ജീവിതത്തിലും ബിസിനസിലും പിന്തുടരാം ജെഫ് ബെസോസിന്റെ 3 വിജയമന്ത്രങ്ങള്‍

ആഗോള ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് കമ്പനിയുടെ സിഇഒ സ്ഥാനം ഇന്നൊഴിഞ്ഞു. തന്റെ സ്വന്തം പേടകത്തില്‍ ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ജൂലൈ 5ന് സ്ഥാനമൊഴിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 20 നാണ് മറ്റു രണ്ടു പേര്‍ക്കൊപ്പം ബെസോസ് ബഹിരാകാശ യാത്ര പോകുന്നത്. ഇതൊരു വിരമിക്കലല്ല, മറ്റ് ആഗ്രഹങ്ങളിലും സംരംഭങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കാനാണ് താന്‍ സ്ഥാനമൊഴിയുന്നതെന്നായിരുന്നു ആമസോണില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുമെന്നും ബെസോസ് അറിയിച്ചിരുന്നു. കമ്പനിയുടെ വെബ് സര്‍വീസസ് വിഭാഗം മേധാവിയായ ആന്‍ഡി ജസിയാണ് കമ്പനിയുടെ സിഇഒ പദവി വഹിക്കുക.

57 വയസുകാരനായ ബെസോസിന്റെ ജീവിതം ഏതൊരു തുടക്കക്കാരെയും ആവേശം കൊള്ളിക്കുന്നതാണ്. 1995 ല്‍ ഓണ്‍ലൈന്‍ പുസ്തക വില്‍പനശാലയായി ആരംഭിച്ച ആമസോണ്‍ ഇന്ന് ലോകത്തിലെ ഏറ്റവും ആസ്തിയുള്ള കമ്പനികളുടെ പട്ടികയില്‍ .7 ലക്ഷം കോടി ഡോളറുമായി മുന്‍നിരയിലാണ്. ആമസോണിലെ ബെസോസിന്റെ ആസ്തി മാത്രം 19,700 കോടി ഡോളറാണെന്നാണ് ബ്ലൂംബെര്‍ഗ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസും വാഷിംഗ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിംഗ്ടണ്‍ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്.
വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകള്‍ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബെസോസ്. സംരംഭത്തിലും ജീവിതത്തിലും വ്യത്യസ്ത ചിന്താഗതി കൊണ്ട് 30 ാം വയസ്സില്‍ തുടങ്ങിയ വിജയ ചരിത്രം ഇപ്പോഴും ബെസോസ് തുടരുന്നു. ജീവിതത്തിലും ബിസിനസിലും പിന്തുടര്‍ന്ന ബെസോസിന്റെ വിജയ മന്ത്രങ്ങളില്‍ അദ്ദേഹം തന്നെ ചിലത് ലോകത്തോട് പങ്കുവച്ചിട്ടുണ്ട് മുമ്പ്. അതില്‍ ചിലത് കാണാം.
മൂല്യം സൃഷ്ടിച്ചുകൊണ്ടേ ഇരിക്കണം
ഏതൊരു ബിസിനസുമാകട്ടേ, അത് സ്പര്‍ശിക്കുന്ന ഓരോ വ്യക്തിയിലും മൂല്യം സൃഷ്ടിച്ചില്ലെങ്കില്‍, ബിസിനസ് വിജയമാണെന്ന് കണ്ടാല്‍ പോലും അത് ഇപ്പോഴത്തെ ലോകത്ത് ദീര്‍ഘകാലം നിലനില്‍ക്കില്ല.
ക്രിയേറ്റ് മോര്‍ ദാന്‍ യു കണ്‍സ്യൂം
ബിസിനസിലും ജീവിതത്തിലും വിജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉപഭോഗം ചെയ്യുന്നതിന്റെ ഇരട്ടി തിരികെ നല്‍കണമെന്നാണ് ബെസോസിന്റെ മന്ത്രം. സ്‌നേഹം ഇരട്ടിയായി നല്‍കാന്‍ കഴിയുന്നത്‌പോലെ പ്രകൃതിയില്‍ നിന്നും എടുക്കുന്നവ തിരികെ ഉത്തരവാദിത്ത ബോധത്തോടെ നല്‍കാന്‍ സംരംഭകന്‍ ശ്രദ്ധാലുവായിരിക്കണം.
സ്വയം ചോദിക്കുക
ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും പഠിക്കുക. ചെയ്യാനുള്ള ആത്മവിശ്വാമുണ്ടോ എന്ന് സ്വയം ചോദിക്കുക, പിന്നീട് പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല.
ബെസോസിന്റെ ബഹിരാകാശ യാത്ര
ബെസോസിന്റെ തന്നെ കമ്പനിയായ ബ്ലൂ ഒറിജിന്‍ നിര്‍മിച്ച ബഹിരാകാശ വാഹനമായ ന്യൂ ഷെപ്പേര്‍ഡിന്റെ ആദ്യത്തെ യാത്രികനായി ബഹിരാകാശത്തേക്ക് പറക്കും. ജൂലൈ 20 നാണ് ഫ്ലൈറ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബെസോസിന്റെ ഇളയ സഹോദരന്‍ മാര്‍ക്ക് ബെസോസും യാത്രയില്‍ ചേരും. തനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ ബഹിരാകാശത്തേക്ക് പോകണമെന്ന് സ്വപ്നം കണ്ടിരുന്നു. ജൂലൈ 20 ന് സഹോദരനോടൊപ്പം ആ യാത്ര നടത്തും. ജീവിതത്തിലെ ഏറ്റവും വലിയ സാഹസികത. ബെസോസ് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it