ടെസ്ലയില്‍ ജോലി ചെയ്യാന്‍ കോളെജ് ഡിഗ്രി വേണ്ടെന്ന് ഇലോണ്‍ മസ്‌ക് പിന്നെ എന്താണ് വേണ്ടത്?

ഫോബ്‌സിന്റെ ലിസ്റ്റ് പ്രകാരം 2019ലെ ലോകത്തിലെ ഏറ്റവും ഇന്നവേറ്റീവ് ലീഡറാണ് സ്‌പെയ്‌സ് എക്‌സിന്റെയും ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ടെസ്ലയില്‍ ജോലി ചെയ്യാന്‍ കോളെജ് ഡിഗ്രി ആവശ്യമില്ലെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

നേരത്തെ തന്നെ ഈ നയമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. പ്രത്യേകിച്ച് സ്റ്റീവ് ജോബ്‌സ്, ബില്‍ ഗേറ്റ്‌സ് തുടങ്ങിയവര്‍ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക്. ഇപ്പോഴും കോളെജ് ഡിഗ്രി വേണ്ടെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്.

എന്തുകൊണ്ട് കോളെജ് ഡിഗ്രി ആവശ്യമില്ല?

മഹത്തായ സ്ഥാപനത്തില്‍ പഠിച്ചതുകൊണ്ട് മാത്രം മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു വ്യക്തി പ്രാപ്തനാകണം എന്നില്ലെന്ന് മസ്‌ക് വിശ്വസിക്കുന്നു. അദ്ദേഹം ബില്‍ ഗേറ്റ്, സ്റ്റീവ് ജോബ്‌സ്, ഒറാക്കിള്‍ സ്ഥാപന്‍ ലാറി എലിസണ്‍ എന്നിവരുടെ ഉദാഹരണം ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഇലോണ്‍ മസ്‌ക് വിദ്യാസമ്പന്നനാണ് കെട്ടോ. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് ഫിസിക്‌സിലും ഇക്കണോമിക്‌സിലും ബിരുദം നേടിയിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് ജീവനക്കാരില്‍ നോക്കുന്നതെന്ത്?

അസാമാന്യമായ കഴിവാണ് ഇലോണ്‍ മസ്‌ക് തന്റെ ജീവനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, മഹത്തായ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദങ്ങളല്ല. മുമ്പ് അസാമാന്യമായ ജോലികള്‍ ചെയ്തിട്ടുള്ള വ്യക്തി അത് വീണ്ടും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് മസ്‌ക് ഇന്റര്‍വ്യൂവില്‍ അവരോട് മുന്‍ ജോലികളില്‍ എന്തെല്ലാം വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നും അവയെ എങ്ങനെയാണ് പരിഹരിച്ചതെന്നും ചോദിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രോബ്ലം സോള്‍വിംഗ് സ്‌കില്ലിനാണ് അദ്ദേഹം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.

മുന്‍ ജോലിയില്‍ ചെയ്ത മികച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായിത്തന്നെ ഇന്റര്‍വ്യൂവില്‍ ചോദിക്കും. അതുകൊണ്ട് വെറുതെ പറയാനോ മറ്റേതെങ്കിലും സഹപ്രവര്‍ത്തകര്‍ ചെയ്തത് സ്വന്തം നേട്ടമായി പറയാനോ സാധിക്കില്ല. കാരണം നുണ പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആഴത്തിലുള്ള ചോദ്യങ്ങള്‍ ഉത്തരം പറയാന്‍ ഉദ്യോഗാര്‍ത്ഥിക്ക് കഴിയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it