വര്‍ക്കിംഗ് കാപിറ്റലാണോ പ്രശ്‌നം? സംരംഭകരേ, ഈ മാര്‍ഗം പ്രയോജനപ്പെടുത്തൂ

രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ എംഎസ്എംഇ സംരംഭങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വേണ്ടവിധത്തില്‍ പരിഹരിക്കാതിരിക്കുന്നതു വഴി അവരുടെ വളര്‍ച്ച തന്നെ തടസപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്്. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവമാണ് മിക്ക എംഎസ്എംഇ യൂണിറ്റുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കോവിഡ് 19 ന്റെ വരവ് ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയിരിക്കുന്നുവെന്ന് പറയാം.

ബിസിനസിന്റെ സൈസ് താരതമ്യേന കുറവായതിനാല്‍ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് പലപ്പോഴും വിലയിലും പേമെന്റ് കാലാവധിയിലുമൊക്കെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നു. ബിസിനസ് നഷ്ടപ്പെടുമെന്ന ഭയം കാരണം പേമെന്റുകളുടെ കാര്യത്തില്‍ കോര്‍പ്പറേറ്റ് കമ്പനികളോട് കടുംപിടുത്തം കാണിക്കാന്‍ ചെറുകിട സംരംഭങ്ങള്‍ക്ക് സാധിക്കാറുമല്ല. അതിന്റെ ഫലമായി ട്രേഡ് റിസീവബ്ള്‍സ് (സാധനം അല്ലെങ്കില്‍ സേവനം ക്രെഡിറ്റില്‍ വിറ്റത്) കൃത്യസമയത്ത് പണമാക്കി മാറ്റാന്‍ എംഎസ്എംഇ സംരംഭകര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. ഇത് പ്രവര്‍ത്തനമൂലധനം ഇല്ലാത്ത അവസ്ഥയിലേക്ക് നയിക്കുകയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
എംഎസ്എംഇ യൂണിറ്റുകള്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് റിസീവബ്ള്‍സ് ഡിസ്‌കൗണ്ടിംഗ്. പണം ലഭിച്ചിട്ടില്ലാത്ത സെയ്ല്‍സ് ഇന്‍വോയ്സുകള്‍ ഡിസ്‌കൗണ്ടഡ് പ്രൈസിന് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി അവരില്‍ നിന്ന് ഫണ്ട് കണ്ടെത്തുന്ന രീതിയാണ് റിസീവബ്ള്‍ ഡിസ്‌കൗണ്ടിംഗ എന്ന് പറയുന്നത്.

ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങായി ട്രെഡ്സ്

എംഎസ്എംഇകളുടെ ട്രേഡ് റിസീവബ്ള്‍ ഡിസ്‌കൗണ്ടിംഗ് ജനകീയമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്ന സംവിധാനമാണ് ട്രേഡ് റിസീവബ്ള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം (TReDs).
ഒരു ഫിനാന്‍ഷ്യര്‍ വഴി കോര്‍പ്പറേറ്റുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ബയര്‍മാരില്‍ നിന്ന് ലഭിക്കാനുള്ള ട്രേഡ് റിസീവബ്ള്‍സ് കൃത്യസമയത്ത് എംഎസ്എംഇകള്‍ക്ക് ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോമാണ് ട്രെഡ്സ്. റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്ന ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ട്രെഡ്സില്‍ ഫിനാന്‍ഷ്യര്‍ ആകാം.
ഫാക്ടറിംഗ് യൂണിറ്റുകള്‍ക്ക് ഫിനാന്‍ഷ്യറില്‍ നിന്ന് നേരിട്ട് പണം ലഭിക്കുന്നതിനാണ് TReDS സൗകര്യമൊരുക്കുന്നത്, അതിന്റെ ഫലമായി എംഎസ്എംഇകള്‍ക്ക് അവരുടെ ഫണ്ട് കൃത്യമായി ലഭിക്കുന്നു. ഫാക്ടറിംഗ് യൂണിറ്റിന് ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ പേമെന്റ് പിന്നീട് വന്‍കിട കമ്പനികള്‍ നിശ്ചിത തീയതിയില്‍ ബാങ്കുകള്‍ക്ക് നല്‍കുന്നു.
ഒരിക്കല്‍ പണം നല്‍കിയ ഫാക്ടറിംഗ് യൂണിറ്റുകളെ ഡിസ്‌കൗണ്ടഡ് പ്രൈസില്‍ മറ്റ് ഫിനാന്‍ഷ്യര്‍ക്ക് നല്‍കാനുംട്രെഡ്സ് പ്ലാറ്റ്ഫോം വഴി സാധിക്കും. അതുവഴി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സൃഷ്ടിക്കപ്പെടുന്നു.
ഇടപാടുകള്‍ നടത്തുന്നതിന് ബയറും സെല്ലറും TReDS പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ പ്ലാറ്റ്‌ഫോം ജനകീയമാക്കുന്നതിന് കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, 500 കോടിയിലധികം വിറ്റുവരവുള്ള എല്ലാ കമ്പനികളും എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും TReDS രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി എല്ലാ സംസ്ഥാനങ്ങളുടേയും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ ചുമതലയേല്‍പ്പിച്ചിട്ടുമുണ്ട്.

എങ്ങനെയാണ് TReDS ന്റെ പ്രവര്‍ത്തനം?

എംഎസ്എംഇ സംരംഭകന്‍ വന്‍കിട കമ്പനികള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകഴിഞ്ഞാല്‍, ഉടന്‍ ട്രെഡ്സ് പ്ലാറ്റ്ഫോമില്‍ ഇന്‍വോയ്സ് അപ്‌ലോഡ് ചെയ്യുകയും ഒരു 'ഫാക്ടറിംഗ് യൂണിറ്റ്' സൃഷ്ടിക്കുകയും ചെയ്യുന്നു. സിസ്റ്റത്തില്‍ നല്‍കിയ ഇന്‍വോയ്സ് അല്ലെങ്കില്‍ ബില്ലിനെയാണ് ഫാക്ടറിംഗ് യൂണിറ്റ് എന്ന് പറയുന്നത്. തുടര്‍ന്ന്, സാധനം വാങ്ങിയ കമ്പനി TReDS ല്‍ ലോഗിന്‍ ചെയ്യുകയും ഈ ഫാക്ടറിംഗ് യൂണിറ്റിനെ 'അംഗീകരിച്ചതായി' രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഒരിക്കല്‍ ഇത് അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ഫാക്ടറിംഗ് യൂണിറ്റിന്റെ പേമെന്റ് നടത്തുന്നത് ബയറുടെ ബാധ്യതയായി മാറും. ഒരു ഫാക്ടറിംഗ് യൂണിറ്റില്‍ വില്‍പ്പനക്കാരന്റെയും വാങ്ങുന്നയാളുടെയും വിശദാംശങ്ങള്‍, സ്വീകരിച്ച തീയതി, പണമടയ്ക്കേണ്ട തീയതി, കാലാവധി, അടയ്ക്കേണ്ട തുക, ട്രെഡ്സ് സൃഷ്ടിച്ച തിരിച്ചറിയല്‍ നമ്പര്‍, വില്‍പ്പനക്കാരന്റെയും വാങ്ങുന്നയാളുടെയും അക്കൗണ്ട് വിശദാംശങ്ങള്‍, ബന്ധപ്പെട്ട ചരക്ക്/സേവനങ്ങളുടെ വിശദാംശങ്ങള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കും.സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഫിനാന്‍ഷ്യര്‍ ഫാക്ടറിംഗ് യൂണിറ്റുകള്‍ക്ക് ധനസഹായം ലഭ്യമാക്കും. ഇതിലുള്‍പ്പെടുന്ന എല്ലാ ചെലവും (ഡിസ്‌കൗണ്ട് റേറ്റ്) സിസ്റ്റത്തില്‍ ക്വാട്ട് ചെയ്യാനാകും.
ബിഡ് പ്രൈസിന്റെ സമയ പരിധി നിശ്ചയിക്കാന്‍ ഫിനാന്‍ഷ്യര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എംഎസ്എംഇ വില്‍പ്പനക്കാരന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, ഓണ്‍ലൈനായി ക്വോട്ട് ചെയ്ത ബിഡുകള്‍ പുതുക്കാന്‍ ഫിനാന്‍ഷ്യര്‍ക്ക് സാധിക്കില്ല. അതേസമയം ഏത് ബിഡ് വേണമെന്ന് എംഎസ്എംഇ വില്‍പ്പനക്കാരന് തീരുമാനിക്കാം. ബിഡ് സ്വീകരിച്ചു കഴിഞ്ഞാല്‍, ഫിനാന്‍ഷ്യര്‍ക്ക് അറിയിപ്പ് ലഭിക്കുകയും ഫാക്ടറിംഗ് യൂണിറ്റിനെ ''ഫിനാന്‍സ്ഡ്'' എന്ന് ടാഗുചെയ്യുകയും ചെയ്യും. ബിഡ് സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പണം സംരംഭകന്റെ അക്കൗണ്ടില്‍് ക്രെഡിറ്റ് ചെയ്യും.
ഫാക്ടറിംഗ് യൂണിറ്റിന് പണം നല്‍കിയ ശേഷം ഫിനാന്‍ഷ്യര്‍ കോര്‍പ്പറേറ്റ് ബയറുടെ ബാങ്കിന് നോട്ടീസ് അയയ്ക്കും. കോര്‍പ്പറേറ്റ് ബയറുടെ അക്കൗണ്ടില്‍ നിശ്ചിത തീയതിയില്‍ പണം ലഭ്യമായില്ലെങ്കില്‍ അത് ഡിഫാള്‍ട്ട് ആയി മാറുകയും ചെയ്യും. കോര്‍പ്പറേറ്റ് ബയറില്‍ നിന്ന് പണം തിരിച്ചുപിടിക്കുക പിന്നീട് ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യതയാണ്.

എംഎസ്എംഇകള്‍ക്ക് ഇതെങ്ങനെ മെച്ചമാകും?

ട്രേഡ് റിസീവബ്ള്‍സ് വില്‍ക്കുമ്പോള്‍ സംരംഭകര്‍ പ്രത്യേകിച്ച് ഈടൊന്നും നല്‍കേണ്ടതില്ല. മാത്രമല്ല കോര്‍പ്പറേറ്റ് ബയര്‍മാരില്‍ നിന്ന് കിട്ടാനുള്ള പേമെന്റ് ഫിനാന്‍ഷ്യറില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്നതിനാല്‍ പ്രവര്‍ത്തനമൂലധനം ഇല്ലാത്ത അവസ്ഥയുണ്ടാകുകയുമില്ല. പണം ലഭിച്ചുകഴിഞ്ഞാല്‍ എംഎസ്എംഇ വില്‍പ്പനക്കാരന് യാതൊരു ബാധ്യതയുമില്ല. ഇടപാടുകളെല്ലാം കോര്‍പ്പറേറ്റ് ബയര്‍മാരുമായാണെന്നതിനാല്‍ ബാങ്കുകള്‍ക്ക് ക്രെഡിറ്റ് റിസകും വളരെ കുറവായിരിക്കും. ഇതുവഴി, എംഎസ്എംഇ സംരംഭകര്‍ക്ക് പ്രവര്‍ത്തന വായ്പ സമാഹരിക്കാന്‍ വേണ്ടി വരുന്ന പലിശ നിരക്ക് TReDS പ്ലാറ്റ്‌ഫോമില്‍ 8-10% ആയി മാറാം, സാധാരണ കേസുകളില്‍ ഇത് 14-18% ഒക്കെയാണ്.
തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ കോര്‍പ്പറേറ്റ് ബയര്‍മാരുടെ റേറ്റിംഗിനെ ബാധിക്കുമെന്നതിനാല്‍ അവര്‍ അവരുടെ പേയ്‌മെന്റുകളില്‍ കൂടുതല്‍ അച്ചടക്കമുള്ളവരായിരിക്കുകയും ചെയ്യും.
Jiz P Kottukappally
Jiz P Kottukappally  

യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ജിസ് പി കൊട്ടുകാപ്പള്ളി

Next Story
Share it