നല്ലൊരു ബോസ് ആകാന്‍ ഇന്ദ്ര നൂയിയുടെ 7 പാഠങ്ങള്‍

വിഷന്‍, സ്ഥിരോല്‍സാഹം, മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്, മറ്റുള്ളവരെ ശ്രവിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള മനസ്, ടീമിന് ഊര്‍ജ്ജം പകരാനുള്ള കഴിവ് തുടങ്ങിയവയിലൂടെ മികച്ച ഒരു ബോസ് ആയി മാറാന്‍ സാധിക്കുമെന്നാണ് ഇന്ദ്ര നൂയിയുടെ അഭിപ്രായം. ഇതാ ഇന്ദ്ര നൂയിയുടെ ഏഴ് വിജയപാഠങ്ങള്‍

പാഠം 1: എല്ലാവര്‍ക്കും ഒരു വിഷന്‍ ഉണ്ടായിരിക്കണം.

പുതിയ ജോലിയില്‍ ഏത് സ്ഥാനത്തേക്കു പ്രവേശിച്ചാലും 'ലേണിംഗ്' എന്നത് എല്ലാവര്‍ക്കും ബാധകമായ കാര്യമാണ്. നമ്മുടെ ചുറ്റുമുള്ള ലോകത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കണം. ഒരു ലീഡര്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിച്ച് അവരുടെ പരമാവധി കഴിവുകള്‍ പുറത്തകൊണ്ടുവരുന്ന വിഷനുമായി മുന്നോട്ടു വരണം

പാഠം 2: ദീര്‍ഘകാല വീക്ഷണം ഉണ്ടായിരിക്കുക.

നാം എടുക്കുന്ന തീരുമാനങ്ങള്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ദീര്‍ഘകാല നേട്ടം തരുന്നതായിരിക്കണം. ഒപ്പം ഹൃസ്വകാല നേട്ടങ്ങളുടെയും ദീര്‍ഘകാല നേട്ടങ്ങളുടെയും ഒരു സന്തു ലനമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

പാഠം 3: സ്വാധീനിക്കാനാകുന്നതിന്റെ പ്രാധാന്യം

വിമര്‍ശനങ്ങള്‍ എപ്പോഴും ഉണ്ടാകാം. പക്ഷെ പിന്തുണക്കുന്നവരും ഏറെയുണ്ടാകും. എത്രമാത്രം നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിശ്വസിക്കുന്നുവോ അത്രമാത്രം എല്ലാത്തിനെയും പ്രതിരോധിച്ചു നില്‍ക്കാന്‍ സാധിക്കും.

പാഠം 4: നല്ലൊരു ശ്രോതാവ് ആകുക

ഈ പാഠമില്ലാതെ മൂന്നാമത്തെ പാഠം അപൂര്‍ണ്ണമാണ്. മറ്റുള്ളവരെ നമുക്കൊപ്പം നിര്‍ത്താന്‍ കഴിയുന്നതിന്റെ പ്രാഥമിക പടി അവരെ ശ്രവിക്കുക എന്നതാണ്. അതുകൊണ്ട് കേള്‍ക്കുക. പുതിയ ആശയങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്ന് നിങ്ങളുടെ സ്ഥാനം നിങ്ങളെ തടയാന്‍ പാടില്ല.

ആശയങ്ങള്‍ എവിടെ നിന്നും വരാം. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ആശയങ്ങളാകാം ചിലപ്പോള്‍ വരുന്നത്. എങ്കിലും നിങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികച്ച വ്യക്തിയും മികച്ച നേതാവുമാകുന്നു.

പാഠം 5: ജീവിതം മുഴുവന്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കുക

ഒരിക്കലും പഠനം നിര്‍ത്തരുത്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള മനസ് ഒരിക്കലും ഉപേക്ഷിക്കരുത്. ആളുകളോട് സംസാരിക്കുക. കോഴ്‌സുകള്‍ ചെയ്യുക. പുറത്തേക്കിറങ്ങി യഥാര്‍ത്ഥ ലോകത്തെ മനസിലാക്കുക. അഞ്ചാമത്തെ ഈ പാഠത്തില്‍ ഇന്ദ്ര നൂയി താന്‍ ഈയിടെ 'ബിഗ് ഡാറ്റ'യില്‍ ചെയ്ത കോഴ്‌സിനെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ലേണിംഗ് എന്നത് എപ്പോഴും കോഴ്‌സുകളില്‍ (നാം ജീവിക്കുന്ന കാലഘട്ടത്തെ വിലയിരുത്തുമ്പോള്‍ ഇവ വളരെ പ്രധാനം തന്നെയാണെന്ന് മറക്കരുത്) നിന്ന് മാത്രമല്ല ലഭിക്കുന്നത്, സ്വന്തം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറത്തിറങ്ങി വിവിധ കാര്യങ്ങളെ അടുത്തുനോക്കിക്കാണുമ്പോള്‍ കൂടിയാണ്.

ഇന്ദ്ര നൂയി ഉപഭോക്താക്കളോടും ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവുകളോടും മറ്റ് ജീവനക്കാരോടുമൊക്കെ സംസാരിക്കുന്നതില്‍ തല്‍പ്പരയാണ്. ഇത്തരം സ്രോതസുകളില്‍ നിന്ന് നിരവധി പുതിയ കാര്യങ്ങള്‍ ലഭിക്കുന്നു.

പാഠം 6: ടീമാണ് എല്ലാം

ഏതൊരു സംരംഭത്തിന്റെയും വിജയം വരുന്നത് ടീമില്‍ നിന്നാണ് എന്ന് ഇന്ദ്ര നൂയി ഉറച്ചുവിശ്വസിക്കുന്നു. സന്തോഷമുള്ള ജീവനക്കാര്‍ നന്നായി ജോലി ചെയ്യുന്നു. അത് നിങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിന് ബോസ് അല്‍പ്പം മാറി സഞ്ചരിക്കേണ്ടി വരും.

സ്വന്തം ടീമിനെ സന്തോഷിപ്പിക്കാനും അവരെ പ്രചോദിപ്പിക്കാനും ഇന്ദ്ര നൂയി തന്റെ ജീവനക്കാരുടെ കുടുംബത്തിന് 'അപ്രീസിയേഷന്‍ ലെറ്റര്‍' അയക്കുന്നത് അവര്‍ ജീവനക്കാര്‍ക്കായി എടുക്കുന്ന അധികശ്രമത്തിന് ഉദാഹരണമാണ്.

പാഠം 7: നിങ്ങള്‍ ഓഫീസിലെ ബോസ് ആണ്, കുടുംബത്തിലെയല്ല

നിങ്ങളുടെ 'കിരീടം ചവറ്റുകുട്ടയിലിടൂ' എന്ന് ഇന്ദ്ര നൂയി പറയുന്നു. കുടുംബത്തിനു മുന്നിലും സുഹൃത്തുക്കളുടെ അടുത്തെത്തുമ്പോഴും നിങ്ങളുടെ കിരീടം അഴിച്ചുവെക്കാനാണ് ഇന്ദ്ര നൂയി ആവശ്യപ്പെടുന്നത്. നിങ്ങള്‍ ഓഫീസില്‍ എത്ര ഉന്നതമായ സ്ഥാനത്താണെങ്കിലും അത് വീട്ടില്‍ ഒരിക്കലും കാണിക്കരുത്.

Related Articles
Next Story
Videos
Share it