ബിസിനസ് ബന്ധങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കാം; ബ്ലോക്ക് ചെയിന്‍ നിങ്ങളുടെ ബിസിനസിലും ഉപയോഗിക്കാം

ഡിജിറ്റല്‍ ഇടപാട് രംഗത്തെ പുതുതരംഗമായ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ബിസിനസ്സ് മേഖലയിലേക്ക് വ്യാപിക്കുന്നു.കമ്പനികളും വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള സഹകരണവും ആശയ വിനിമയവുമാണ് ഒരു ബിസിനസിന്റെ വിജയം നിര്‍ണയിക്കുന്നത്.ഈ ഘടകങ്ങളുടെ ഏകോപനം ലളിതമാക്കാന്‍ ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുന്നു എന്നതാണ് ഈ സാങ്കേതിക വിദ്യയെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്.

ഉല്പന്ന നിര്‍മ്മാണ വിതരണ പ്രക്രിയകളില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍, മാനേജര്‍മാര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ തുല്യമായ സഹകരണം ആവശ്യമാണ്. ഇവരുമായുള്ള ആശയവിനിമയവും ഇടപാടുകളും കോവിഡ് കാലത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത് ബിസിനസ് മേഖലയെ സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളിലേക്കെത്തിച്ചു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ മാത്രം കണ്ടുശീലിച്ച ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ബിസിനസ് രംഗങ്ങളിലും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ബിസിനസ് മേഖലയിലെ വിഭിന്ന പ്രവര്‍ത്തനങ്ങളുടെ സഹകരണത്തിനും ഏകോപനത്തിനും അനുയോജ്യമായ മാധ്യമമാണ് ബ്ലോക്ക്‌ചെയിനുകള്‍.വ്യവസായമേഖലയിലെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും പങ്കിട്ട വിവരങ്ങളില്‍ ഇടപാടുകാരുമായി സംയുക്ത നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുമുള്ള ഡിജിറ്റല്‍ ലെഡ്ജറുകളാണ് ബ്ലോക്ക് ചെയിനുകള്‍.വിശ്വാസ്യതയും സുതാര്യതയുമാണ് ബ്ലോക്ക് ചെയിനുകളുടെ പ്രധാന സവിശേഷത. കക്ഷികളുടെ അറിവോ അംഗീകാരമോ കൂടാതെ ലെഡ്ജറിലെ ഉള്ളടക്കങ്ങള്‍ തിരുത്താന്‍ സാധിക്കാത്തവിധം ആണ് ബ്ലോക്ക് ചെയിനുകളുടെ രൂപകല്പന നടത്തിയിട്ടുള്ളത്.

പങ്കാളികളെ തെരഞ്ഞെടുക്കുന്നതിലും,കരാര്‍ രൂപീകരണത്തിനും,ഉല്‍പാദന വിതരണ രംഗത്തും ഉള്‍പ്പെടെയുള്ള ഓരോ ഘട്ടത്തിലും ബ്ലോക്ക് ചെയിനുകള്‍ ഇടപെടുന്നു.ബിസിനസ് പങ്കാളികളുമായുള്ള കരാറുകളിലും, വ്യവസ്ഥകളിലുമുള്ള പ്രശ്‌നങ്ങള്‍ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ നിയമപോരാട്ടങ്ങളിലേക്കെത്തുന്നത് സാധാരണയാണ്. എന്നാല്‍ വളരെ സങ്കീര്‍ണമായ വ്യവസ്ഥകള്‍ പോലും ലളിതമായും സുതാര്യമായും നടപ്പാക്കാന്‍ ബ്ലോക്ക് ചെയിനുകള്‍ക്ക് സാധിക്കും. ഇതിനായി സ്മാര്‍ട്ട് കരാറുകളാണ് ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നത്.

കോടതിയേയോ സാമൂഹിക ഉപരോധത്തെയോ ആശ്രയിക്കാതെ സ്വയംഭരണാധികാരമുള്ള ഒരു നിയമവ്യവസ്ഥയിലാണ് പൊതുവേ ബ്ലോക്ക് ചെയിന്‍ കരാറുകള്‍ നടപ്പാക്കുന്നത്. ഒരു കൂട്ടം പ്രോട്ടോക്കോളുകളാണ് ഇതിന്റെ അടിസ്ഥാനം.

സ്മാര്‍ട്ട് കരാറുകള്‍ എല്ലാ കക്ഷികള്‍ക്കും സമാനമായ വിവരങ്ങള്‍ നല്‍കുകയും,വിശ്വാസ്യത ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ പങ്കാളികളികള്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യതയും ബ്ലോക്ക് ചെയിനുകള്‍ ഇല്ലാതാക്കുന്നു. സത്യസന്ധമല്ലാത്ത പങ്കാളികള്‍ ബ്ലോക്ക് ചെയിന്‍ പിന്തുണക്കുന്ന കരാറില്‍ പ്രവേശിക്കാന്‍ വിമുഖത കാണിക്കും.

സമീപ വര്‍ഷങ്ങളില്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം, ആരോഗ്യ പരിരക്ഷ, വിനോദം, കല, ഇന്‍ഷുറന്‍സ്, ധനകാര്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സഹകരണം സംഘടിപ്പിക്കുന്നതിന് ബ്ലോക്ക്‌ചെയിനുകള്‍ വിജയകരമായി പ്രയോഗിക്കപ്പെട്ടേക്കും.

അന്തര്‍ദേശീയ വ്യാപാര ഇടപാടുകളില്‍ ചരക്ക് നീക്കത്തിലെ ഡോക്യുമെന്റേഷനിലുള്ള സങ്കീര്‍ണതകള്‍ മാറ്റി വ്യാപാരികള്‍ക്ക് തങ്ങളുടെ ചരക്കുഗതാഗതം സുഗമമാക്കാനും ബ്ലോക്ക്‌ചെയിനുകള്‍ ഫലപ്രദമായി ഉപയോഗിക്കാം. ചരക്ക് കൈമാറ്റത്തോടൊപ്പം വിവരങ്ങളുടെ കൈമാറ്റവും നടക്കുന്നു. രാജ്യാതിര്‍ത്തിയില്‍ ഉള്ള പരിശോധനകളും വാങ്ങുന്നവര്‍, ഇടനിലക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കവും ഈ സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാനാവും.

ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ കമ്പനികള്‍ക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.മനുഷ്യ ഭാഷയില്‍ നിന്ന് വ്യത്യസ്തമായി, സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ജീവനക്കാര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുള്ള മെഷീന്‍ ഭാഷയെ അടിസ്ഥാനമാക്കിയാണ് ബ്ലോക്ക്‌ചെയിനുകളുടെ പ്രവര്‍ത്തനം.

ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സഹകരണത്തിനായി കമ്പനികള്‍ വ്യത്യസ്ത കഴിവുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കരാറുകളുടെ ഉപയോഗത്തില്‍ നിര്‍ണായകമായ നിയമ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, സ്മാര്‍ട്ട് കരാറുകളിലെ നിര്‍ദ്ദിഷ്ട പ്രോഗ്രാമിംഗ് ഭാഷ വായിക്കാനും മനസിലാക്കാനും കഴിയുന്ന പ്രൊഫഷണല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ കമ്പനികള്‍ നിയമിക്കേണ്ടതുണ്ട്.

സഹകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ബ്ലോക്ക്‌ചെയിനുകള്‍ പ്രയോഗിക്കുന്നതിന്റെ വിജയത്തിന് ബിസിനസ്സ് ടീമും സാങ്കേതിക വിദഗ്ധരും തമ്മിലുള്ള സുഗമമായ ഏകോപനം നിര്‍ണായകമാകും.

ലോകമെമ്പാടും ബ്ലോക്ക് ചെയിനുകള്‍ നിരവധി സ്ഥാപനങ്ങളില്‍ സഹകരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നണ്ട്. ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നാണ് സാങ്കേതിക ശാസ്ത്രലോകം നല്‍കുന്ന സൂചന.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it