ബിസിനസില്‍ പ്രായോഗിക സാധ്യതാ പഠനം എങ്ങനെ നടത്താം?

കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രധാന പ്രവണതകള്‍
feasibility study in business
Image courtesy: Canva
Published on

പ്രായോഗിക സാധ്യതാ പഠനത്തിന്റെ രീതിശാസ്ത്രമാണ് ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നത്.

Figure 1: Practical Feasibility Study Methodology
Figure 1: Practical Feasibility Study Methodology

പുതിയ ആശുപത്രി നിര്‍മിക്കാന്‍ പദ്ധതിയിടുന്ന കേരളത്തിലെ ഒരു ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഉദാഹരണമാണ് നമ്മള്‍ എടുക്കുന്നത്. മേഖലയിലെ പ്രവണതകളും (Industry Trends) എതിരാളികളെ സംബന്ധിച്ച പ്രവണതകളും (Competitor Trends) ആണ് ഇവിടെ വിശദമാക്കുന്നത്.

വ്യവസായ പ്രവണതകള്‍

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഇന്‍ഡസ്ട്രി പ്രവണതകള്‍ വിശകലനം ചെയ്യുകയായിരുന്നു ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയ്തത്. കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രധാന പ്രവണതകള്‍ താഴെ പറയുന്നവയാണെന്ന് അവര്‍ കണ്ടെത്തി.

. കേരളത്തില്‍ ആളുകളുടെ കയ്യില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ മാറ്റിവെയ്ക്കുന്നു.

. പ്രീമിയം മാര്‍ക്കറ്റ് ചുരുങ്ങുന്നു. ചെലവ് കുറഞ്ഞ, എന്നാല്‍ മൂല്യവത്തായ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. താങ്ങാവുന്ന വിലയില്‍ നിലവാരമുള്ള മെഡിക്കല്‍ സേവനം നല്‍കുന്ന ഹോസ്പിറ്റലുകള്‍ക്ക് നേട്ടമുണ്ടാക്കാനാകും.

. പ്രീമിയം മാര്‍ക്കറ്റ് വിഭാഗത്തില്‍ കോര്‍പ്പറേറ്റ് ഹോസ്പിറ്റല്‍ ശൃംഖലകള്‍ അമിതമായ വിപുലീകരണം നടത്തിയിരിക്കുന്നു.

. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന കോര്‍പ്പറേറ്റുകളുടെ ത്വരിതഗതിയിലുള്ള വികസനം മൂലം മനുഷ്യവിഭവ ശേഷിയുടെ ചെലവ് വര്‍ധിച്ചു.

. ഫീഡര്‍ ആശുപത്രികളില്‍ (50 മുതല്‍ 200 വരെ കിടക്കകളുള്ള ചെറിയ ആശുപത്രികള്‍) നിന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് റഫറല്‍ ലഭിക്കുന്നതിന് ചില കോര്‍പ്പറേറ്റുകളുടെ പ്രോത്സാഹനത്തോടെ നടക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു.

കേരളത്തില്‍ പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇന്‍ഡസ്ട്രി ട്രെന്‍ഡ് വിശകലനം ചെയ്തപ്പോള്‍ മനസിലായ കാര്യം ചെലവ് കുറഞ്ഞതും എന്നാല്‍ നിലവാരമുള്ളതുമായ ചികിത്സ തേടുന്ന ഉപയോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്വന്തം ഫീഡര്‍ ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നതിനായി വായ്പ എടുക്കുന്നത് ഒഴിവാക്കുക എന്നിവയാണ്.

കോംപറ്റീറ്റര്‍ ട്രെന്‍ഡ്‌സ്

ആരോഗ്യ സംരക്ഷണമേഖലയിലെ കോംപറ്റീറ്റര്‍ ട്രെന്‍ഡ് വിശകലനം ചെയ്യുകയാണ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പിന്നീട് ചെയ്തത്. താഴെ കൊടുത്തിരിക്കുന്നതു പോലെ പ്രധാനമായും മൂന്ന് തരത്തിലുള്ള എതിരാളികളാണ് ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ഉള്ളത്.

1. കോര്‍പ്പറേറ്റുകള്‍

. കേരളത്തിലെ എല്ലാ നഗരങ്ങളിലേക്കും ചെറു പട്ടണങ്ങളിലേക്കും അതിവേഗം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

. പ്രീമിയം കസ്റ്റമര്‍ സെഗ്മന്റിലാണ് പ്രധാന ശ്രദ്ധ.

. വില വര്‍ധിപ്പിച്ചും ഹോസ്പിറ്റല്‍ താമസത്തിന്റെ ദൈര്‍ഘ്യം (Length of stay) കുറച്ചും ഒരു കിടക്കയില്‍ നിന്ന് പരമാവധി തുക നേടുക എന്ന ലക്ഷ്യം. അവന്യൂ റെവന്യൂ പെര്‍ ഒക്യുപ്പയ്ഡ് ബെഡ് (ARPOB) നിരക്ക് 40,000ത്തില്‍ കൂടുതല്‍ നേടാന്‍ ശ്രമം. വലിയ നിരക്കുകളുള്ള മുന്തിയ സ്‌പെഷ്യാലിറ്റികളില്‍ ശ്രദ്ധ.

. ചെറുകിട ഫീഡര്‍ ഹോസ്പിറ്റലുകളില്‍ നിന്ന് റഫറല്‍ ലഭിക്കുന്നതിനായി അധാര്‍മിക പ്രവൃത്തികള്‍ കൂടുന്നു.

2. വായ്പയെടുത്ത് ശേഷി വര്‍ധിപ്പിക്കുകയും ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ചാരിറ്റബ്ള്‍ ഹോസ്പിറ്റലുകള്‍

. കോര്‍പ്പറേറ്റുകളുമായി മത്സരിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ കിടക്കകളുടെ എണ്ണം ത്വരിതഗതിയില്‍ ഉയര്‍ത്തുന്നു.

. വില കൂട്ടുന്നു. ഉപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും ഓങ്കോളജി, റോബോട്ടിക് സര്‍ജറി പോലുള്ള പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എആര്‍പിഒബി 10,000 രൂപയില്‍ നിന്ന് 40,000 രൂപയിലേക്ക് വര്‍ധിപ്പിക്കുന്നു.

. വായ്പകളും മനുഷ്യവിഭവ ശേഷിയുടെ ചെലവും കൂടിയത് കാരണം ഉണ്ടായ വര്‍ധിച്ച ചെലവുകള്‍ നികത്താന്‍ വില വര്‍ധിപ്പിക്കുന്നു.

3. വായ്പ എടുക്കാതെ തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന ചാരിറ്റബ്ള്‍ ഹോസ്പിറ്റലുകള്‍

. വര്‍ഷം മുഴുവനും പൂര്‍ണ ശേഷി വിനിയോഗിച്ച ശേഷം നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വില അതേപടി തുടരുന്നു.

. റോബോട്ടിക് സര്‍ജറി, ജീനോമിക്സ് ലാബ്സ് തുടങ്ങിയ ഉയര്‍ന്ന സേവനങ്ങളും ഉപകരണങ്ങളുടെ ആധുനികവല്‍ക്കരണവും ആശുപത്രിയിലെ വരുമാനം ഉപയോഗിച്ച് ചെയ്യുന്നു.

. ഹോസ്പിറ്റലില്‍ കഴിയുന്ന ദിവസങ്ങളുടെ ദൈര്‍ഘ്യം കുറച്ചുകൊണ്ട് എആര്‍പിഒബി വര്‍ധിപ്പിക്കുകയും നിരക്ക് അതേപടി നിലനിര്‍ത്തുകയും ചെയ്തുകൊണ്ട് മുന്തിയ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

. അധാര്‍മികമായ റഫറല്‍ രീതികള്‍ക്കെതിരെ ഫീഡര്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നു.

കേരളത്തില്‍ പുതിയ ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോംപറ്റീറ്റര്‍ ട്രെന്‍ഡ് വിശകലനം ചെയ്തപ്പോള്‍ മനസിലായ കാര്യം ചെലവു കുറഞ്ഞതും, എന്നാല്‍ നിലവാരമുള്ളതുമായി ചികിത്സ തേടുന്ന ഉപയോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ചെറിയ ഫീഡര്‍ ഹോസ്പിറ്റല്‍ നിര്‍മിക്കുക, വായ്പ എടുക്കുന്നത് ഒഴിവാക്കുക, ഒരു നിശ്ചിത സമയത്തിന് ശേഷവും നഷ്ടമാണെന്ന് കണ്ടാല്‍ അടച്ചുപൂട്ടിയാലും ബാധിക്കാത്ത തരത്തില്‍ പുതിയ ഹോസ്പിറ്റല്‍ വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയാണ്.

(Originally published in Dhanam Magazine 1 april 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com