ഇൻസ്റ്റാഗ്രാമിനെ വിലകുറച്ച് കാണേണ്ട; ഇത് എസ്എംഇകൾക്ക് വേണ്ട സോഷ്യൽ മീഡിയ ടൂൾ

ഇൻസ്റ്റാഗ്രാമിനെ വിലകുറച്ച് കാണേണ്ട; ഇത് എസ്എംഇകൾക്ക് വേണ്ട സോഷ്യൽ മീഡിയ ടൂൾ
Published on

സിമ്പിൾ ആണ്, പക്ഷെ പവർഫുള്ളാണ് ഇൻസ്റ്റാഗ്രാം. നിങ്ങൾ ഒരു ചെറുകിട സംരംഭകനാണെങ്കിൽ കൈവശം നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സോഷ്യൽ മീഡിയ ടൂൾ ആണിത്. ഉല്പന്നം എന്തുതന്നെയായാലും പ്രശ്നമില്ല. ഇൻസ്റ്റാഗ്രാമിൽ എല്ലാവർക്കുമുള്ള അവസരങ്ങൾ ഉണ്ട്.

എന്തുകൊണ്ട് ഇൻസ്റ്റാഗ്രാം?

ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരിൽ 90 ശതമാനം പേരും 35 വയസിൽ താഴെ ഉള്ളവരാണ്. ഈ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ സാന്നിധ്യമുള്ള മുൻനിര ബ്രാൻഡുകൾക്കും ബിസിനസുകൾക്കും നാല് ശതമാനത്തിൽ കുറയാത്ത എൻഗേജ്മെന്റ് റേറ്റ് ഉണ്ട്. ഇത് ഫേസ്ബുക്കിനേക്കാളും മറ്റ് സോഷ്യൽ മീഡിയകളെക്കാളും വളരെ കൂടുതലാണ്. ഇതിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം ഈ വർഷം 100 കോടി കടന്നു.

പ്രധാനമായും ഫോട്ടോകളും വിഡിയോകളും പങ്കുവെയ്ക്കുവാനുള്ള ഒരു പ്ലാറ്റ് ഫോമാണ് ഇൻസ്റ്റാഗ്രാം. ഇത് കൂടുതലും ഒരു മൊബീൽ അധിഷ്ഠിത ആപ്പ് ആണ്.

ഇൻസ്റ്റാഗ്രാമിനെ എങ്ങനെ സമീപിക്കണം?

ഒരു ഇൻസ്റ്റാഗ്രാം എക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം നിങ്ങളുടെ മറ്റ് സോഷ്യൽ മീഡിയ എക്കൗണ്ടുകളുമായും കമ്പനി വെബ്സൈറ്റുമായും ഇതിനെ ബന്ധിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് എക്കൗണ്ടുകളിലുള്ള ഫോളോവേർസിനെ നിങ്ങളുടെ പുതിയ ഇൻസ്റ്റാഗ്രാം എക്കൗണ്ടിലേയ്ക്ക് ആകർഷിക്കാൻ കഴിയും.മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാനും സാധിക്കും.

ഇൻസ്റ്റാഗ്രാമിൽ നല്ലൊരു കമ്പനി ബയോ എഴുതി തയ്യാറാക്കുകയാണ് അടുത്ത പടി. അതിനൊപ്പം കോൺടാക്ട് വിവരങ്ങൾ, കമ്പനി വെബ്സൈറ്റ് ലിങ്ക് എന്നിവകൂടി നൽകാം. ലിങ്ക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം: https://bitly.com പോലുള്ള URL ചെറുതാക്കാനുള്ള ടൂളുകൾ ഉപയോഗിക്കുക. ഇതിലൂടെ നീണ്ട യുആർഎൽ ഒഴിവാക്കാം.

ഇൻസ്റ്റാഗ്രാം സ്റ്റോറീസ് 

വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫീച്ചർ ആണ് ഇൻസ്റ്റാഗ്രാം സ്റ്റോറീസ്. ഒന്നിലധികം ഫോട്ടോകളും വീഡിയോകളും കൂട്ടിയിണക്കി ഒരു 'സ്റ്റോറി' അഥവാ ഒരു നല്ല കഥ പോലെ ഒരു സന്ദേശം  അവതരിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന സംവിധാനമാണിത്. ടാക്കോ ബെൽ പോലുള്ള ബ്രാൻഡുകൾ വളരെ ഫലപ്രദമായി ഇൻസ്റ്റാഗ്രാം സ്റ്റോറീസ് ഉപയോഗിക്കുന്നുണ്ട്. ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷം തനിയെ ഡിലീറ്റ് ആയി പോകുന്നവയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറീസ്.

ഹാഷ്ടാഗുകൾ 

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെപ്പോലെ തന്നെ നിങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്കൊപ്പവും ഹാഷ്ടാഗുകൾ ഉപയോഗിക്കാം. അവ കൃത്യമായി നിങ്ങളുടെ ടാർഗറ്റ് ഓഡിയൻസിനെ നിങ്ങളിലേക്ക് എത്തിക്കും. നിങ്ങളുടെ പോസ്റ്റിന് അനുയോജ്യമായതായിരിക്കണം ഹാഷ്ടാഗുകൾ. ഏറ്റവും ജനപ്രിയമായ ഹാഷ്ടാഗുകൾ പിന്തുടരുകയും അവയ്ക്ക് യോജിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ തയ്യാറാക്കുകയും ചെയ്യാം.

കമന്റുകൾ 

പോസ്റ്റ് ഇട്ടശേഷം അത് മറക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ പോസ്റ്റുകൾക്ക് വരുന്ന മറുപടികളും അഭിപ്രായങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പറ്റുമെങ്കിൽ അവയ്ക്ക് മറുപടി നൽകുകയും ചെയ്യുന്നത് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാൻ സഹായിക്കും.

വിഡിയോകൾ കൂടുതൽ ഫലപ്രദം 

നിങ്ങളുടെ കമ്പനിയേയോ ഉല്പന്നത്തെയോ സംബന്ധിക്കുന്ന വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം. എത്ര കൂടുതൽ വിഡിയോകൾ ഇടാൻ സാധിക്കുന്നുവോ അത്രയും നല്ലതാണ്. നിങ്ങളുടെ ഫോണും അല്പം ക്രീയേറ്റിവിറ്റിയും കൂടി ചേർന്നാൽ എളുപ്പം ചെയ്യാവുന്ന കാര്യമാണിത്. ഒരു മിനിറ്റാണ് വീഡിയോകളുടെ ദൈർഘ്യം. കൂടുതൽ ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് സഹായിക്കുന്ന ഫോർമാറ്റ് ഉടൻ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇൻസ്റ്റാഗ്രാം താരങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക 

നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനുള്ള എളുപ്പവഴിയാണിത്. ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവരെക്കൊണ്ട് നിങ്ങളുടെ കമ്പനിയുടെയോ ഉല്പന്നത്തിന്റെയോ പേര് പ്രചരിപ്പിക്കണം. അവരുമായി ഒരു പാർട്ണർഷിപ് ഉണ്ടാക്കിയെടുക്കണം.

ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകുക 

ഇന്റ്റഗ്രാമിന്റെ 'ഷോപ് നൗ' ഫീച്ചർ ഉപയോഗിച്ച് പരസ്യം നൽകാം. 10 ലക്ഷത്തിലധികം കമ്പനികൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പരസ്യം ചെയ്യുന്നവരുണ്ട്. പരസ്യവുമായുള്ള ഉപയോക്താക്കളുടെ എൻഗേജ്മെന്റ് മറ്റ് സോഷ്യൽ മീഡിയകളേക്കാൾ കൂടുതൽ ഇൻസ്റ്റാഗ്രാമിൽ ആണെന്ന് പല സർവെകളും തെളിയിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com