പ്രശ്‌നങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതെങ്ങനെ? റിച്ചാര്‍ഡ് ബ്രാന്‍സന്റെ കഥ വായിക്കാം

പ്രശസ്തമായ ഒരു കഥയുണ്ട്. ഒരിക്കല്‍ പോര്‍ട്ടോറിക്കോ എന്ന സ്ഥലത്തേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെല്ലാം അനൗണ്‍സ്‌മെന്റിനായി കാത്തുനില്‍ക്കുകയാണ്. അപ്പോഴാണ് വിമാനം റദ്ദാക്കപ്പെട്ട വിവരം അനൗണ്‍സ്‌മെന്റ് ആയി അറിയുന്നത്. യാത്രികരെല്ലാം നിരാശരായി. പല യാത്രക്കാരും അസ്വസ്ഥമായി എയര്‍ലൈന്‍സിന്റെ അതോറിറ്റിയോട് കയര്‍ക്കാന്‍ തുടങ്ങി.

തര്‍ക്കം മൂര്‍ച്ചിക്കുമ്പോള്‍ മറ്റൊരുവശത്ത് അതില്‍ യാത്ര ചെയ്യേണ്ടിയിരുന്ന റിച്ചാര്‍ഡ് ബ്രാന്‍സന്‍ എന്ന വ്യക്തിയുടെ ഭാര്യ അദ്ദേഹത്തോടാണ് കയര്‍ത്തുകൊണ്ടിരുന്നത്. എന്നാല്‍ ബിസിനസുകാരനായ അദ്ദേഹം വഴക്കില്‍ നിന്നുമാറി ഒരു സ്ഥലത്ത് സമാധാനപൂര്‍വം ഇരുന്നു. എന്നിട്ട് അറിയാവുന്ന എയര്‍ലൈന്‍സുമായെല്ലാം ബന്ധപ്പെട്ട് ഒരു ഫ്‌ളൈറ്റ് ഉടന്‍ പോര്‍ട്ടോറിക്കയിലേക്ക് പ്രത്യേക യാത്ര നടത്താന്‍ എത്ര ചെലവ് വരുമെന്ന് തിരക്കി. അപ്പോള്‍ ഒരു എയര്‍ലൈന്‍ കമ്പനി 2000ഡോളറിന് പോര്‍ട്ടോറിക്കയിലേക്ക് എത്തിക്കാമെന്നേറ്റു. വര്‍ഷങ്ങള്‍ക്ക് മുമ്പാണിതെന്നോര്‍ക്കണം.
അദ്ദേഹം ഓര്‍ത്തു, പോര്‍ട്ടോറിക്കയ്ക്ക് പോകാനുള്ള ധാരാളം പേര്‍ അവിടെയുണ്ടല്ലോ, ഒരാള്‍ക്ക് 50 ഡോളര്‍ വച്ചാണെങ്കില്‍ എല്ലാവര്‍ക്കും പോകാമല്ലോ. അദ്ദേഹം ഒരു പേപ്പര്‍ എടുത്ത് എഴുതി. 'പോര്‍ട്ടോറിക്കയിലേക്ക് ഫ്‌ളൈറ്റ് പറക്കുന്നു, ആവശ്യക്കാര്‍ക്ക് സമീപിക്കാം- 50 ഡോളര്‍ മാത്രം.' ആവശ്യക്കാര്‍ ഓടിയടുത്തു. അങ്ങനെ പോര്‍ട്ടോറിക്കയിലേക്ക് സീറ്റ് ഫുള്‍ ആയി ഫ്‌ളൈറ്റ് പറന്നു.
2000 രൂപ കമ്പനിക്ക് കൊടുത്തിട്ട് കൂടി 200 ഡോളര്‍ അദ്ദേഹത്തിന് അധികലാഭം വന്നു. റിച്ചാര്‍ഡിന്റെ മനസ്സില്‍ അന്ന് മുളച്ച ആശയമാണ് പിന്നീട് വിര്‍ജിന്‍ എയര്‍ലൈന്‍സിലേക്ക് അദ്ദേഹത്തെ നയിച്ചത്. ബാക്കിയെല്ലാവരും എയര്‍ലൈന്‍ അതോറിറ്റിയോടുകയര്‍ക്കുകയും യാത്ര മാറ്റിവച്ച് നിരാശപ്പെട്ടിരിക്കുകയും സ്വയം പഴിക്കുകയും ചെയ്തപ്പോള്‍ ഒരാള്‍ മാത്രം ഈ പ്രശ്‌നത്തില്‍ നിന്നും പരിഹാരം കണ്ടു.
ഇക്കഴിഞ്ഞ കോവിഡ് കാലത്ത് ഈ കഥ വീണ്ടും ഓര്‍ക്കാനിടയായത് അവസരങ്ങള്‍ തേടി വരില്ലെന്നറിഞ്ഞ് പച്ചക്കറിയും മീനും വരെ ലോക്ഡൗണ്‍ കാലത്ത് വീട്ടുപടിക്കലെത്തിച്ച് സംരംഭകത്വത്തില്‍ നേട്ടം കൈവരിച്ചവര്‍ മുതല്‍ ബൈജൂസ് ഉള്‍പ്പെടെയുള്ള യുണികോണുകളുടെ മികച്ച വളര്‍ച്ചവരെ കണ്ടപ്പോഴാണ്.
സംരംഭകര്‍ അങ്ങനെയായിരിക്കണം, പ്രശ്‌നങ്ങളില്‍ നിന്നും ഫിനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയരാന്‍ കഴിയുന്നവര്‍, ചാരത്തില്‍ നിന്നും തീക്കനല്‍ ഊതിമിനുക്കി സ്വര്‍ണകിരീടം പണിയുന്നവര്‍. വിജയിക്കാന്‍ കഴിയും, പിന്നോട്ട് പോകാതിരിക്കുക.

പിന്നോട്ട് പോകേണ്ടി വന്നാല്‍ ഓര്‍ക്കുക, ''You Can Pause But Never Quit !''


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it