാം.
1. തീര്‍ത്തും സൗജന്യമായി തന്റെ ആവശ്യത്തിന് വേണ്ട സോഫ്റ്റ്വെയര്‍ സ്വന്തമാക്കാം.
2. പൂര്‍ണമായും തന്റെ സ്ഥാപനത്തിന്റെ
ഡാറ്റയ്ക്ക് മുകളിലുള്ള കൈവശാവകാശം.
3. തന്റെ ആവശ്യത്തിനനുസരിച്ച് സോഫ്റ്റ്വെയര്‍
പരിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം.
4. വളര്‍ച്ചയ്ക്ക് ആനുപാതികമായി മാത്രം ഐടിയില്‍ നിക്ഷേപിക്കാനുള്ള സാവകാശം.
നിങ്ങള്‍ പലവിധ മാര്‍ക്കറ്റിംഗിലൂടെ സ്ഥാപനത്തിന്റെ വിറ്റുവരവ് കൂട്ടി എന്ന് കരുതുക. എന്നാല്‍ ആ പദ്ധതി സ്ഥാപനത്തിന്റെ വളര്‍ച്ചയെ സഹായിച്ചോ എന്നറിയാന്‍ ഓരോ ഉപഭോക്താവിനെയും നേടാന്‍ എത്ര രൂപ ചെലവാക്കി (Customer Acquisition Cost), ഓരോ ഉപഭോക്താവില്‍ നിന്നും എത്ര വരുമാനം സ്ഥാപനത്തിനുണ്ടായി എന്നും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഈ കണക്കുകള്‍ കിട്ടാന്‍ വളരെ സങ്കീര്‍ണമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കേണ്ടി വരും. ഇത്തരം പല സൗകര്യങ്ങളും ഒരു കുടക്കീഴില്‍ നല്‍കുന്ന സോഫ്റ്റ്വെയറുകളാണ് ഇആര്‍പിസോഫ്റ്റ്വെയറുകള്‍ (ERP Software). നേരത്തെ പറഞ്ഞതു പോലെ ഇആര്‍പികളിലും പ്രൊപ്രൈറ്ററി ലൈസന്‍സ് സോഫ്റ്റ്വെയറുകളും ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറുകളും ലഭ്യമാണ്. SAP, Oracle, Microosft Dynamics ഒക്കെ ഈ വിധത്തില്‍ ലഭ്യമായ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ആണ്. ERPNext, Odoo, Dolibarr, ADempiere മുതലായവ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറുകളും ആണ്.
അനുബന്ധ സേവനങ്ങളും ട്രെയിനിംഗും നല്‍കിയാണ് ഈ കമ്പനികള്‍ നിലനില്‍ക്കുന്നത്. മികച്ച രീതിയില്‍ ബിസിനസ് കൊണ്ടുപോകാന്‍ ഇആര്‍പി അത്യാവശ്യമാണ്. ഇത്തരത്തില്‍ ചെറുകിടക്കാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഒരു സൗജന്യസോഫ്റ്റ്വെയറാണ് ERPNext. ഇന്ത്യക്കാരായ ഒരുപറ്റം യുവാക്കള്‍ 13 കൊല്ലം മുമ്പ് തുടങ്ങിയ ഈ സോഫ്റ്റ്വെയറിന് ഇന്ന് ലോകം മുഴുവന്‍ ഉപയോക്താക്കളും നിക്ഷേപകരും ഉണ്ട്. ഒരു ബിസിനസിന്റെ പല ഡിപ്പാര്‍ട്ട്മെന്റുകളായ സെയ്ല്‍സ്, പര്‍ച്ചേസ്, എച്ച്ആര്‍, മാര്‍ക്കറ്റിംഗ് തുടങ്ങി 36 മൊഡ്യൂളുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഈ സോഫ്റ്റ്വെയര്‍ ഒരുക്കിയിട്ടുള്ളത്.
കോവിഡിന് ശേഷം ഡിസ്ട്രിബ്യുഷന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് കിട്ടാക്കടം ആണ്. കൃത്യമായി മാര്‍ക്കറ്റില്‍ നിന്ന് പണം പിരിച്ച് മൂലധനലഭ്യത നിലനിര്‍ത്തിയില്ലെങ്കില്‍ സംരംഭത്തിന്റെ പ്രവര്‍ത്തനത്തെ അത് ഗുരുതരമായി ബാധിക്കും. ക്രെഡിറ്റ് മാനേജ്‌മെന്റില്‍ സംരംഭങ്ങളെ സഹായിക്കാന്‍ വളരെ വിപുലമായ സംവിധാനം തന്നെ ഇആര്‍പി നെക്സ്റ്റിലുണ്ട്. ഓരോ ബില്ലിലും പണം ഒടുക്കേണ്ട തീയതി വെച്ച് ഉപഭോക്താവിനെ ഗ്രൂപ്പ് ചെയ്ത്, ഓരോ ഗ്രൂപ്പിനും പേയ്മെന്റ് നിബന്ധന വെയ്ക്കാനും പറ്റും. ഉടമ്പടി തെറ്റിക്കുന്ന ഉപഭോക്താവിനെ ഓട്ടോമാറ്റിക്കായി വിലക്കാനും സാധിക്കും.
കൂടാതെ കൃത്യമായി പണമടക്കുന്നവര്‍ക്ക് ഓഫറുകളും ഡിസ്‌കൗണ്ടും നല്‍കാനുള്ള സംവിധാനവും ഉള്‍പ്പെടുത്താം. ഒരു തവണ സെറ്റ് ചെയ്താല്‍ ജീവനക്കാര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ ഇവ നടപ്പാക്കാന്‍ ഇആര്‍പി നെക്സ്റ്റിന്റെ റോള്‍ ബേസ്ഡ് ആക്സസ് കണ്‍ട്രോള്‍ (RBAC) സഹായിക്കുന്നു. ബിസിനസിന്റെ നിയന്ത്രണം ജീവനക്കാരുടെ കയ്യില്‍ നിന്ന് മാറ്റി മാനേജ്‌മെന്റ് പോളിസി പ്രകാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.
ചെറുതും വലുതുമായ പല കയറ്റുമതി ബിസിനസുകളും ബുദ്ധിമുട്ടുന്ന ഒരു മേഖലയാണ് വിദേശ നാണ്യം കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യം. കൃത്യമായി വിദേശനാണ്യ വിനിമയ നിരക്ക് ട്രാക്ക് ചെയ്ത് ലാന്‍ഡഡ് കോസ്റ്റ് ട്രാക്ക് ചെയ്യാനുള്ള മള്‍ട്ടി കറന്‍സി അക്കൗണ്ടിംഗ് സൗകര്യവും ഇആര്‍പി വ്യാപാരികള്‍ക്ക് നല്‍കുന്നുണ്ട്. ഒരുതവണ ഇത് സജ്ജമാക്കിയാല്‍ വൈദഗ്ധ്യം ഇല്ലാത്ത ആളുകള്‍ക്ക് പോലും ചരക്ക് നീക്കം എളുപ്പമാക്കാനാകും. ഇതുപോലെ കൃത്യമായ നിയന്ത്രണങ്ങളിലൂടെ വര്‍ക്കിംഗ് ക്യാപിറ്റല്‍ പാഴ്‌ചെലവുകളും അഴിമതികളും നിയന്ത്രിക്കാം. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത് പോലെ പ്രധാനമാണ് എച്ച്ആര്‍ കൈകാര്യം ചെയ്യുന്നതും. ഇതിനാവശ്യമായ വിപുലമായ സംവിധാനങ്ങളെ കുറിച്ച് വരും ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
രജിത് രാമചന്ദ്രന്‍
(ഫെയര്‍കോഡ് ടെക്‌നോളജീസിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ലേഖകന്‍)
ഫോണ്‍: 9995504508
ധനം മാഗസിന്‍ ജൂണ്‍ 30 എഡിഷനില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine