Begin typing your search above and press return to search.
നിങ്ങളുടെ ബിസിനസ് ആരോഗ്യമുള്ളതാണോ?
ഇന്ന് പല സംരംഭകരും സാധാരണയായി ഉന്നയിക്കുന്ന ചോദ്യമാണ് തങ്ങളുടെ സംരംഭം ആരോഗ്യമുള്ളതാണോ എന്ന്.
ലിവറേജ് (വായ്പകള്‍), ഉല്‍പ്പാദനക്ഷമത, മാര്‍ക്കറ്റിംഗ് സംവിധാനത്തിന്റെ ശക്തി തുടങ്ങി ഒരു ബിസിനസിന്റെ ആരോഗ്യം നിര്‍വചിക്കാന്‍ ഉപയോഗിക്കാവുന്ന നിരവധി അളവുകോലുകളെ കുറിച്ച് മുന്‍ ലേഖനങ്ങളില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ബിസിനസിന്റെ ആരോഗ്യം അളക്കാന്‍ യഥാര്‍ത്ഥ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു അളവുകോല്‍ അടുത്തിടെ ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത് വിശദമാക്കാം.
കേരളത്തിലെ മിക്ക വ്യവസായങ്ങളും 2021 ഡിസംബറില്‍ മികച്ച വില്‍പ്പനയാണ് നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള നാല് മാസങ്ങളില്‍- 2022 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍-വില്‍പ്പന വളരെ മോശമായിരുന്നു.
ഈ നാലു മാസങ്ങളില്‍ ശരാശരി പ്രതിമാസ വില്‍പ്പന 2021 ഡിസംബറിനെ അപേക്ഷിച്ച് പല മേഖലകളിലും 25 മുതല്‍ 50 ശതമാനം വരെ കുറവായിരുന്നു. ഈ നാലു മാസങ്ങളിലും വില്‍പ്പന കുറയാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഡനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഒമിക്രോണ്‍ തരംഗമായിരുന്നു. മാര്‍ച്ച് ഓഫ് സീസണും ഏപ്രിലില്‍ റംസാനും.
നാലു മാസത്തെ മോശം വില്‍പ്പനക്കാലത്തിനു ശേഷം 2022 ല്‍ മേയില്‍ മിക്ക മേഖലകളും തരക്കേടില്ലാത്ത വില്‍പ്പന വീണ്ടെടുത്തു.
എന്നിരുന്നാലും, ഫിഗര്‍ ഒന്നില്‍ കാണുന്നതു പോലെ ഓരോ വ്യവസായ മേഖലകളിലുമുള്ള വ്യത്യസ്ത ബിസിനസുകള്‍ക്ക് 2022 മേയില്‍ വ്യത്യസ്ത വില്‍പ്പന പാറ്റേണുകളുണ്ടായിരുന്നു.
ചില ബിസിനസുകള്‍ക്ക് 2022 മേയ് മാസത്തില്‍ 2021 ഡിസംബറിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പന നേടാനായി. അവയെ ശക്തമായ ബിസിനസ് എന്ന് തരംതിരിക്കാം. മറ്റു ബിസിനസുകള്‍ക്ക് 2021 ഡിസംബറിനെ അപേക്ഷിച്ച് അല്‍പ്പം വില്‍പ്പന കുറഞ്ഞു. ശരാശരി ബിസിനസ് ആയി അവയെ കണക്കാക്കാം.
നിര്‍ഭാഗ്യവശാല്‍, പല ബിസിനസുകള്‍ക്കും കഴിഞ്ഞ നാലു മാസത്തേക്കാള്‍ കൂടുതല്‍ വില്‍പ്പന നേടാനായെങ്കിലും 2021 ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പന വളരെ കുറവാണ്. ഇവയെ ദുര്‍ബലമായ ബിസിനസ് എന്ന് വിശേഷിപ്പിക്കാം.
അടുത്ത 1-2 വര്‍ഷങ്ങളില്‍ കൂടി വിപണി മോശമായി തുടരുമെന്ന് കരുതുന്നതിനാല്‍ ശക്തമായ ബിസിനസുകള്‍ തങ്ങളുടെ മേഖലയില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നതിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്.
ചുരുങ്ങിക്കൊണ്ടിരിക്കുന്ന വിപണിയില്‍ മികച്ച വില്‍പ്പന നേടാന്‍ കരുത്തുറ്റ വിപണന സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതു പോലുള്ള ശരിയായ നടപടികള്‍ക്കായുള്ള ശ്രമം ശരാശരി ബിസിനസ് ഇരട്ടിപ്പിക്കണം. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെ ലാഭകരമാകാനും വായ്പകള്‍ കുറച്ചു കൊണ്ടുവരാനുമാകും. അതിലൂടെ ശക്തമായ ബിസിനസായി മാറാനും അവര്‍ക്കാകും.
ദുര്‍ബലമായ ബിസിനസുകള്‍, നഷ്ടം നികത്തുന്നതിന് വായ്പ വര്‍ധിപ്പിക്കുന്നതു പോലുള്ള തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കുകയാണ് വേണ്ടത്. അടുത്ത 1-2 വര്‍ഷം അതിജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
പല ബിസിനസുകളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അടച്ചു പൂട്ടി. ശ്രമകരമായ ഈ സമയത്ത് ശരിയായ നടപടി എടുക്കാനുള്ള സംരംഭകര്‍ക്കുള്ള മുന്നറിയിപ്പാണിത്.
Next Story
Videos