

ബിസിനസുകള്‍ക്ക് അതിശയിപ്പിക്കുന്ന പേരുകള്‍ ഇടുന്നതില്‍ മലയാളികള്‍ സൂപ്പറാണ്. എന്നാല്‍, ആ പേരുകള്‍ ഇന്റര്‍നെറ്റിലും അതേപോലെ നിലനില്‍ക്കണമെങ്കില്‍ അതിന്റെ ഡൊമൈന്‍ നെയിം (Domain Name) രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എത്ര പേര്‍ക്ക് അറിയാം?
നമുക്ക് അറിയാവുന്ന ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനെയോ, കമ്പനി സ്റ്റാഫിനെയോ വിളിച്ച് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറയാറുണ്ട്. ഈ ഡൊമൈന്‍ നെയിം ഒരു ബ്രാന്‍ഡിന്റെ ബൗദ്ധിക സ്വത്താണ്.
ഒരിക്കല്‍ നിങ്ങളുടെ പേരില്‍ അല്ലാതെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താല്‍, നാളെ അതിന് വില കൊടുത്ത് തിരിച്ചു വാങ്ങേണ്ടി വന്നേക്കും. നിങ്ങളുടെ ഡൊമൈന്‍ മറ്റാരെങ്കിലും സ്വന്തമാക്കിയാല്‍ നിങ്ങളുടെ കമ്പനിയുടെ ഇ-മെയ്ല്‍ ആശയവിനിമയങ്ങളും ഉപഭോക്താവിനോടുള്ള ബന്ധങ്ങളും തകരാറിലാവാനും സാധ്യതയുണ്ട്. ഇതാണ് ഡൊമൈന്‍ സ്‌ക്വാറ്റിംഗ് ഉയര്‍ത്തുന്ന ഭീഷണി.
1. നല്ല ഡൊമൈന്‍ നെയിം എങ്ങനെ തിരഞ്ഞെടുക്കാം?
ചുരുങ്ങിയ അക്ഷരങ്ങളില്‍, സ്‌പെല്ലിംഗ് എളുപ്പത്തില്‍ ഓര്‍ക്കാവുന്ന പേരുകള്‍ക്ക് മുന്‍ഗണന നല്‍കണം.
ഇന്ത്യയിലോ കേരളത്തിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങള്‍ക്ക് .IN എക്സ്റ്റന്‍ഷന്‍.
ആഗോള കാഴ്ചപ്പാടുള്ളവര്‍ക്കും .IN ഒപ്പം .COM എടുക്കുന്നതാണ് നല്ലത്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വ്യാപാരങ്ങള്‍ക്കായി .AE (UAE), .QA (ഖത്തര്‍), .SA (സൗദി) തുടങ്ങിയ ലോക്കല്‍ കോഡുകളും ഒപ്പം .COM എടുക്കുന്നത് ഗൂഗിളില്‍ പ്രാധാന്യം നല്‍കും.
2. മൂന്ന് വര്‍ഷം ഒന്നിച്ചു ഡൊമൈന്‍ എടുക്കേണ്ടതുണ്ടോ?
പല റജിസ്ട്രാര്‍മാരും ആദ്യം കുറഞ്ഞ വിലയുടെ വാഗ്ദാനം നല്‍കും (ഉദാ: 99 രൂപ). എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് എടുക്കണമെന്ന വ്യവസ്ഥയും പിന്നീടുള്ള വര്‍ഷങ്ങളിലെ ഉയര്‍ന്ന ഫീസുകളും പിന്നീട് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.
നേരിട്ട് പരിചയമുള്ള ഒരു രജിസ്ട്രാറില്‍ നിന്നോ, ഓണ്‍ലൈനിലെ മികച്ച പ്ലാറ്റ്ഫോമില്‍ നിന്നോ, സ്വന്തം പേരിലും ഇ-മെയിലിലും രജിസ്റ്റര്‍ ചെയ്യുന്നത് സുരക്ഷിതമാണ്.
3. ഡൊമൈന്‍ നെയിം പുതുക്കല്‍ പ്രധാനമാണോ?
ഡൊമൈന്‍ കാലാവധി കഴിഞ്ഞാല്‍ അത് മറ്റാരെങ്കിലും സ്വന്തമാക്കാനും, നിങ്ങളുടെ ഉപഭോക്താക്കളെ കബളി പ്പിക്കാനും വഴിയൊരുക്കും. ഈ പ്രക്രിയ ഡൊമൈന്‍ സ്‌ക്വാറ്റേഴ്സിന് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനുള്ള വഴിയാണ്. അതുകൊണ്ട് പുതുക്കല്‍ തീയതി നഷ്ടപ്പെടാതെ നോക്കണം.
4. ട്രേഡ്മാര്‍ക്കും ഡൊമൈനും
നിങ്ങളുടെ ട്രേഡ്മാര്‍ക്ക് അപേക്ഷയില്‍, അതിന് അനുബന്ധമായി ഡൊമൈന്‍ നെയിം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ഒരു ശക്തമായ അവകാശവാദമായി മാറും.
മുമ്പ് നിങ്ങള്‍ ആ ഡൊമൈന്‍ എടുത്തത് തെളിയിക്കാന്‍ കഴിയുമെങ്കില്‍ ട്രേഡ്മാര്‍ക്ക് ലഭ്യമാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
ഒരാള്‍ തട്ടിയെടുത്ത നിങ്ങളുടെ ഡൊമൈന്‍, നിയമപരമായ നടപടി കൊണ്ട് 40,000 രൂപ മുതല്‍ 1,80,000 രൂപ വരെ ചെലവില്‍ വീണ്ടെടുക്കാന്‍ കഴിയും.
5. ഡൊമൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുമോ?
മൊബൈല്‍ നമ്പറുകള്‍ പോലെ തന്നെ, ഡൊമൈന്‍ നെയിം ട്രാന്‍സ്ഫര്‍ ചെയ്യാനും അവസരമുണ്ട്. അതിനായി:
ഡൊമൈന്‍ നെയിം Unlock ചെയ്യണം.
Auth Code (Authorization Code) എടുക്കണം.
പുതിയ രജിസ്ട്രാറില്‍ ലോഗിന്‍ ചെയ്ത് Transfer Domain ഉപയോഗിച്ച് അത് മാറ്റാം.
ഓര്‍ക്കുക: ട്രാന്‍സ്ഫര്‍ സമയത്ത് ഒരു വര്‍ഷത്തേക്ക് ഡൊമൈന്‍ റിന്യൂ ചെയ്യേണ്ടത് നിര്‍ബന്ധമാകും.
6. ഇനി ഡൊമൈന്‍ ആവശ്യമില്ലേ, ഒക്കെ ആപ്പ് ആണല്ലോ?
ഇത് ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണ്. പലര്‍ക്കും തോന്നാം:
''ഇപ്പോള്‍ മൊബൈല്‍ ആപ്പുകളുടെ കാലമാണല്ലോ, ഡൊമൈനിന്റെ പ്രസക്തി പോയില്ലേ?''
പക്ഷേ ഡൊമൈന്‍ നെയിം നിങ്ങളുടെ ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ വിലാസമാണ്. @brandname.in ഇ-മെയിലുകള്‍, www.brandname.in വെബ്സൈറ്റ്, അല്ലെങ്കില്‍ നിങ്ങളുടെ ഹോസ്റ്റിംഗില്‍ വെച്ചിരിക്കുന്ന അഡ്ഡ്രസ് - ഇവയ്ക്കെല്ലാം തുടക്കം ഡൊമൈന്‍ നെയിമിലാണ്.
മൊബൈല്‍ ആപ്പും ഉള്ളതുകൊണ് ഡൊമൈന്‍ നെയിമും അന്യോന്യം പകരമാവില്ല.
(ഡൊമൈന്‍ സംബന്ധമായ സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുന്ന W3 Domains ന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് ലേഖകന്‍)
(Originally published in Dhanam Magazine 31 July 2025 issue.)