സങ്കടങ്ങളില്‍ നിന്ന് ഓടി മാറുന്നതല്ല കരുത്ത്; ഒരു ലീഡര്‍ ആദ്യം മനുഷ്യനാവുക

സുഹൃത്ത് അജിത്തിനോട് ഓഫീസ് സമയം കഴിഞ്ഞ് വൈകീട്ട് കാണാമെന്ന് പറഞ്ഞ ദിവസമായിരുന്നു അത്. പക്ഷേ ഓഫീസില്‍ നിന്നിറങ്ങാന്‍ ഏറെ വൈകി. എന്റെ സഹപ്രവര്‍ത്തകന്‍ വല്ലാത്ത ഒരു സങ്കടഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. അദ്ദേഹത്തെ സമാശ്വസിപ്പിക്കാന്‍ കൂടെ ഇരിക്കേണ്ടി വന്നു.

''എന്തിനാണിങ്ങനെ മറ്റുള്ളവരുടെ സങ്കടത്തിനൊപ്പം ഏറെ നേരം ചേര്‍ന്നുനില്‍ക്കുന്നത്. സങ്കടാവസ്ഥ കാര്യമാക്കാതെ കരുത്തോടെ മുന്നോട്ട് പോകാന്‍ പറഞ്ഞാല്‍ പോരെ,'' വൈകിയതിന്റെ കാരണം പറഞ്ഞപ്പോള്‍ അജിത്തിന്റെ മറുപടി ഇതായിരുന്നു. നിങ്ങള്‍ ഒരു ലീഡറല്ലേ? കരുത്തനും ശക്തനുമായ വ്യക്തിയെന്ന പ്രതിച്ഛായയോടെയല്ലേ ടീമിന് മുന്നില്‍ എന്നും നില്‍ക്കേണ്ടത്. അല്ലാതെ ടീമിലെ ഒരാള്‍ സങ്കടപ്പെടുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് ദുര്‍ബലനാകുകയാണോ വേണ്ടത്? അജിത്തിന്റെ സംശയങ്ങള്‍ തീരുന്നേ ഇല്ല.

മുഖം തിരിക്കുന്നതല്ല, ചേര്‍ന്നുനില്‍ക്കുന്നതാണ് കരുത്ത്

സങ്കടം പറയുന്നവരില്‍ നിന്ന് അതിവേഗം ഓടി മാറുന്നതല്ല കരുത്തിന്റെ ലക്ഷണം. മറിച്ച് അവരുമായി താദാത്മ്യം പ്രാപിച്ച്, അവര്‍ കടന്നുപോകുന്ന അവസ്ഥ സ്വന്തം ജീവിതത്തില്‍ വന്നാല്‍ എത്രമാത്രം സങ്കടമുണ്ടാകുമെന്ന് സ്വയം അനുഭവിച്ചറിഞ്ഞ്, അത്തരം സാഹചര്യങ്ങളില്‍ നാം അനുഭവിച്ചേക്കാവുന്ന നിസ്സഹായാവസ്ഥയും സങ്കടവും മറയില്ലാതെ തുറന്നു കാണിച്ച് ചേര്‍ന്നിരിക്കുകയാണ് വേണ്ടത്. അതിനാണ് ധൈര്യം കാണിക്കേണ്ടതും.

എന്റെ ഈ പ്രതികരണം കേട്ടതോടെ അജിത്തിന്റെ സംശയം മറ്റൊന്നായി. ''തലപ്പത്ത് ഇരിക്കുന്ന ഒരാള്‍ ഒരു തൊട്ടാവാടിയാണെന്ന ധാരണ ടീമംഗങ്ങളില്‍ വരുന്നത് തെറ്റായ കാര്യമല്ലേ? സൈന്യാധിപന്‍ തളര്‍ന്നാല്‍ പട്ടാളക്കാരുടെ ശക്തി ചോരില്ലേ?

ലോകം മാറുകയാണ്. എല്ലാം ഒരുതരം യുദ്ധത്തിന് തുല്യമായി കാണുന്നത് തീര്‍ച്ചയായും നമ്മള്‍ നിര്‍ത്തണം. ബുദ്ധസിദ്ധാന്തപ്രകാരം ദുഃഖം അല്ലെങ്കില്‍ യാതന മനുഷ്യജീവിതത്തിന്റെ മൂന്ന് അനിവാര്യതകളിലൊന്നാണ്. പിന്നെ എന്തിന് നാം അതിനെ അവഗണിച്ച് 'ടോക്‌സിക് പോസിറ്റിവിറ്റി' തന്നെ സദാ പുലര്‍ത്തണം. നമ്മുടെ ജീവിതത്തില്‍ സങ്കടങ്ങളും സന്തോഷങ്ങളുമുണ്ടാകും. അതൊരു സാധാരണ കാര്യമാണ്. ഒരാള്‍ എല്ലായ്‌പ്പോഴും പോസിറ്റീവായും മോട്ടിവേഷനോടെയും ഇരിക്കണമെന്ന് വിശ്വസിക്കുന്നത് തന്നെ അബദ്ധമാണ്.

ധാരണകള്‍ മാറണം

നല്ലൊരു നേതൃത്വം എന്നാല്‍ മാനുഷികമായ വികാരങ്ങളില്ലാതെ ചങ്കുറപ്പോടെ നില്‍ക്കുന്ന ഒന്നാണെന്ന ധാരണ പൊതുസമൂഹം തന്നെ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. പല കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങളിലും നേതൃനിരയിലുള്ളവര്‍ ആ വിധം തന്നെ പെരുമാറണമെന്ന ശൈലി തന്നെയുണ്ട്. നാം മനസിലാക്കേണ്ട കാര്യമുണ്ട്. ദിനംപ്രതി കൂടുതല്‍ ലോലമായിക്കൊണ്ടിരിക്കുന്ന മനുഷ്യരുമായാണ് നാം ഇടപെട്ടുകൊണ്ടിരിക്കുന്നത്. അവരോട് സഹാനുഭൂതിയോടെ ചേര്‍ന്ന് നില്‍ക്കുന്നത് ബന്ധങ്ങള്‍ ശക്തമാക്കുകയേ ഉള്ളൂ. നമ്മുടെ ഉള്ളിലെ മനുഷ്യനാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. ഒരു പ്രസ്ഥാനത്തിലുള്ളവരെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മനസോടെ പ്രവര്‍ത്തിക്കാന്‍ ആദ്യം ഒരു ലീഡര്‍ ചെയ്യേണ്ടത് മനുഷ്യനാകുക എന്നതാണ്.

(ധനം ബിസിനസ് മാഗസിന്‍ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles
Next Story
Videos
Share it